തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ഏഴ് പേര് രോഗമുക്തരായതായും മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്. കോട്ടയം 6, പത്തനംതിട്ട 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 30 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. 14670 പേര് നിരീക്ഷണത്തിലുണ്ട്. 14402 പേര് വീടുകളിലും 268 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 34599 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 34,063 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
ആറ് ജില്ലകളിലാണ് കൊവിഡ് ബാധിച്ചവര്‍ ചികില്‍സയിലുള്ളത്. കണ്ണൂരില്‍ 18 പേര് ചികില്‍സയിലുണ്ട്. ഇന്ന് പുതുതായി ഹോട്ട്സ്പോട്ടുകളില്ല. ലോക്ഡൗണ്‍ കാരണം വിദേശത്തു കുടുങ്ങിയ കേരളീയര്‍ നാളെ മുതല്‍ എത്തിത്തുടങ്ങും. അതു സംബന്ധിച്ചുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിയോഗിക്കുന്ന വിമാനങ്ങളിലും പ്രതിരോധ വകുപ്പ് കപ്പലുകളിലുമാണ് ഇവര്‍ വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രണ്ട് വിമാനങ്ങള്‍ നാളെ വരുമെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. അബുദാബി കൊച്ചി, ദുബായ് കോഴിക്കോട് വിമാനങ്ങളാണിത്. വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. അതിന്റെ മറുപടി ലഭിച്ചിട്ടില്ല. മടങ്ങിയെത്തുന്ന മലയാളികളുടെ കാര്യത്തില്‍ കരുതലോടെയാണ് നാം ഇടപെടുന്നത്. വരുന്നവര്‍ താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം ജാഗ്രത പുലര്‍ത്തണം. വിമാനത്താവളം മുതല്‍ ജാഗ്രത വേണം. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: