കാസര്‍കോട്: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികളെ സ്വീകരിക്കാന്‍ തലപ്പാടി അതിര്‍ത്തിയിലെ സേവനത്തിന് നിയോഗിച്ച അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ പക പോക്കല്‍ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് ആരോപിച്ചു.
സാലറി ചാലഞ്ചിനെ എതിര്‍ത്ത അധ്യാപകരോടുള്ള പ്രതികാര നടപടിയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആവശ്യമുള്ളതിനേക്കാള്‍ നാലിരട്ടി അധ്യാപകരെ നിയമിച്ചിരിക്കുകയാണ്. അവര്‍ക്കാവശ്യമായ ഭക്ഷണം പോലും സമയത്തെത്തിക്കാതെ ബോധപൂര്‍വം പീഡിപ്പിക്കുകയാണ്. മാസ്ക്കും കയ്യുറകളും നല്‍കുന്നില്ല. സാമൂഹ്യ അകലം പാലിക്കാന്‍ യാതൊരു സുരക്ഷാ സംവിധാനവും കൗണ്ടറുകളില്‍ ഒരുക്കിയിട്ടില്ലന്ന് ശ്രീകാന്ത് ആരോപിച്ചു.
വനിതാ ഉദ്യോഗസ്ഥരടക്കം നിരവധി പേര് ഡ്യൂട്ടിക്കെത്തുന്നുണ്ടെങ്കിലും ആവശ്യത്തിനു ശുചിമുറികള്‍ ഏര്പെടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവസാന ഷിഫ്റ്റ് ഉദ്യോഗസ്ഥര്‍ രാത്രി മുഴുവനും ഉറക്കം ഒഴിയണമെങ്കിലും അവര്‍ക്ക് ചായ പോലും നല്കാന് സംവിധാനമില്ല. സന്നദ്ധ സംഘടനകള്‍ ചായയും ഭക്ഷണവും നല്കാന് തയ്യാറെങ്കിലും അതിന് സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ശ്രീകാന്ത് പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാന്‍ താല്പര്യമുള്ള കേരളീയര്‍ക്ക് കെഎസ്ആര്‍ടിസി ബസ് സൗകര്യമേര്‍പ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സ്വന്തം വാഹനങ്ങള്‍ ഇല്ലാത്തതു കൊണ്ട് നിരവധി ആള്ക്കാര് ദുരിതമനുഭവിക്കുകയാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം പി.സുരേഷ് കുമാര്‍ ഷെട്ടി, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് പി.മണികണ്ഠ റൈ എന്നിവര്‍ കൗണ്ടറുകള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: