കൊച്ചി: കെഎസ്ഇബി ജീവനക്കാരുടെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കുന്നതിലുള്ള വിവാദം ബോര്‍ഡില്‍ ശക്തമാകുന്നു. ആറു ദിവസത്തെ ശമ്പളം ജീവനക്കാരില്‍നിന്ന് പിടിച്ചു. പക്ഷേ, ഒരു മാസത്തെ ശമ്പളം നേരത്തേ നല്കിയ ഓഫീസര്‍മാരേയും ആറു ദിവസ ശമ്പളം പിടിത്തത്തില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. ഇതോടെ ഓഫീസേഴ്സ് അസോസിയേഷന് കൊടുത്ത 20 കോടി രൂപ മുഖ്യമന്ത്രിയുടെ ഏതു ഫണ്ടിലേക്ക് വകകൊള്ളിച്ചുവെന്ന ചോദ്യമുയരുന്നു. കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിത ഫണ്ടിലേക്ക് സംഭാവന പ്രഖ്യാപിച്ചവരില്‍ കെഎസ്ഇബി ഉണ്ടായിരുന്നു. ചെയര്മാന് 20 കോടി മുഖ്യമന്ത്രിക്ക് കൈമാറിയതായും വാര്‍ത്ത വന്നു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് അംഗങ്ങള്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്നുവെന്നാണ് ചെയര്മാന് അറിയിച്ചത്. ഇങ്ങനെ ഒരു മാസ ശമ്പളം നല്‍കുന്നവരെ ആറു ദിവസത്തെ ശമ്പളം അഞ്ചു മാസം നല്കുന്ന പദ്ധതിയില്‍ പെടുത്തി ശമ്പളം പിടിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പക്ഷേ, എല്ലാവരുടെയും ശമ്പളം പിടിച്ചു. അപ്പോള്‍ 20 കോടി സര്‍ക്കാരില്‍ എത്തിയില്ലേയെന്ന ചോദ്യമുയരുന്നു. എത്തിയെങ്കില്‍ എങ്ങനെ ആറു ദിവസത്തെ പിടിത്തത്തില്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെട്ടു. കെഎസ്ഇബി ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകരെപ്പോലെയോ പോലീസ്-ഫയര്‍ സുരക്ഷാ ഏജന്‍സി വിഭാഗത്തെപ്പോലെയോ ഈ കൊറോണക്കാലത്ത് പ്രവര്‍ത്തിച്ചിരിക്കെ അവരുടെ ശമ്പളംപിടിക്കുന്നത് ശരിയല്ലെന്ന അഭിപ്രായങ്ങളുമുയരുന്നു.
കെഎസ്ഇബി 70 ശതമാനം വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയാണ്. ഈ പണം ഉടനെ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി അറിയിച്ചിട്ടുണ്ട്. കൊറോണക്കാലത്തും കറന്റ് ചാര്‍ജ് 70 ശതമാനം പിരിഞ്ഞു കിട്ടുന്നു. ഒരുകോടി രൂപയ്ക്ക് മുകളില്‍ ചെലവു വരുന്ന എല്ലാ കെഎസ്ഇബി പദ്ധതികളും ഇപ്പോള്‍ കേന്ദ്ര ഫണ്ട് വിനിയോഗിച്ചാണ് ചെയ്യുന്നത്.അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഇബിക്ക് പണമൊന്നും ചെലവഴിച്ചിട്ടില്ല. എന്നിട്ടും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് ഒരു പൈസയും നല്കാന് തയാറാകാതെ, 20 കോടി രൂപ ജീവനക്കാരില്‍നിന്ന് പിരിച്ചെടുക്കാതെ, അതിനൊരു നടപടിയും കൈക്കൊള്ളാതെ ബോര്‍ഡില്‍നിന്ന് ചെയര്മാന് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൊടുത്തു. ഇപ്പോള്‍ ഈ തുക എവിടെനിന്ന്, എങ്ങനെ, എവിടെയെത്തി എന്ന കാര്യമാണ് ചര്‍ച്ചയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: