വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ച. വിഷ വാതകം ശ്വസിച്ച് ഒരു കുട്ടി അടക്കം ആറ് പേര് മരിച്ചു. 20 ഓളം പേര് ഗുരുതരാവസ്ഥയില്‍. വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത്.
നിരവധി പേര് ബോധരഹിതരായി. 200 ഓളം പേരെ ഇതിനകം ആശുപത്രിയിലേക്ക് മാറ്റി. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം പരന്നതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ പോലീസും അധികൃതരും ചേര്‍ന്ന് ഒഴിപ്പിക്കുകയാണ്. ലോക് ഡൗണിനെ തുടര്‍ന്ന് അടച്ച കമ്പനി ഇന്നലെയാണ് തുറന്നത്. കമ്പനിയില്‍ നിന്നും സ്റ്റെറീന്‍ വാതകമാണ് ചോര്‍ന്നത്.
കമ്പനിയുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നതിമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെയാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത്. ഇപ്പോള്‍ അഞ്ച് കിലോമീറ്റര്‍ ദൂരെ വരെ വിഷവാതകം പരന്നെത്തിയിട്ടുണ്ട്. വിഷവാതക ചോര്‍ച്ച ഇതുവരെയും നിയന്ത്രണവിധേയമായിട്ടില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്കരമാക്കിയിട്ടുണ്ട്. അതേസമയം പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടും പ്ലാന്റിന് സമീപത്തെ ജനങ്ങളില്‍ നിന്നും പ്രതികരണം ഉണ്ടാകാത്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ബോധരഹിതരായി കിടക്കുകയാണെന്ന ആശങ്കയാണ് ഉയരുന്നത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങി വന്ന ആളുകളെ ആശുപത്രിയിലെത്തിക്കുന്നുണ്ട്. തെരുവുകളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബോധരഹിതരായി കിടക്കുന്നുണ്ട്.
ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തെരുവുകളാണ് ഫാക്ടറികളുടെ സമീപ പ്രദേശങ്ങളില്‍ ഉള്ളത്. മാത്രമല്ല ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത് എന്നത് വലിയ ആശങ്കക്കും ഇടയാക്കുന്നുണ്ട്. കാരണം 2000 മെട്രിക് ടണിലധികം രാസവസതുക്കള്‍ കമ്പനിയില്‍ ഉണ്ടായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: