മക്കളേ,
ചിലര്‍ പറയാറുണ്ട്, ‘അനേകം മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു, തീര്‍ത്ഥയാത്രകള്‍ നടത്തി, എന്നിട്ടും കാര്യസാദ്ധ്യമുണ്ടായില്ല’ എന്ന്. തീര്‍ത്ഥയാത്രയ്ക്കു പോകുന്നതും ക്ഷേത്രദര്‍ശനം നടത്തുന്നതുമെല്ലാം നല്ലതുതന്നെ. എന്നാല്‍ അതെല്ലാം കാര്യസാദ്ധ്യം മാത്രം ലക്ഷ്യമാക്കിയാകരുത്. നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുക, ഭഗവാനില്‍ പ്രേമം വളര്‍ത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. മനഃശുദ്ധി നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റെല്ലാം വ്യര്‍ത്ഥംതന്നെ.
കെട്ടിടം പണിയുന്നതിനുള്ള മെറ്റലില്‍ അഴുക്കില്ലെങ്കിലേ കോണ്‍ക്രീറ്റ് ഉറയ്ക്കൂ. അതുപോലെ ഹൃദയം ശുദ്ധമായാലേ ഈശ്വരനെ ഉള്ളില്‍ പ്രതിഷ്ഠിക്കാന്‍ കഴിയൂ. ക്ഷേത്രങ്ങളിലും തീര്‍ത്ഥസ്ഥാനങ്ങളിലും പോകുമ്പോള്‍ നമ്മള് ഈശ്വരസ്മരണയോടെ, സമര്‍പ്പണഭാവത്തോടെ പോകണം. നാമജപം, ഈശ്വരഭജനം, ധ്യാനം തുടങ്ങിയവയില്‍ മുഴുകി സമയം ചെലവഴിക്കണം. കാര്യസാദ്ധ്യം ഉണ്ടാകണമെങ്കില്‍പോലും ഭഗവാനില്‍ മനസ്സ് ഏകാഗ്രമാകണം. എന്നാല്‍ ഇന്നു മിക്കവരും ക്ഷേത്രത്തില്‍ ചെല്ലുന്നതുതന്നെ വീട്ടിലെയും ഓഫീസിലെയും നൂറുകൂട്ടം കാര്യങ്ങള്‍ ഓര്ത്തുവച്ചുകൊണ്ടായിരിക്കും. അവിടെച്ചെന്ന് അക്കാര്യങ്ങള്‍ ഭഗവാനോടു പറഞ്ഞ് ആഗ്രഹങ്ങള്‍ സാധിക്കാന്‍ അനുഗ്രഹം തേടുന്നുവെന്നല്ലാതെ എല്ലാം മറന്ന് ഭഗവാനെ ഒരു നിമിഷംപോലും സ്മരിക്കുന്നില്ല. ദുഃഖങ്ങള്‍ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമൊക്കെയാണ് ചിന്ത. ക്ഷേത്രവാതില്‍ക്കല്‍ അഴിച്ചുവെച്ച ചെരുപ്പ് ആരെങ്കിലും എടുത്തുകൊണ്ടുപോകുമോ എന്നാണു ചിലര്‍ക്കു ഭയം. അതു കഴിയുമ്പോള്‍ മനസ്സ് പായുന്നതു തിരിച്ചുപോകാനുള്ള ബസ്സിന്റെ പിന്നാലെയാണ്. ഇറങ്ങുന്നതിനുമുമ്പ് വഴിപാടിനായി കുറച്ചു പണവും ക്ഷേത്രത്തില്‍ കൊടുക്കും. പിന്നവിടെ നില്‍ക്കില്ല. ഇങ്ങനെ ക്ഷേത്രത്തില്‍ പൈസ കൊടുത്തിട്ടു ‘റ്റാറ്റാ’ പറഞ്ഞു പിരിയുകയല്ല വേണ്ടത്. ക്ഷേത്രത്തില്‍ ചെല്ലുമ്പോള്‍ ഭഗവാനോടു വീട്ടുകാര്യങ്ങളും ഓഫീസുകാര്യങ്ങളും പറയുന്നതിനുപകരം ക്ഷേത്രസന്നിധിയില്‍ കഴിയുന്നത്രയും സമയം ഭഗവാനെത്തന്നെ സ്മരിക്കുക. വക്കീലിനോടും ഡോക്ടറോടും എല്ലാം തുറന്നുപറയണം. എന്നാലേ കേസു വാദിക്കാനും രോഗത്തിന് ചികിത്സിക്കുവാനും പറ്റൂ. എന്നാല്‍ ഈശ്വരനോട് ഒന്നും പറയേണ്ട ആവശ്യമില്ല. അവിടുത്തേക്കു നമ്മുടെ മനസ്സ് അറിയാമല്ലോ. അതിനാല്‍ അവിടെച്ചെന്നു ഭഗവാനെ സ്മരിച്ച് നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുക. അത്രയും സമയം നാമജപം ചെയ്യാന്‍ ശ്രമിക്കുക. എങ്കിലേ ക്ഷേത്രദര്‍ശനത്തിന്റെ ശരിയായ പ്രയോജനം ലഭിക്കൂ.
വ്രതനിഷ്ഠമായ മനസ്സോടെവേണം തീര്‍ത്ഥാടനം ചെയ്യുവാന്‍. എന്നാല്‍ തീര്‍ത്ഥസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ പലപ്പോഴും സുഖവാസത്തിനു പോകുന്ന മനോഭാവത്തോടെയാണ് പോകുന്നത്. വീട്ടില്‍നിന്ന് പുറപ്പെടുന്നതിനുമുമ്പുതന്നെ സകല സൗകര്യങ്ങളുമുള്ള ഹോട്ടലില്‍ മുറി ബുക്കുചെയ്യും. വഴിനീളെ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമൊക്കെ ചര്‍ച്ചചെയ്തായിരിക്കും യാത്രചെയ്യുന്നത്. തിരിച്ചെത്തിയാലും അതിന് അന്തമില്ല. ഇതിനിടയില്‍ ഈശ്വരനെപ്പറ്റി ചിന്തിക്കുന്ന കാര്യം മാത്രം മറക്കും.
തിരുപ്പതിയിലോ കാശിയിലോ പോയാലും നമ്മുടെ മനസ്സ് ഈശ്വരനില്‍ നില്ക്കുന്നില്ലെങ്കില് മുക്തി കിട്ടില്ല, പുണ്യവും കിട്ടില്ല. കാശിയില്‍ ചെന്നതുകൊണ്ടു മുക്തി കിട്ടുമായിരുന്നുവെങ്കില്‍ അവിടെ കച്ചവടം ചെയ്യുന്നവര്‍ക്കൊക്കെ മുക്തി കിട്ടണ്ടെ? ക്ഷേത്രത്തില്‍ ചെന്നു വലത്തിട്ടു തൊഴുതതുകൊണ്ടു മാത്രം ആദ്ധ്യാത്മികമോ ഭൗതികമോ ആയ കാര്യമായ പ്രയോജനമുണ്ടാകില്ല. എത്ര ക്ഷേത്രങ്ങളില്‍ പോയാലും എത്ര വഴിപാടു നടത്തിയാലും എത്ര കാണിക്കയിട്ടാലും മനസ്സിനെ ഈശ്വരോന്മുഖമാക്കിയാലേ ഫലമുള്ളു.
ടിവി കേന്ദ്രത്തില്‍നിന്നും പരിപാടികള്‍ അയച്ചാലും നമ്മള് ടെലിവിഷന്‍ ട്യൂണ്‍ ചെയ്താലല്ലേ പരിപാടികള്‍ കാണാന്‍ കഴിയൂ. അതുപോലെ ഈശ്വരന്റെ കൃപ സദാ നമ്മളിലേയ്ക്കു പ്രവഹിക്കുന്നു. പക്ഷേ, അതു നമുക്കു പ്രയോജനപ്പെടണമെങ്കില്‍ നമ്മുടെ മനസ്സ് ഈശ്വരനില്‍ ഉറയ്ക്കണം. മഴപെയ്യുമ്പോള്‍ എത്രയോ വെള്ളം മണ്ണില്‍ വീണു ചെളിയായി മറ്റുള്ളവര്‍ക്കുകൂടി ബുദ്ധിമുട്ടുണ്ടാക്കുന്നു. മണലില്‍ വീഴുന്ന വെള്ളം ഒഴുകിപ്പോകുന്നു. എന്നാല്‍ കടലിലെ ചിപ്പിക്കു കിട്ടുന്നത് ഒരു തുള്ളി വെള്ളമാണെങ്കില്‍ക്കൂടി, കാത്തിരുന്നു കിട്ടിയ ആ ഒരു തുള്ളി വെള്ളത്തെ അത് വിലമതിക്കാനാകാത്ത മുത്താക്കി മാറ്റുന്നു. അതുപോലെ ഭഗവാന് സദാ കൃപ ചൊരിയുന്നുവെങ്കിലും നമ്മള് അത് എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമുക്കു കിട്ടുന്ന ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: