ലണ്ടന്‍: എച്ച്ഐവിയെ പോലെ മലേറിയ പോലെ കൃത്യമായ വാക്സിന് കണ്ടെത്താന്‍ സാധിക്കാത്ത വൈറസായി കൊറോണ മാറുമോ? അത്തരത്തിലൊരു സാഹചര്യത്തിലേക്ക് ലോകം എത്തിയാല്‍ എന്താകും അവസ്ഥ. കൊറോണ വൈറസ് പരത്തുന്ന കോവിഡ് രോഗത്തെ ഏതിജീവിക്കാന് ലോക്കൗഡൗണും സാമൂഹിക അകലവും എത്രകാലം പ്രാവര്‍ത്തികമാകും. ആരോഗ്യരംഗത്തെ വിദഗ്ധര്‍ ഇത്തരത്തില്‍ പുതിയകാര്യങ്ങളിലേക്ക് തങ്ങളുടെ ചിന്തകള്‍ പടര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. കൊറോണ വൈറസിനെതിരേ വാക്സിന് കണ്ടെത്താന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ലോകത്തെ ആരോഗ്യശാസ്ത്രജ്ഞര്‍. എന്നാല്‍, ഏതുകാര്യത്തിലും അങ്ങേയറ്റത്തെ പ്രതിസന്ധിയെ മുന്നില്‍ കാണണം എന്നുള്ളതിനാല്‍ കോവിഡിനെതിരേ വാക്സിന് കണ്ടെത്തിയില്ലെങ്കില്‍ ജനജീവിതം ഏതുതരത്തില്‍ മുന്നോട്ടു പോകുമെന്ന് വിലയിരുത്തലിലാണ് വിവിധ രംഗങ്ങളിലെ വിദഗ്ധര്‍. കൃത്യമായ വാക്സിന് കണ്ടെത്തിയില്ലെങ്കില്‍ കൊറോണ വൈറസ് നമ്മളില്‍ ഒരാളായി മാറുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
ചില വൈറസുകളെ തുരത്താനുള്ള വാക്സിനുകള്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അത്തരത്തില്‍ ഒന്നായി കൊറോണ വൈറസ് മാറുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എന്നാല്‍, അത്തരമൊരു സാധ്യതയെ പൂര്‍ണമായി തള്ളാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കുന്നു ലണ്ടന്‍ ഇംപീരിയല്‍ കോളെജിലെ ഗ്ലോബല്‍ ഹെല്‍ത്ത് പ്രൊഫസര്‍ ഡോ. ഡേവിഡ് നബ്ബാറോ. ഒരു കോവിഡ് -19 വാക്സിന് ക്രമേണ വികസിപ്പിക്കുമെന്നതില്‍ മിക്ക വിദഗ്ധരും ആത്മവിശ്വാസത്തിലാണ്.എച്ച്ഐവി, മലേറിയ തുടങ്ങിയ മുന്‍ രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊറോണ വൈറസ് അതിവേഗം പരിവര്‍ത്തനം ചെയ്യുന്നില്ല എന്നത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്.
എന്നാല്‍, അത്തരത്തില്‍ ഒരു വാക്സിന് സാധ്യമായില്ലെങ്കില്‍ എല്ലാ സമൂഹങ്ങളും കൊറോണ വൈറസിനെതിരെ നിരന്തരമായ ഭീഷണിയായി പ്രതിരോധിക്കാന്‍ കഴിയുന്ന സാമൂഹിക സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. കൂടാതെ നമ്മുടെ ഇടയില്‍ വൈറസ് ബാധ ഉറപ്പാണെന്ന ബോധ്യത്തോടെ സാമൂഹിക ജീവിതത്തെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും കുറിച്ച് മുന്നോട്ട് പോകാന്‍ കഴിയണമെന്നും അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്നിനോട് നബ്ബാറോ വ്യക്തമാക്കി. കോവിഡിനെതിരേ വാക്സിന് നിര്‍മ്മിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ജീവിതം ഇപ്പോഴത്തേതുപോലെ നിലനില്‍ക്കില്ല. ഇത് വേഗത്തില്‍ സാധാരണ നിലയിലേക്ക് മടങ്ങില്ല എന്ന് വ്യക്തമാണ്. ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ സാമ്പത്തികമായി സുസ്ഥിരമല്ലെന്ന് നോട്ടിങ്ഹാമിലെ പകര്‍ച്ചവ്യാധി-അണുരോഗ വിദഗ്ധന്‍ കെയ്ത് നീല്‍ പറയുന്നു.
വാക്സിന് രഹിത കോവിഡ് കാലത്തെ അതിജീവിക്കല്‍ അതിസങ്കീര്‍ണമാകും. കോവിഡിനൊപ്പം ജീവിക്കുമ്പോള്‍ സര്‍ക്കാരോ സമൂഹമോ എല്ല വ്യക്തികളാകും പ്രധാനഘടകം.ഓരോ രാജ്യത്തെയും പൗരന്മാര് അവരുടെ സാധാരണ ജീവിതത്തിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍, രോഗലക്ഷണങ്ങള്‍ കാണിക്കുകയോ അല്ലെങ്കില്‍ കോവിഡ് -19 സാധ്യതയുള്ള ഒരു കേസുമായി ബന്ധപ്പെടുകയോ ചെയ്താല്‍ സ്വയം ഒറ്റപ്പെടാനുള്ള വ്യക്തിപരമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരു പുതിയ ‘സാമൂഹിക പ്രതിരോധം ശക്തിപ്പെടുത്തുക മാത്രമാണ് പ്രധാനകാര്യം. ചുമ അല്ലെങ്കില്‍ നേരിയ ജലദോഷ ലക്ഷണങ്ങള്‍ കണക്കിലെടുക്കാതെ ജോലിയില്‍ പ്രവേശിക്കുന്നതിനുമുള്ള സംസ്കാരം അവസാനിക്കണം. വര്‍ക്ക് ഫ്രം ഹോം സംസ്കാരവും വളരെ അധികം വളര്‍ത്തണം. ഓഫിസുകള്‍ ജീവനക്കാരെ കൊണ്ട് നിറയ്ക്കുന്നത് അവസാനിപ്പിക്കണം. വ്യക്തിപരമായ ഉത്തരവാദിത്തം നാമെല്ലാം അവകാശപ്പെടുന്ന ഒരു പെരുമാറ്റ രീതിയായി ഇത് മാറണം. ഒറ്റപ്പെട്ടവരെ സമൂഹം പോരാളികളായും വീരന്മാരായി കണക്കാക്കണം. മറ്റൊന്ന് ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പക്കാനുള്ള എല്ലാ മാര്‍ഗങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ്. നമ്മളില്‍ നിന്ന് ഒരാള്‍ക്കും വൈറസ് പകരില്ല എന്ന ദൃഢനിശ്ചയത്തോടെയുള്ള ജീവിതരീതി മാത്രമാണ് വാക്സിന് രഹിത കോവിഡ് കാലത്തെ നേരിടാനുള്ള മാര്‍ഗം. എന്നാല്‍, വികസ്വര,ദരിദ്ര രാഷ്ട്രങ്ങളില്‍ ഇതു എത്രമാത്രം സാധ്യമാകുമെന്ന് ഉറപ്പില്ലെന്ന് വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നു. അഭയാര്‍ഥി-കുടിയേറ്റ വിഷയങ്ങള്‍ എല്ലാം ഇതിനെ പ്രതികൂലമായി ബാധിക്കാം. പരമാവധി വൈറസ് വ്യാപനം തടഞ്ഞുകൊണ്ടുള്ള സാധാരണജീവിതം എന്നത് വളരെ പ്രതിസന്ധി നിറഞ്ഞതാണെന്നും കോവിഡ് -19 ഒരു വാക്സിന് വഴി ഇല്ലാതാക്കുന്നതുവരെ മാസങ്ങള്‍, വര്‍ഷങ്ങള്‍ അല്ലെങ്കില്‍ പതിറ്റാണ്ടുകള്‍ നീളുന്ന ഒരു പുതിയ ജീവിതരീതി നടപ്പാക്കാനും ആശയവിനിമയം നടത്താനും സര്ക്കാരുകളേയം ജനങ്ങളേയും പ്രേരിപ്പിക്കുക മാത്രമാണ് സാധ്യമെന്നും വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: