മലപ്പുറം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി അന്തിമഘട്ടത്തില്‍. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലയാണ് മലപ്പുറം. കഴിഞ്ഞ ദിവസം നോര്‍ക്ക പുറത്തുവിട്ട കണക്കനുസരിച്ച് 63,839 പേര് തിരിച്ചുവരാന്‍ സന്നദ്ധത അറിയിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്രയും പേരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളൊന്നും മലപ്പുറത്ത് ഒരുക്കിയിട്ടില്ല. 94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 11,778 പേരെ താമസിപ്പിക്കാവുന്ന 200 കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്.
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ മുഴുവന്‍ നിരീക്ഷണത്തിലാക്കാന്‍ കഴിയില്ലെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. പ്രകടമായ ആരോഗ്യപ്രശ്നങ്ങളുള്ളവരെ മാത്രമായിരിക്കും ഐസൊലേഷനില്‍ പ്രവേശിപ്പിക്കുക. മറ്റുള്ളവരെ വീടുകളിലേക്ക് വിടാനാണ് തീരുമാനം. എന്നാല്‍ ഇത് കൂടുതല്‍ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. നാളുകള്‍ക്ക് ശേഷം നാട്ടില്‍ മടങ്ങിയെത്തുന്നവരാണ് ഏറെ പേരും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ അടച്ചിരിക്കാന്‍ ഇവരില്‍ പലരും തയാറായെന്ന് വരില്ല. വിമാനത്താവളത്തിലെ പരിശോധനാ സമയത്ത് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവര്‍ക്ക് വരും ദിവസങ്ങളില്‍ വൈറസ് ബാധയുണ്ടായേക്കാം, ഇത് പിന്നീട് വലിയ രീതിയിലുള്ള സമൂഹവ്യാപനത്തിനും കാരണമാകും.
തിരിച്ചെത്തുന്ന മുഴുവന്‍ പ്രവാസികളെയും കുറഞ്ഞത് 28 ദിവസമെങ്കിലും ഐസൊലേഷനില്‍ പ്രവേശിപ്പിക്കണം. നിലവില്‍ അടച്ചിട്ടിരിക്കുന്ന വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണമെന്നുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: