സംഗീതത്തെ പ്രാണനുമപ്പുറം ചേര്‍ത്ത് വെക്കുന്നവരാണ് കോഴിക്കോട്ടുകാര്‍ എന്നൊരു പതിവ് പല്ലവിയുണ്ട്. സായാഹ്നങ്ങളില്‍ നിരവധി സംഗീത സദസ്സുകള്‍ ഇന്നും കോഴിക്കോടിന്റെ പ്രത്യേകതയാണ്. നഗരത്തിന് പലയിടത്തുമായി ഗസലും ക്ലാസ്സിക്കലും ഹിന്ദുസ്ഥാനിയും നാടന്‍ പാട്ടുമെല്ലാം കൂട്ടിമുട്ടുന്ന വൈകുന്നേരങ്ങള്‍ കോഴിക്കോടിന്റെയൊരു ശീലമാണ്. അപ്പോള്‍ അവിടെ നിന്നും സംഗീത പ്രതിഭകള്‍ ഉണ്ടായില്ലെങ്കില്‍ അല്ലേ അത്ഭുതമുള്ളൂ. കോഴിക്കോടിനടുത്ത് ബാലുശ്ശേരിയിലും സംഗീതത്തിന്റെ പുതമണമുണ്ട്. മലയാളത്തെ വിസ്മയിപ്പിക്കാന് പോകുന്ന പ്രണയാര്‍ദ്രമായ ശബ്ദത്തിനുടമയുണ്ട്- കെ.എം. രാഗേഷ്. ഇനി മലയാള സംഗീത ലോകം അറിയപ്പെടുക അദ്ദേഹത്തിന്റെ കൂടി പേരിലായിരിക്കും.
രാഗേഷിന്റെ സംഗീത അനുഭവം സ്ക്കൂള് കാലഘട്ടം മുതലേ തുടങ്ങുന്നു. അന്നത്തെ വെള്ളിയാഴ്ച്ചകള്‍ ഏറെ പ്രിയപ്പെട്ടതായിരുന്നു. ഉച്ചയ്ക്ക് സാഹിത്യ സമാജം എന്ന പരിപാടി. അതിലെ മെയിന്‍ പാട്ടുകാരന് എന്ന് പറയുമ്പോള്‍ ഓര്‍മകളുടെ വേലിയേറ്റം. അങ്ങനെ സ്ക്കൂളിലെ അദ്ധ്യാപകര്‍ രാഗേഷിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞു. കൂട്ടത്തില്‍ നവോദയ ബാലകൃഷ്ണന് എന്ന ഗുരുനാഥന് രാഗേഷിനെ അല്‍പ്പം കൂടുതല്‍ ശ്രദ്ധിച്ചു. മത്സരങ്ങള്‍ക്ക് പാട്ട് പഠിപ്പിക്കാന്‍ വന്ന ബാലകൃഷ്ണന് അങ്ങനെ ആദ്യ ഗുരുവായി. പി
ന്നീട് പ്ലസ് ടു പഠനം കഴിയുന്ന വരെ മാഷിന്റെ ചിട്ടയില്‍ നിരവധി സ്റ്റേജുകള്‍. ലളിതഗാനം, കഥാപ്രസംഗം, പദ്യം ചൊല്ലല്‍ അങ്ങനെ കലാരംഗത്ത് സജീവ സാന്നിദ്ധ്യമായി കുഞ്ഞു രാഗേഷ്. താളങ്ങളോട് ആയിരുന്നു ഏറ്റവും ഇഷ്ടം. പഠിക്കാന്‍ ഒരു ഗുരുനാഥന്റെ അടുത്ത് ആദ്യം പോകുന്നത് തബലയോടുള്ള പ്രണയത്തിന്റെ പുറത്താണ്. തുടര്‍ന്ന് ഹൈസ്ക്കൂള് മുതല്‍ ശാസ്ത്രീയ സംഗീത പഠനവും തുടങ്ങി. അവിടെ ഗുരുസ്ഥാനത്ത് ഹരിപ്പാട് കെ.പി.എന്‍ പിള്ള.
സംഗീതാര്‍പ്പണം, പഠനരീതി, ഗുരുകുല സമ്പ്രദായത്തിലുള്ള ശിക്ഷണം അങ്ങനെ എല്ലാം കൊണ്ടും തികഞ്ഞ അച്ചടക്കമായിരുന്നു അവിടെ. അതെല്ലാം ഒരുപാട് സ്വാധീനിച്ചു. സഥിരം ക്ലാസ്സ് കഴിഞ്ഞാല്‍ സാറിന്റെ വീട്ടില്‍ പോയി വൈകിട്ട് വീണ്ടും ഇരിക്കും. രാത്രി കഞ്ഞിയും പയറും പാചകം ചെയ്യുന്നു. സാറ് വിളമ്പിത്തരും. ഞങ്ങള്‍ കഴിക്കും. അനുഭവിച്ച പിതൃവാല്സല്യത്തെക്കുറിച്ച് രാഗേഷ് ഓര്‍ക്കുന്നു. രാത്രി ഏറെ വൈകി നീളുന്ന പഠന രീതികള്‍ തന്നിലെ സംഗീതകാരനെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. പഠനകാലത്ത് സംസ്ഥാന കലോത്സത്തില്‍ തബല, പദ്യം ചൊല്ലല്‍, ലളിതഗാനം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ രാഗേഷ് ഇന്നും തന്റെ ഗുരുനാഥനില്‍ നിന്നും സ്വായത്തമാക്കിയ ചിട്ടകള്‍ അതേപടി തുടരുന്നു.
”പ്ലേബാക്ക് സിംഗര്‍ എന്നതിലേക്ക് ഞാന്‍ എത്തുന്നതേ ഉള്ളൂ. എന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ് അത്. ചില സിനിമകള്‍ക്ക് ട്രാക്ക് പാടി. എന്നാല്‍ നല്ലൊരു അവസരം. അത് ഉടന്‍ വരുമെന്ന പ്രതീക്ഷയിലാണ്” രാഗേഷ് പറയുന്നു. സ്വന്തമായി തുടങ്ങിയ ബേഖുദി എന്ന ബാന്‍ഡ് വലിയൊരു നിമിത്തമായെന്നും അദ്ദേഹം ഓര്‍ക്കുന്നു. സുഹൃത്ത് ഇസ്മയില്‍ വഴി ആരംഭിച്ച ബാന്‍ഡിന് വേണ്ടി രാഗേഷ് സംഗീതം നിര്‍വ്വഹിച്ച ഉറുദു ഗസല്‍ ആല്‍ബം മലയാളികളാല്‍ ആദ്യമായി സൃഷ്ടിക്കപ്പെട്ട ആദ്യത്തെ ആല്‍ബമാണ്. സ്വന്തം പാട്ട് ശ്രദ്ധിക്കപ്പെടണം എന്നൊരു ചിന്തയൊന്നും ഇല്ലായിരുന്നു. എന്നാല്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയും ആ കുടുംബവുമാണ് രാഗേഷിനേയും അദ്ദേഹത്തിന്റെ പാട്ടിനെയും കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചത്. ആ ഷോയിലെ ഓരോരുത്തര്‍ക്കും ഇന്ന് മികച്ച ജീവിത സാഹചര്യം കൂടി ലഭിച്ചു. കൂടെ നില്‍ക്കുന്നവര്‍ക്ക് മനസ്സറിഞ്ഞ് നന്മ ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന ഷോ ഡയറക്ടര്‍ സര്‍ഗോ വിജയരാജും രാഗേഷിന്റെ ജീവിതത്തില്‍ വലിയൊരു നിമിത്തമാണ്.
”ഏത് ടൈപ്പ് പാട്ട് പാടാനും എനിക്ക് ഇഷ്ടമാണ്. മെലഡി പാട്ടുകള്‍ മറ്റുള്ളതില്‍ നിന്നും ഒരുപടി മുകളില്‍ ആണല്ലോ. ആര്‍ദ്രത അത് വല്ലാത്തൊരു സുഖമുള്ള അനുഭൂതിയാണ്. പഠിച്ചതിനേക്കാള്‍ കേള്‍ക്കാനാണ് ഇഷ്ടം. ഹിന്ദുസ്ഥാനിയുടെ വകഭേദമായ ഗസല്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. സംഗീതത്തെ അറിയും തോറും നമ്മളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സെല്‍ഫ് റിഫൈന്‍ഡ് ആകാന്‍ സംഗീതത്തിലൂടെ കഴിയും. സംഗീതം നമ്മളെ ശുദ്ധീകരിക്കുന്നുണ്ട്. മറ്റുള്ളവരെ ഇംപ്രസ്സ് ചെയ്യുന്നതിന് അപ്പുറം അതിന് ഒരുപാട് അര്‍ത്ഥ തലങ്ങളുണ്ട്. പെരുമാറ്റത്തില്‍ അടക്കം സ്വാധീനിക്കുന്നുണ്ട്. നമ്മെ പഠിപ്പിച്ച ഗുരുക്കന്മാരിലൂടെ നാമറിയാതെ അത് നമ്മിലേക്ക് പ്രവേശിക്കുന്നു. അതിനൊപ്പം നിരന്തരമായ അര്‍പ്പണ ബോധവും കൂടിയാകുമ്പോള്‍ എല്ലാം നമ്മെ തേടിവരും”രാഗേഷ് പറഞ്ഞുനിര്‍ത്തുന്നു.
മധു രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: