കുമളി: രജനീഷ് സഹദേവന് ഒരു പ്രതീകമാണ്. സ്വന്തം ജീവനോടൊപ്പം, കുടുംബത്തിന്റെ സുരക്ഷിതത്വം പോലും മറന്ന് കൊറോണ രോഗബാധയുടെ കാലത്ത് രാപകലില്ലാതെ സമൂഹ സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകരുടെ പ്രതിനിധി.
എന്നാല്‍ ഒരു രൂപ പോലും പ്രതിഫലം കൈപ്പറ്റാതെ നൂറ് ശതമാനം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന താനുള്‍പ്പെടെയുള്ള വോളന്റീയര്‍മാര്‍ക്ക് പ്രബുദ്ധ കേരളത്തിന്റെ പൊതുസമൂഹത്തില്‍ നിന്ന് തിരികെ കിട്ടിയത് തികച്ചും വേദനാജനകമായ തിക്താനുഭങ്ങളെന്ന് രജീഷ് പറയുന്നു. സംസ്ഥാന അതിര്‍ത്തി പട്ടണമായ കുമളിയില്‍ മൂന്ന് ക്വാറന്റൈന് കേന്ദ്രങ്ങളാണ് നിലവിലുള്ളത്.
വിവിധ സമയങ്ങളില്‍ 75 ലധികം പേരെ ഇവിടെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മുടക്കം കൂടാതെ ക്രമീകരിക്കുകയാണ് 20 ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ചെയ്ത് വന്നിരുന്നത്. ഇതിനായി 24 മണിക്കൂറും സദാ ജാഗരൂകരായി നിലകൊള്ളുന്നവരാണ് വോളന്റിയര്‍മാര്‍. തുടക്കത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് രജനീഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. എന്നാല്‍ തങ്ങള്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്നവരില്‍ രണ്ട് പേര്‍ക്ക് കൊറോണ പോസീറ്റിവായതോടെ പൊതു സമൂഹത്തിന് സന്നദ്ധ പ്രവര്‍ത്തകരോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നതും തനി സ്വരൂപം പുറത്തു വന്നതും.
നവമാധ്യങ്ങളിലൂടെ സമൂഹത്തില്‍ തങ്ങളെ അകറ്റി നിര്‍ത്താന്‍ ആഹ്വാനങ്ങളുണ്ടായതായി രജനീഷ് പറയുന്നു. മാത്രമല്ല മെഡിക്കല്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള കച്ചവട സ്ഥാപനത്തില്‍ നിന്ന് പോലും വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായി. സഹപ്രവര്‍ത്തകരെ പൊതുനിരത്തില്‍ തടഞ്ഞതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ രജനീഷ് പങ്കുവെയ്ക്കുന്നു. നികൃഷ്ടജീവികളോടെന്ന പോലെയാണ് ചിലര്‍ തങ്ങളോട് പെരുമാറിയതെന്ന് രജനീഷ് ഓര്‍മ്മിക്കുന്നു. ചുരുങ്ങിയ കാലത്തിനിടെ 25 ലധികം രാജ്യങ്ങളില്‍ സഞ്ചാരികളുമായി യാത്ര ചെയ്തിട്ടുള്ള ട്രാവല്‍ ഗൈഡാണ് മുപ്പത്തൊമ്പത് കാരനായ രജനീഷ്.
ഇത്തരം പ്രതിസന്ധി ഘട്ടങ്ങില്‍ നിരുത്സാഹപ്പെടുത്തുകയല്ല, പൊതു സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് അത്യവശ്യമെന്ന് രജനീഷ് യൂടൂബിലൂടെയും മറ്റും ഓര്‍മ്മപ്പെടുത്തുന്നു. മാത്രമല്ല ആരൊക്കെ എതിര്‍ത്താലും അവസാന ആളും രോഗമുക്തി നേടുന്നത് വരെ താന്‍ മുന്‍ നിരയിലുണ്ടാകുമെന്ന് രജനീഷ് പൊതുസമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: