തിരുവനന്തപുരം: മതിയായ സുരക്ഷയും കരുതല്‍ നടപടിയുമൊരുക്കാതെ മടങ്ങുന്നവരെ സ്വീകരിക്കാന്‍ സംസ്ഥാനം. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെത്തിയാല്‍ ഉള്‍ക്കൊള്ളാനാകുമോയെന്നതില്‍ പ്രവാസികള്‍ക്കും ആശങ്ക. ഏറ്റവും മോശം സാഹചര്യം നേരിടാന്‍ തയാറെടുക്കുകയെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന ആക്ഷേപവും ശക്തം.
വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവരില്‍ രോഗലക്ഷണം കാണിക്കുന്നവരെ ആശുപത്രിയിലും വിട്ടീല്‍ സൗകര്യമില്ലാത്തവരെ നിരീക്ഷണകേന്ദ്രങ്ങളിലും പാര്‍പ്പിക്കണം. ഇതുവരെ അഞ്ചു ലക്ഷത്തിലധികം പേര് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം കിടക്കകള്‍ മാത്രമാണ് സജ്ജമാക്കിയത്. ബാക്കിവരുന്നവരെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിനാകില്ല. ഇതോടെ സര്‍ക്കാര്‍ ഒരുക്കിയ സംവിധാനങ്ങള്‍ താളംതെറ്റും. ഇത്തരം ആശങ്ക നിലനില്‍ക്കുമ്പോഴാണ് പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമെന്ന് കേന്ദ്രത്തെ അറിയിച്ചത്. സംസ്ഥാനത്തെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്ന പ്രവാസികളുടെ ആരോഗ്യവും ആശങ്കയിലാകും.
സംസ്ഥാനത്തുള്ള പ്രായമായവര്‍, വൃക്ക, ഹൃദയസംബന്ധമായ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ അങ്ങനെ മറ്റസുഖമുള്ളവരുടെ പട്ടിക പൂര്‍ണമായി തയാറാക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ല. ഇവരിലേക്ക് വൈറസെത്താതെ സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുമില്ല. വെന്റിലേറ്ററടക്കം ചികിത്സാ സൗകര്യങ്ങള്‍ തയാറാണെന്ന് പറയുമ്പോഴും എത്ര വെന്റിലേറ്റര്‍ ഉണ്ടെന്ന കൃത്യമായ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, സ്കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍, ചെറുതും വലുതുമായ സ്റ്റേഡിയങ്ങള്‍ എന്നിങ്ങനെ 26,999 കെട്ടിടങ്ങളിലായി നിലവില്‍ രണ്ടു ലക്ഷം കിടക്കള്‍ക്ക് മാത്രമാണ് സ്ഥലം കണ്ടെത്തിയത്. നിര്‍ദേശം ലഭിച്ചാലുടന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് തെരഞ്ഞെടുത്ത ചെക് പോ
സ്റ്റുകള്‍ വഴി ഒഴുക്കു തുടരും. എന്നാല്‍, പനിയും മറ്റ് അസ്വസ്ഥതകളും ഉള്ളവരെ മാത്രമെ സര്‍ക്കാര്‍ നേരിട്ട് നിരീക്ഷണത്തിലാക്കൂ.
കര്‍ണാടക അതിര്‍ത്തിയിലെ കാസര്‍കോട് തലപ്പാടി ചെക്പോസ്റ്റില്‍ ഇന്നലെ നൂറ് ഹെല്‍പ്പ് ഡെസ്ക്കുകള്‍ തുറന്നു. വാളയാറും, ആര്യങ്കാവും, അമരവിളയും, കുമളിയുമടക്കം സംസ്ഥാനത്തെ പ്രധാന അന്തര്‍സംസ്ഥാന ചെക്പോസ്റ്റുകളിലും സമാനമായി സജ്ജീകരണങ്ങള്‍ ഒരുക്കി. സംസ്ഥാനത്ത് അഞ്ഞൂറോളം പേര്‍ക്കാണ് കൊറോണ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 95 പേര് ചികിത്സയിലുണ്ട്. ലക്ഷക്കണക്കിന് പേര് അതിര്‍ത്തി കടന്ന് എത്തുന്നതോടെ കേസുകളുടെ എണ്ണം കുത്തനെ കൂടാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ പ്രവാസികളുടെ വരവ് സംസ്ഥാനത്തെ കടുത്ത ആശങ്കയിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: