ഇടുക്കി: ജില്ലയ്ക്ക് വീണ്ടും ആശ്വാസ വാര്‍ത്തകള്‍ നല്കി ഇന്നലെ പുറത്ത് വന്ന കൊറോണ പരിശോധനാ ഫലം. ജില്ലയില്‍ ആകെ ചികിത്സയിലുണ്ടായിരുന്ന 12 പേരില്‍ 11 പേരുടേയും ഫലം നെഗറ്റീവ് ആയി.
ഇതില്‍ ഏലപ്പാറ സ്വദേശിയായ മകന്റേയും അമ്മയുടേയും ഫലം നേരത്തെ വന്നിരുന്നെങ്കിലും മുഖ്യമന്ത്രി ഇക്കാര്യം ഇന്നലെയാണ് അറിയിച്ചത്. അമ്മയ്ക്ക് ചുമ കണ്ടതോടെ ഇരുവരും ആശുപത്രിയില്‍ തുടരുകയായിരുന്നു.
പാലക്കാടിന്റെ കണക്കില്‍ ഉള്‍പ്പെടുന്ന ടിപ്പര്‍ ലോറി ഡ്രൈവറും ഇന്നലെ നെഗറ്റീവായവരിലുണ്ട്. ഇയാളടക്കം 12 പേരാണ് ഇടുക്കി മെഡിക്കല്‍ കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലുമായി ചികിത്സയിലുണ്ടായിരുന്നത്. വണ്ടന്മേടില് രോഗം സ്ഥിരീകരിച്ച 24 കാരനും ഏലപ്പാറ സ്വദേശിയായ മുട്ടയും പാലും വിറ്റിരുന്ന ആശപ്രവര്ത്തകയ്ക്കുമാണ് നിലവില്‍ ഫലം വരാതെ ചികിത്സയിലുള്ളത്.
ഇതില്‍ വണ്ടന്മേട് സ്വദേശിയ്ക്ക് മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിന്ന് കോട്ടയത്തിന് മാറ്റിയിരുന്നു. ഇയാളടക്കം ജില്ലയിലാകെ 13 പേരാണ് ചികിത്സിയിലുണ്ടായിരുന്നത്. രണ്ടാം ഘട്ടത്തില്‍ ആകെ 15 പേര്‍ക്കാണ് ഇടുക്കിയില്‍ രോഗം സ്ഥിരികരിച്ചതെങ്കിലും ജില്ലയുടെ കണക്കില്‍ പാലക്കാട് കാരന് ഉള്‍പ്പെട്ടിരുന്നില്ല. ഇയാള്‍ക്ക് യാത്ര ബുദ്ധിമുട്ടായതിനാല്‍ ഇടുക്കിയില്‍ തന്നെ ചികിത്സയില്‍ തുടരുകയും ചെയ്തു. രണ്ടാം ഘട്ടത്തില്‍ ആദ്യം രോഗം കണ്ടെത്തിയ മണിയാറന്‍ കുടി സ്വദേശിയും പുഷ്പകണ്ടം സ്വദേശിനിയും മെയ് 2ന് ആശുപത്രി വിട്ടിരുന്നു.ഇന്നലെ രോഗം ഭേദമായതായി മുഖ്യമന്ത്രി അറിയിച്ചവര്‍: തൊടുപുഴ ഇടവെട്ടി തെക്കുഭാഗം സ്വദേശി, ദേവികുളം സ്വദേശി, പാലക്കാട് സ്വദേശി, മൂന്നാര്‍ സ്വദേശി, ഏലപ്പാറയിലെ അമ്മയും മകനും, ഏലപ്പാറയിലെ വനിതാ ഡോക്ടര്‍, ചെമ്പകപ്പാറ നത്തുകല്ല് സ്വദേശി, കരുണാപുരം സ്വദേശി, വണ്ടിപ്പെരിയാര്‍ സ്വദേശികളായ അച്ഛനും മകളും എന്നിങ്ങനെ ആണ് രോഗ വിമുക്തരായത്.
ആശുപത്രി വിട്ടു
തെക്കുഭാഗം സ്വദേശിയായ 17 കാരന് ഇന്നലെ രാത്രി വൈകി ആശുപത്രി വിട്ടു. മറ്റുള്ളവര്‍ ഇന്ന് പകലുമായി ആശുപത്രി വിടുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. ഇന്നലെ വരെ മെഡിക്കല്‍ കോളേജില്‍ 9 പേരും തൊടുപുഴയില്‍ 3 പേരുമാണ് ചികിത്സയിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: