‘ലക്ഷം കോടി രൂപതരാം. വേണ്ടെന്ന് ഇന്ത്യ’! കേരളത്തിന്റെ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഒരു ലേഖനത്തിന്റെ തലവാചകം. ഇന്ത്യ അങ്ങനെ വേണ്ടെന്നുവെച്ചത് വിദേശനാണയ പ്രതിസന്ധിയില്‍ കുത്തുപാളയെടുക്കേണ്ട ഗതിയിലെത്തിയ പാക്കിസ്ഥാനെ കുടുക്കാനാണോയെന്നതാണ് അദ്ദേഹത്തിന്റെ ദുഃഖം.
ആഗോളതലത്തില്‍ തന്നെ പൊതുജനാരോഗ്യരംഗവും സാമ്പത്തിക രംഗവും പരിഹരിക്കാന്‍ വഴികാണാത്ത പ്രതിസന്ധിയിലാണ്. ചെറുതും വലുതുമായ രാജ്യങ്ങളെല്ലാം നിവൃത്തികേടിന്റെ അന്തരീക്ഷത്തില്‍ അകപ്പെട്ടിരിക്കുമ്പോള്‍ ഭാരതത്തിന് ഒരു ലക്ഷം കോടിരൂപയുടെ ലഭ്യസാധ്യതയെ നന്ദിപൂര്‍വ്വം നിരാകരിച്ചതില്‍ ഡോ. ഐസക്കിനു ദു:ഖമോ അസൂയയോ പകയോ എന്തു വേണമെങ്കിലും ആകാം. ആരെങ്കിലും പത്തു രൂപ എറിഞ്ഞു കൊടുത്താല്‍ ഓടിച്ചെന്ന് എടുക്കേണ്ട അവസ്ഥയിലേക്ക് കേരള സംസ്ഥാനത്തെ കോവിഡിനും വളരെ മുമ്പേ എത്തിച്ച ധനകാര്യമന്ത്രിയില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തിന്റെ സാമ്പത്തിക മേഖലയില്‍ കാലം ആവശ്യപ്പെടുന്ന ഘടനാപരമായ ഭദ്രത പ്രയോഗതലത്തിലെത്തിച്ചതില്‍ ഇന്നീ രാഷ്ട്രം അഭിമാനിക്കുന്നു. കരുത്തിന്റെ ഭാഷയില്‍ സംസാരിക്കാനുള്ള ശക്തിനേടുവാനാണ് ഭാരതം മോദിയെ പ്രധാനമന്ത്രിയാക്കിയതും നിര്‍മ്മലാ സീതാരാമനെ ധനകാര്യമന്ത്രിയാക്കിയതും. അവരതില്‍ വിജയിച്ചെന്ന വസ്തുത വളഞ്ഞവഴിയിലൂടെയാണെങ്കിലും വെളിപ്പെടുത്തുകയെന്നത് ഒരു സഖാവില്‍ നിന്നും ഒരിക്കലും പ്രതീക്ഷീക്കാവുന്നതല്ല. അബദ്ധ വശാലെങ്കിലും സത്യം പറഞ്ഞതിന് സഖാവ് ഐസക്കിന് ജനാധിപത്യഭാരതം നന്ദി പറയും.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) അന്‍പതു ലക്ഷം കോടിയുടെ സ്പെഷ്യല്‍ ഡ്രോയിങ് റൈറ്റ്സ് (എസ്ഡിആര്) അന്തര്‍ദേശീയ വിപണിയിലിറക്കാനുള്ള നിര്‍ദ്ദേശത്തെ ഭാരതം എതിര്‍ത്തതാണ് ഐസക്ക് ചര്‍ച്ചയ്ക്കെടുത്ത വിഷയം. എല്ലാ രാജ്യങ്ങള്‍ക്കും ഐഎംഎഫിലുള്ള ഓഹരി പങ്കാളിത്തത്തിന് ആനുപാതികമായ തുക എസ്ഡിആറിന്റെ രൂപത്തില്‍ അതത് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ക്ക് കരുതല്‍ മൂലധനശേഖരം ശക്തിപ്പെടുത്താന്‍ നല്കുകയെന്നതായിരുന്നു നിര്‍ദ്ദേശം. അതില്‍ പ്രസക്തമായ കാര്യം അമ്പത് ലക്ഷം കോടിയുടെ എസ്ഡിആര് അന്തര്‍ ദേശീയ വിപണിയിലിറക്കിയാല്‍ അതിന്റെ സിംഹഭാഗവും അമേരിക്കയ്ക്ക് ലഭിക്കുമായിരുന്നു. ചൈനയും ജപ്പാനും ഇന്ത്യയും പാക്കിസ്ഥാനും അടങ്ങുന്ന അംഗരാജ്യങ്ങള്‍ക്കെല്ലാം ആനുപാതികമായ വീതവും ലഭിക്കും. എന്നിട്ടും അമേരിക്കയും ഇന്ത്യയും അതിനെ എന്തുകൊണ്ട് എതിര്‍ത്തെന്നതാണ് കേരള ധനകാര്യമന്ത്രിയുടെ ചോദ്യം. എന്തുകൊണ്ട് അമേരിക്ക എതിര്‍ത്തൂയെന്നത് അമേരിക്കയുടെ വേണ്ടപ്പെട്ടയാളെന്ന് പൊതു സമൂഹം കണക്കാക്കുന്ന ഡോ. തോമസ് ഐസക്കും ‘ദി വയര്‍’ എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണവും അന്വേഷിക്കട്ടെ.
ഭാരതത്തിന്റെ നിലപാട് ആനുകാലിക അന്തര്‍ ദേശീയ സാഹചര്യങ്ങളും രാജ്യത്തിന്റെ ദേശീയ താത്പര്യങ്ങളും കണക്കിലെടുത്തു തന്നെയായിരുന്നു. ഉത്തരം തേടുന്നവര്‍ ആദ്യം കണക്കിലെടുക്കേണ്ട വസ്തുത ഐഎംഎഫില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ എണ്‍പത്തഞ്ച് ശതമാനം വോട്ടുവേണം. അമേരിക്കയ്ക്കു മാത്രം എണ്പത്തിയാറര ശതമാനം വോട്ടുള്ളതുകൊണ്ട് ഭാരതം നിശ്ശബ്ദമായിരിക്കുകയോ അനുകൂലിക്കുകയോ ചെയ്താലും നിര്‍ദ്ദേശം തള്ളുമായിരുന്നു. അവിടെയൊരു അഴകൊഴമ്പന്‍ നിലപാടിനു പോകാതെ നിര്‍ദ്ദേശത്തെ ഭാരതം കൃത്യമായി എതിര്‍ത്തു. പാക്കിസ്ഥാന് പോലുള്ള രാജ്യങ്ങള്‍ കിട്ടുന്ന സഹായം കൊറോണ പ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കാതെ ലോകത്തിന് പ്രത്യേകിച്ച് ഭാരതത്തിലേക്ക് തീവ്രവാദം കയറ്റി അയക്കാന്‍ ചിലവഴിക്കുമെന്ന് വിലയിരുത്തിയാണ് ഭാരതം അങ്ങനെയൊരു നിലപാടെടുത്തത്.
ഭാരതത്തെ തകര്‍ക്കാന്‍ നിരന്തര കുതന്ത്രങ്ങളില്‍ ഏര്‍പ്പെടുന്ന രാജ്യമാണ് പാക്കിസ്ഥാന്. അതിര്‍ത്തിയില്‍ സാഹസങ്ങളും തുടരുന്നു. പാക്കിസ്ഥാന്റെ താത്പര്യം ഐഎംഎഫ്, എസ്ഡിആര് വിഷയത്തില്‍ സംരക്ഷിക്കാന്‍ തയാറാകാതിരുന്നതിന് ഭാരതത്തെ വിമര്‍ശിക്കുന്ന തോമസ് ഐസക്കിന്റെ തനിനിറം പൊതുസമൂഹം തിരിച്ചറിയണം. തന്റെ നിലപാടിനെ ന്യായീകരിക്കാന്‍ ഡോ. ഐസക്ക് പറയുന്നത് ഭാരതം പണ്ട് മൂന്നാം ലോക രാജ്യങ്ങളുടെ നേതൃത്വം വഹിച്ചെന്നതാണ്. ചേരിചേരാനയം തലയ്ക്ക് പിടിച്ച ഭാരതത്തിന് 1962ലെ ചൈനീസ് അക്രമണസമയത്ത് ആരും സഹായിക്കാനില്ലായിരുന്നു. ചേരിചേരാനയം ഉപേക്ഷിച്ച് സോവിയറ്റ് യൂണിയനോട് കരാര്‍ ഉണ്ടാക്കിയതുകൊണ്ടാണ് 1971ല്‍ ബംഗ്ലാദേശ് യൂദ്ധ കാലത്ത് അമേരിക്കയുടെയും ചൈനയുടെയും ഭീഷണികളെ ഭാരതത്തിന് അതിജീവിക്കാനായത്. മൂന്നാം ലോകം എന്നു പറഞ്ഞ് നാം ചേര്‍ത്തു നിര്‍ത്തിയിട്ടുള്ളവര്‍ അവരുടെ മതരാഷ്ട്രങ്ങളുടെ കൂട്ടായ്മയിലെത്തുമ്പോള്‍ ഭാരതത്തിനെതിര് നില്ക്കുന്ന അനുഭവങ്ങള്‍ ഇന്നും തുടരുന്നു. പുതിയ ഭാരതഭരണകൂടം രാജ്യ താത്പര്യം സംരക്ഷിച്ചു കൊണ്ട് ലോകസമാധാനത്തിനും മാനവരാശിയുടെ സമഗ്രവികസനത്തിനും ഉതകുന്ന നയതന്ത്ര ബന്ധങ്ങളും നിലപാടുകളും സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുന്നു. നരേന്ദ്രമോദിയുടെ ഭാരതം ശരിവഴിയിലാണെന്ന് ലോകം തിരിച്ചറിഞ്ഞ് അംഗീകരിക്കുകയും ചെയ്യുന്നു.
ലക്ഷം കോടിയുടെ ധനസഹായം ഭാരതം വേണ്ടെന്നു വെച്ചതിലാണ് കേരള ധനകാര്യമന്ത്രി അസ്വസ്ഥനാകുന്നതെങ്കില്‍ അദ്ദേഹം ഓര്‍ക്കണം. ഐഎംഎഫ്, എസ്ഡിആര് വര്‍ദ്ധനയുടെ നിര്‍ദ്ദേശം ലഭിക്കുന്ന തുക ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് ഡോളര്‍ പോലെ ഉപയോഗിച്ച് തങ്ങളുടെ വിദേശവിനിമയ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യം വെച്ചായിരുന്നു. അല്ലാതെ ആഭ്യന്തര മേഖലയില്‍ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ‘വിതരണം’ ചെയ്യാന്‍ അംഗരാജ്യങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന ധനസഹായ പാക്കേജൊന്നുമായിരുന്നില്ല. കിട്ടുന്നത് വാങ്ങി വളഞ്ഞ വഴിയിലൂടെ വകമാറ്റി ചെലവാക്കുന്നത് ഇന്നത്തെ കേരള ധനകാര്യമന്ത്രിയുടെ രീതിയായിരിക്കാം. നരേന്ദ്രമോദി സര്‍ക്കാരിന്റെ രീതി അതല്ല. നിലനില്‍ക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള ശക്തി രാജ്യത്തിനുണ്ടെന്ന വസ്തുതയും ഭാരതത്തിന്റെ ഇക്കാര്യത്തിലുള്ള നിലപാടിന് അടിസ്ഥാനമായി എന്നത് വ്യക്തം.
നിലനില്‍ക്കുന്ന കോവിഡ് ഭീഷണിയേയും തത്ഫലമായി ഉയര്‍ന്നുവരുന്ന ആഗോള സാമ്പത്തിക വെല്ലുവിളികളെയും നേരിടുന്നതിന് ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളുമായും സജീവ സഹകരണത്തിന്റെ പാതയാണ് ഭാരതം സ്വീകരിച്ചത്. വേണ്ടത്ര വേണ്ടയിടത്ത് വേണ്ടപ്പോള്‍ വേണ്ടതുപോലെ എത്തണം എന്ന നിര്‍ബന്ധം ഭാരതസര്‍ക്കാറിനുണ്ട്. അക്കാര്യം ഉറപ്പുവരുത്തണമെങ്കില്‍ ഈ വക സന്ദര്‍ഭങ്ങളെ ഉപയോഗിച്ചു കൊണ്ട് പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ വരുന്നവരെ കരുതിയിരിക്കണം. അതിന്റെ പ്രത്യക്ഷ ഉദ്ദാഹരണം കേരളത്തിന്റെ ധനകാര്യമന്ത്രി തന്നെ കാട്ടിത്തന്നിട്ടുണ്ട്. പ്രളയം പോലെയുള്ള സന്ദര്‍ഭങ്ങളില്‍ കേന്ദ്രസര്‍ക്കാരും കേരളത്തിലെ പട്ടിണി പാവങ്ങളുള്പ്പെടെയുള്ളവരും നല്കിയ സംഭാവനകള്‍ വകമാറ്റി ചെലവഴിച്ചു. സംസ്ഥാനത്തെ കടത്തില്‍ മുക്കി. കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് കൊറോണയ്ക്കു വളരെ മുമ്പ് തന്നെ ഖജനാവ് കാലിയാക്കി. കൊറോണയെ നേരിടാന്‍ വിവിധ പാക്കേജുകളുമായി ഭാരത സര്‍ക്കാരും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും മുന്നോട്ടു വരുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ ബാധ്യതകള്‍ പരിഹരിക്കാനുള്ളത് കിട്ടുമോയെന്ന് പ്രതീക്ഷിച്ച് കൈ നീട്ടിയാല്‍ ഭാരത സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചയുണ്ടാകില്ല. അതു പോലെതന്നെയാണ് അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തിക സഹായങ്ങള്‍ നല്കുമ്പോള് പാ
ക്കിസ്ഥാന് പോലുള്ള രാജ്യങ്ങളുടെ നടപടിയും. അവിടെയും വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ് ഭാരതം സ്വീകരിച്ചത്. പാക് താത്പര്യമാണ് ഐസക്കിനും സഹയാത്രികര്‍ക്കും പ്രധാനമെങ്കില്‍ കാലം അവര്‍ക്ക് മറുപടി നല്കിക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: