വീടിന്റെ അളവുകള്‍, സ്ഥാനം, ദ്രവ്യങ്ങള്‍, നിര്‍മാണം എന്നിവയോളം പ്രാധാന്യമുള്ളതാണ് വീടിന്റെ ആകൃതിയും. വാസ്തുപുരുഷമണ്ഡല പ്രകാരവും അനുപാതികവും സമമിതിയിലുമുള്ള ആകൃതികളാണ് വീടിനു ഏറ്റവും യോജിച്ചത്. ഇപ്രകാരം ചതുരാകൃതിയാണ് വീടുകള്‍ക്ക് സ്വീകരിക്കാവുന്നതില്‍ ഏറ്റവും ഉത്തമമായത്. ദീര്‍ഘ വിസ്താരങ്ങള്‍ തമ്മിലുള്ള അനുപാതം 1:1.25, 1:1.5 ആയിട്ടുള്ള പാദാധികമോ അര്ദ്ധാധികമോ ആയ ഗുണാംശ വിസ്താരത്തോടു കൂടിയവയാണ് സ്വീകാര്യമായിട്ടുള്ളത്. സമചതുരം മൂന്ന്, അഞ്ച് കോണുകളുള്ളവ, വൃത്തം, ഷട്കോണ്, അഷ്ടകോണ്‍ ആകൃതികളും ഗൃഹനിര്മാണത്തിനുചിതമല്ല. എന്നാല്‍ മേല്‍ പറഞ്ഞ ആകൃതികളില്‍ സമചതുരം, വൃത്തം, ഷട്കോണ്, അഷ്ടകോണ്‍ എന്നിവയെല്ലാം ദേവാലയ നിര്‍മാണത്തിനു സ്വീകരിക്കാവുന്നതുമാണ്.
ചതുരാകൃതിയുള്ള വീടുകള്‍ക്ക് തന്നെ അനാവശ്യമായ നീട്ടലുകളോ കുറച്ചിലുകളോ യോജിച്ചതല്ല. ‘അവികലപുരുഷേ വസതാം മാനാര്‍ത്ഥയുതാനി സൗഖ്യാനി’ എന്ന പ്രമാണമനുസരിച്ചു വാസ്തുപുരുഷന്റെ അവികലത്വം ഉറപ്പു വരുത്തണം. വാസ്തുപുരുഷ അവയവ സങ്കല്പത്തിലുള്ള ഗൃഹഭാഗങ്ങള്ക്കുണ്ടാകുന്ന ഹാനി ഗൃഹവാസികള്‍ക്ക് ദോഷകരമാണ്. അതിനാല്‍ അവയവങ്ങളുടെ പ്രാധാന്യം അനുസരിച്ചുള്ള ശ്രദ്ധ നിര്‍മാണത്തിന് സ്വീകരിക്കണം. അവയവകല്പനയില്‍ തന്നെ തെക്കുപടിഞ്ഞാറ് ഭാഗമായ ചരണ ഭാഗവും വടക്കു കിഴക്കുള്ള ശിരോഭാഗവും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ആ ഭാഗങ്ങളുടെ അഭാവമോ അലോസരമോ ഗൃഹവാസികള്‍ക്കു ഗുണകരമല്ല എന്ന് സാരം. ഗൃഹങ്ങള്‍ക്ക് തെക്കോട്ടോ പടിഞ്ഞാറോട്ടോ ഉള്ള നീട്ടലുകളും ശാസ്ത്രം അനുവദിക്കുന്നില്ല. ദ്വിശാലത്രിശാല സങ്കല്‍പ്പങ്ങള്‍ക്ക് പോലും ഈ ദിക്കുകളുടെ അലോസരം വന്നു കൂടാത്തതാണ്. അതിനാല്‍ വീടിനെ വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ദിശയെ പൂര്‍ണമായും പരിഗണിക്കണമെന്ന് ശാസ്ത്രം നിര്‍ദ്ദേശിക്കുന്നു. ‘ഇച്ഛെദ്യദി ഗൃഹവൃദ്ധിം തത്സമന്താത് വിവര്‍ധയേത് തുല്യം’ എന്നാണ് പ്രമാണം.
വീടിന്റ നിര്‍മാണ സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കി പ്രധാന ഗൃഹങ്ങള്‍ക്ക് വാസ്തു മണ്ഡലത്തെ കല്പ്പിച്ചുക്കൊള്ളണം. പ്രധാനാലയങ്ങള്ക്ക് മണ്ഡലസങ്കല്പം നിര്‍ബന്ധമായും പാലിക്കണം. ഉപാലയങ്ങള്‍ ചേര്‍ന്നു വരുന്നു എങ്കില്‍ പോലും തെക്കും പടിഞ്ഞാറും സ്വീകരിക്കാതിരിക്കുകയാണുചിതം. ആകൃതിയെ നിര്‍ണയിച്ചു വാസ്തു പുരുഷമണ്ഡലത്തെ വിന്യാസം ചെയ്ത് ബ്രഹ്മസ്ഥാനവും മര്മസ്ഥാനങ്ങളെയും സൂത്ര സ്ഥാനങ്ങളെയും നിര്‍ണയിച്ചു, ഭിത്തി, തൂണ് വേധങ്ങളില്ലാത്ത വിധം ഉള്മുറികള്ക്ക് സ്ഥാനം കല്പ്പിക്കണം. ഉള്‍മുറികള്‍ക്കും മുന്‍പ് പറഞ്ഞ ആകൃതി നിയമങ്ങള്‍ ബാധകമാണെന്നറിഞ്ഞു കൊള്ളണം.
ഗൃഹങ്ങള്ക്കെന്ന പോലെ തന്നെ പുരയിടങ്ങള്‍ക്കും പരമസായിക വാസ്തു മണ്ഡലാകൃതിയാണുചിതമായിട്ടുള്ളത്. അതുപ്രകാരം കൃത്യമായ ആകൃതി അനുസരിച്ചു വേണം ഗൃഹങ്ങളുമായി ബന്ധപ്പെട്ട മറ്റു ഉപനിര്‍മിതികള്‍ക്ക് സ്ഥാനം കല്പിക്കേണ്ടത്. ഗൃഹമണ്ഡലാകൃതിക്ക് അകത്തായി കിണര്‍, സെപ്റ്റിക് ടാങ്ക് പോലുള്ള മറ്റു ഉപനിര്‍മിതികള്‍ വരാതിരിക്കണം. ഇത്തരത്തില്‍ കൃത്യമല്ലാത്ത ആകൃതിയിലുള്ളവ ഗൃഹങ്ങളെയോ പുരയിടങ്ങളെയോ ഏറ്റവും സാധ്യമായ വാസ്തുമണ്ഡലാകൃതിയിലേക്ക് പുനര്നിര്ണയിക്കുന്നതാണ് സുഖവാസത്തിനനുയോജ്യമായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: