ഇരിട്ടി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പോലീസ് സബ് ഡിവിഷന്റെ കീഴില്‍ കണ്ടെത്തിയ കണ്ടെയ്ന്മെന്റ് സോണുകളില്‍ പരിശോധനകളും നിയന്ത്രണങ്ങളും വീണ്ടും പോലീസ് ശക്തമാക്കി. കണ്ടെയ്മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞദിവസങ്ങളില്‍ നേരിയ ഇളവ് അനുവദിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തുകയും കണ്ടെയിന്മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നേരത്തെ ഇളവുകള്‍ അനുവദിച്ച സ്ഥലത്ത് നിയന്ത്രണം കര്‍ശനമാക്കിയത്. ഇതോടൊപ്പം കൂടുതല്‍ പ്രദേശങ്ങളെയും റെഡ് സോണില്‍ ഉള്‍പ്പെടുത്തി. നിലവിലുള്ള ഗതാഗത നിയന്ത്രണം ഒന്നു കൂടി കടുപ്പിച്ചിരിക്കുകയാണ് പോലീസ്. ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ അടച്ച് പോലീസിനെ കാവല്‍ നിര്‍ത്തി.
ഇരിട്ടി പോലീസ് സബ് ഡിവിഷന് കീഴില്‍ ഇരിട്ടി,ആറളം, മുഴക്കുന്ന് ,തില്ലങ്കേരി, മട്ടന്നൂര്‍, ഇരിക്കൂര്‍, കണിച്ചാര്‍ ,കേളകം ,പേരാവൂര്‍, കൊട്ടിയൂര്‍ മേഖലകളിലാണ് കണ്ടെയിന്മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത് . ഇതിന്റെ ഭാഗമായി മേഖലകളിലെ ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവി മേഖലയില്‍ സന്ദര്‍ശനം നടത്തി കണ്ടെയ്ന്മെന്റ് സോണുകളുടെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി പഴശ്ശി പ്രോജക്ട് റോഡ് , എടക്കാനം -വള്ളിയാട് റോഡ് , ഇരിട്ടി- തളിപ്പറമ്പ് സംസ്ഥാന ഹൈവേയിലെ തന്തോട് പാലം, ആറളം – പേരാവൂര്‍ മലയോര ഹൈവേ റോഡില്‍ ഉള്‍പ്പെടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് . ഇരിട്ടി ഡിവൈഎസ് പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് .
ഹോസ്പോര്ട്ട് പട്ടികയില്‍ നിന്നും ഇരിട്ടി നഗരസഭയെ ഒഴിവാക്കിയെങ്കിലും നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകളൊന്നും വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് വ്യക്തികള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്ത ഇരിട്ടിയിലെ ഹോള്‍സെയില്‍ വ്യാപാര സ്ഥാപന ഉടമയെയും ജീവനക്കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് അവരെ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: