തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ ബാധിതരുടെ കണക്കുകള്‍ കുറച്ച് കാട്ടുന്നുവെന്ന് സംശയം. പലയിടങ്ങളിലും ജില്ലാ കളക്ടറും ആരോഗ്യ പ്രവര്‍ത്തകരും പുറത്ത് വിടുന്ന രോഗികളുടെ കണക്കുകള്‍ വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ ഇല്ലാതാകുന്നു. സംസ്ഥാനത്ത് മികച്ച പ്രതിരോധം ഉണ്ടെന്ന് വരുത്താനുള്ള ശ്രമമെന്നാണ് പ്രധാന ആരോപണം.
ജനുവരി 30ന് കൊല്ലത്ത് നാലു രോഗികള്‍ ഉണ്ടെന്നും അവരുടെ വിവരം മുഖ്യമന്ത്രി പിണറായി വിജയന് മറച്ചുവെച്ചു എന്നുമാണ് ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍ ഫേസ് ബുക്കിലൂടെ വ്യക്തമാക്കിയത്. പാരിപ്പള്ളി മെഡിക്കല്‍കോളേജിലെ കൊറോണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മീനാറ വാര്‍ഡ് മെമ്പറെ മൂന്ന് ദിവസം കഴിഞ്ഞ് തിരികെ വിട്ടു, വീട്ടുകാരുടെ സ്രവം പോലും ശേഖരിച്ചില്ല. തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.
ഇടുക്കിയിലും സമാന സംഭവം ഉണ്ടായി. മൂന്ന് പോസിറ്റീവ് കേസുകളുണ്ടെന്ന് ജില്ലാ കളക്ടര്‍ രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈകുന്നേരം ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് നിഷേധിച്ചു. പുനഃപരിശോധനാ ഫലത്തില്‍ മൂന്ന് ഫലവും നെഗറ്റീവ് എന്നാണ് രണ്ട് ദിവസം കഴിഞ്ഞ് മുഖ്യമന്ത്രി വിശദീകരിച്ചത്. മൂന്നുപേരെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കോഴിക്കോടും കാസര്‍കോടും നേരത്തെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായി. നിര്‍മ്മിതി കണക്കുകള്‍ പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഐഎംഎ) കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയത് ഈ സംശയത്തെ ബലപ്പെടുത്തുന്നു.
ഹോട്ട്സ്പോട്ടുകള്‍ പ്രഖ്യാപിക്കുന്നതും ഒഴിവാക്കുന്നതും കൃത്യമായ പരിശോധനകളിലൂടെ അല്ലെന്ന ആശങ്കയും വര്‍ധിക്കുന്നുണ്ട്. സാധാരണ പകര്‍ച്ചവ്യാധി ഘട്ടങ്ങളില്‍ ഒരു ലക്ഷം പേരുള്ള സ്ഥലത്ത് ഏറ്റവും കുറഞ്ഞത് 500 പേരുടെ എങ്കിലും സ്രവങ്ങള്‍ പരിശോധിച്ച് നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തണം. ആ സ്ഥലത്ത് ഒരാഴ്ചയക്കുള്ളില്‍ ആര്‍ക്കും പോസിറ്റീവ് ആകാതിരിക്കുകയും ഒരു ലക്ഷത്തിന് 100 പേരുടെ സ്രവമെങ്കിലും വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം. എന്നാല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും മൂന്ന് ദിവസം പോലും എടുക്കാതെ ഹോട്ട്സ്പോട്ടുകള്‍ മാറി മറിയുകയാണ്. മാത്രമല്ല ഇപ്പോഴും സ്രവ പരിശോധനകളുടെ എണ്ണത്തില്‍ കുറവ് എന്ന നിഗമനത്തിലാണ് ഐഎംഎ അടക്കമുള്ള സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: