തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കയച്ചും മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെ കൊണ്ടുവരാന്‍ നടപടിയെടുത്തും മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാനത്തെ ജില്ലകളില്‍ കുടുങ്ങിയവരെ സ്വന്തം നാടുകളിലേക്ക് പോകാന്‍ അനുമതി നല്‍കാത്തതിനെതിരെ അമര്‍ഷം പുകയുന്നു.
ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിലെത്തിക്കാന്‍ കേന്ദ്രത്തോട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. അതുപോലെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന വരെയും നാട്ടിലെത്തിക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നു. എന്നിട്ടും തങ്ങളെ എന്തുകൊണ്ട് സ്വന്തം വീടുകളിലേക്ക് അയയ്ക്കുന്നില്ലെന്ന് ഇവര്‍ ചോദിക്കുന്നു.
ഓരോ ജില്ലയിലും ആയിരത്തിലധികം പേരാണ് കുടുങ്ങി കിടക്കുന്നത്. ഇതില്‍ വിദ്യാര്‍ഥികള്‍, വിവിധ മേഖലയില്‍ ജോലിക്ക് പോയവര്‍, അസുഖങ്ങള്‍ക്ക് ചികിത്സയ്ക്ക് പോയവര്‍ തുടങ്ങി നിരവധി പേരുണ്ട്. അത്യാവശ്യഘട്ടത്തില്‍ അതാത് ജില്ലാ കളക്ടറുടെ അനുമതി വാങ്ങി മറ്റ് ജില്ലകളില്‍ പോകാമെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചെത്തണം. സ്വന്തം വാഹനത്തില്‍ മറ്റ് ജില്ലയില്‍ പോയവര്‍ക്ക് മാത്രം തിരികെ വരാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ അറിയിച്ചത്. പൊതു ഗതാഗതത്തില്‍ പോയവര്‍ എങ്ങനെ തിരിച്ചുവരുമെന്നാണ് കുടുങ്ങിക്കിടക്കുന്നവര്‍ ചോദിക്കുന്നത്.
വീടുകളിലെത്താനാകാത്തതിനാല് ഇവര്‍ ദുരിതത്തിലാണ്. ഒരാഴ്ചത്തെ തയാറെടുപ്പോടെയാണ് മറ്റ് ജില്ലകളിലേക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ പോകുന്നത്. ചിലര്‍ ദിവസവും മറ്റ് ജില്ലകളിലേക്ക് ട്രെയിന്‍, ബസ് മാര്‍ഗ്ഗം പോയി വരുന്നവരുണ്ട്. ലോക്ഡൗണില്‍ ജോലി ചെയ്യുന്ന സ്ഥലത്ത് പലരും കുടുങ്ങി.പലയിടത്തും മക്കള്‍ മറ്റ് ജില്ലകളിലായതിനാല്‍ മാതാപിതാക്കള്‍ ഒറ്റയ്ക്കാണ്. അസുഖബാധിതരായവരെ ആശുപത്രി ചികിത്സയ്ക്ക് കൊണ്ടുപോകാനും സാധിക്കുന്നില്ല. ആരോഗ്യപ്രവര്‍ത്തകര്‍ കൊണ്ടുപോകുമെങ്കിലും മാതാപിതാക്കള്‍ തയാറാകുന്നില്ല. പഠനാവശ്യത്തിനായി ജില്ല വിട്ട് പോയ വനിതകളാണ് ദുരിതം അനുഭവിക്കുന്നത്. ഹോസ്റ്റലിലോ സുഹൃത്തുക്കളുടെ വീടുകളിലോ ആണ് കഴിയുന്നത്. ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍ പോലും ഇവര്‍ കരുതിയിട്ടില്ല. ഇതര സംസ്ഥാനതൊഴിലാളികളെയും പ്രവാസികളെയും, മറ്റ് സംസ്ഥാനത്തുള്ളവരെയും പരിഗണിക്കുന്നതു പോലെ തങ്ങളെയും പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: