ന്യൂദല്‍ഹി: സ്വജീവന്‍ വെടിഞ്ഞ് മാതൃരാജ്യത്തിനായി അവസാന നിമിഷം വരെ പോരാടിയ കേണല്‍ അശുതോഷ് ശര്‍മയുടെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടുകയാണ് ഭാര്യ പല്ലവി ശര്‍മയും മകള്‍ തമന്നയും. ഈ നിമിഷത്തിലും പല്ലവിക്കും ഒരേ ആഗ്രഹം രാജ്യത്തിനായി പോരാടുന്ന ഒരു പൗരയാകണം, ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോം അണിയണം. ഇന്ത്യ ടുഡേ ചാനലിനോടാണ് ഹന്ദ്വാരയില് ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയുടെ ഭാര്യ പല്ലവി ശര്‍മ ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. എനിക്ക് സ്വയം സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതു സാധ്യമില്ല. എന്റെ പ്രായം അനുവദിക്കുകയും അധികൃതര്‍ ഇളവ് നല്‍കുകയും ചെയ്യുന്നുവെങ്കില്‍, ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോം ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബന്ധപ്പെട്ട വകുപ്പ് ഇളവ് അനുവദിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകും.
മകളും സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നത്. പിതാവിന്റെ വേര്‍പാട് അവളെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഒരു രാജ്യം തന്റെ പിതാവിനു നല്കുന്ന ആദരവ് രണ്ടു ദിവസമായി അവള് കാണുകയാണ്. അവള് ഒരു നല്ല മനുഷ്യത്വമുള്ള, ഉത്തരവാദിത്തമുള്ള പൗരയായി മാറണമെന്ന് മാത്രമാണ് ഇപ്പോള്‍ ആഗ്രഹമെന്നും പല്ലവി.
വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് രാജസ്ഥാനിലെ ജയ്പൂര്‍ മിലിട്ടറി സ്റ്റേഷന് സാക്ഷിയായത്. കേണല്‍ അശുതോഷ് ശര്‍മയുടെ സംസ്കാരച്ചടങ്ങുകള്‍ നടന്നത് അവിടെയാണ്. കണ്ണീരിനോട് യുദ്ധം ചെയ്തായിരുന്നു കേണല്‍ അശുതോഷ് ശര്‍മയുടെ മൃതദേഹത്തിനരികില്‍ ഭാര്യ പല്ലവി ശര്‍മ നിന്നത്. ഔദ്യോഗിക ബഹുമതിക്കുള്ള ബ്യൂഗിള്‍ മുഴങ്ങിയപ്പോള്‍ പല്ലവി ഭര്‍ത്താവിന് അന്തിമ സല്യൂട്ട് നലകി. മകള്‍ തമന്നയും കണ്ണീരൊതുക്കി അച്ഛന് അഭിവാദ്യമര്‍പ്പിച്ചു.രാജ്യത്തിനായി പൊരുതി ജീവന് ബലികഴിപ്പിച്ച ഭര്‍ത്താവിന്റെ വിയോഗത്തില്‍ ഒരു തുള്ളി കണ്ണുനീര് പോലും പൊഴിക്കില്ലെന്ന് പല്ലവി നേരത്തെ പറഞ്ഞിരുന്നു. സംസ്കാര ചടങ്ങിനെത്തിയവരോടെല്ലാം പുഞ്ചിരിമായാത്ത മുഖവുമായാണ് പല്ലവി സംസാരിച്ചത്. 21 രാഷ്ട്രീയ റൈഫിള്‍സിലെ കമാന്‍ഡിങ് ഓഫീസറായിരുന്ന അശുതോഷ് ഭീകരവിരുദ്ധ ദൗത്യങ്ങളിലെ മികവിന് രണ്ടു തവണയാണ് സൈനിക ബഹുമതി സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: