ബെംഗളൂരു: ഉഡുപ്പി-ചിക്കമംഗളൂരു എംപി ശോഭ കരന്തലജെക്ക് വിദേശത്തു നിന്നും വധഭീഷണി. പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് മലയാളിയായ ടാക്സി ഡ്രൈവര്‍ക്ക് കുവൈറ്റില്‍ മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിയതിനു പിന്നാലെയാണ് വധഭീഷണി.
ഇന്റര്‍നെറ്റ് കോളിലൂടെ ഉറുദുവിലും അറബിയിലുമായിരുന്നു ഭീഷണി. ദുബായ്, മസ്ക്കറ്റ് രാജ്യങ്ങളില്‍ നിന്നാണ് വധഭീഷണി മുഴക്കിയുള്ള കൂടുതല്‍ ഫോണ്‍ വിളികള്‍ എത്തിയത്. മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ ശോഭാ കരന്തലജെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്കി. മലയാളി യുവാവിന് കുവൈറ്റില്‍ മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മെയ് മൂന്നിനാണ് ശോഭാ കരന്തലജെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് പരാതി നല്‍കിയത്.
പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തതിനാണ് മലയാളിയായ പ്രവീണിനെ ഒരു സംഘം മുസ്ലീം യുവാക്കള്‍ മര്‍ദിച്ചത്. ഏപ്രില്‍ 28ന് വൈകിട്ട് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനു കേസെടുക്കണമെന്നും കുവൈറ്റില്‍ നിന്ന് പുറത്താക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യണമെന്നുമാണ് ശോഭാ കരന്തലജെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: