കോഴിക്കോട്: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ആദ്യഘട്ടത്തില്‍ ജില്ലയില്‍ സജ്ജമാക്കുന്നത് 567 ക്വാറന്റൈന് കേന്ദ്രങ്ങള്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുക. പ്രവാസികള്‍ കൂടുതലായി എത്തുന്ന ജില്ലയെന്ന നിലയിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. നഗരത്തിലും ഗ്രാമീണമേഖലകളിലുമായി ഹോട്ടലുകളിലും ലോഡ്ജുകളിലും ഗസ്റ്റ് ഹൗസുകളിലും അപ്പാര്‍ട്ടുമെന്റുകളിലും കോളേജ് ഹോസ്റ്റലുകളിലുമായാണ് താമസസൗകര്യങ്ങള്‍ ഒരുക്കുന്നത്.
ക്വാറന്റൈന് കേന്ദ്രങ്ങളുടെ നടത്തിപ്പിനായി മേല്നോട്ടസമിതികളുണ്ടാകും. വരുന്നവര്‍ ചെലവ് വഹിക്കാന്‍ തയ്യാറാകുന്നതിനനുസരിച്ചായിരിക്കും ഇവരെ എവിടെ താമസിപ്പിക്കണമെന്ന് തീരുമാനിക്കുക. തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളുടെ സേവനവും പ്രവാസികളുടെ ചികിത്സക്കായി ഉപയോഗപ്പെടുത്തും.
കോഴിക്കോട് കോര്‍പറേഷനിലാണ് കൂടുതല്‍ ക്വാറന്റൈന് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നത്. 35 ഓളം കെട്ടിടങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പത്തു കേന്ദ്രങ്ങളുടെ ചുമതല ഇന്നലെ രാവിലെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി ആവശ്യമായ സജ്ജീകരണങ്ങള്‍ ഉണ്ടോയെന്ന് വിലയിരുത്തി. ബാക്കി കേന്ദ്രങ്ങള്‍ പടിപടിയായി ക്രമീകരിക്കും. നഗരത്തിലെ പ്രധാനഹോട്ടലുകള്‍ അടക്കം ഇതില്‍പ്പെടും. ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ്, ഐഎംജി ഗസ്റ്റ് ഹൗസ്, കാലിക്കറ്റ് ഓര്‍ഫനേജ് ഹോസ്റ്റല്‍, നഗരത്തിലെ അഞ്ചു ഹോട്ടലുകള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ സജജീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ നീരീക്ഷണത്തിലാക്കുന്നതിനായി നഗരത്തിലെ മൂന്നു സ്വകാര്യ ആശുപത്രികളിലും ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്വാറന്റൈന് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ അവിടങ്ങളില്‍ ഉള്ള കുറച്ച് പേരെയെങ്കിലും മറ്റ് കേന്ദ്രങ്ങളില്‍ താമസിപ്പിക്കേണ്ടിവരും. കൂടുതല്‍ പേരെ ഒന്നിച്ച് താമസിപ്പിക്കാന്‍ കഴിയാത്ത സാഹചര്യവും ഗ്രാമപ്രദേശങ്ങളിലുണ്ട്. ചിലയിടങ്ങളില്‍ ആള്‍ത്താമസമില്ലാത്ത വീടുകളും ക്വാറന്റൈന് കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലെ പരിമിതി കണക്കിലെടുത്ത് കോര്‍പറേഷനിലും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ഡെപ്യൂട്ടി കളക്ടര്‍ ബിജുവിനാണ് ഏകോപന ചുമതല. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. എന്നാല്‍ ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് അവിടുത്തെ ഭക്ഷണം തെരഞ്ഞെടുക്കാം. ജില്ലയില്‍ 50,000 ത്തോളം പേരാണ് മടങ്ങി വരുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
70 കോഴിക്കോട്ടുകാര്‍
പ്രവാസികളുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേകവിമാനം ഇന്ന് രാത്രി 10.30 ന് കരിപ്പൂര്‍ വിമാനത്താവളത്തി ലെത്തും. കോഴിക്കോട് ജില്ലയുള്‍പ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. ആദ്യ വിമാനത്തില്‍ കോഴിക്കോട്ടുകാരായ 70 പേരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: