വാഷിങ്ടണ്‍ : കോവിഡ് വിഷയത്തില്‍ ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ) ചൈനയോട് പക്ഷപാതിത്വം കാണിച്ചതായി വീണ്ടും വിമര്‍ശനവുമായി യുഎസ്. കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നതില്‍ ചൈന വരുത്തിയ വീഴ്ചയാണ് ഇന്ന് ലോക രാഷ്ട്രങ്ങള്‍ അനുഭവിക്കുന്നതെന്നും പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്കെനാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
64,000 അമേരിക്കക്കാരുടെ ഉള്‍പ്പെടെ 2.35ലക്ഷം പേര് കോവിഡിനാല്‍ മരണപ്പെട്ട സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് ചൈനയ്ക്കും ലോകാരോഗ്യ സംഘടനയ്ക്കും നേരെയുള്ള ആരോപണ ശരങ്ങള്‍ കടുപ്പിക്കുന്നത്. വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ചൈനയ്ക്കെതിരെ തീരുവ ഏര്‍പ്പെടുത്തുമെന്ന്് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. പിന്നാലെ വിപണി ഇടിയുകയും ചെയ്തിരുന്നു.
ഷാങ്ഹായിലെ പ്രൊഫസര്‍ വെളിപ്പെടുത്തുന്നത് വരെ ചൈന കൊറോണ വൈറസിന്റെ ജനിതക ക്രമം പോലും പുറത്തുവിട്ടില്ല. ജനിതക ക്രമം പുറത്തിവട്ടതിന് പ്രതികാരനടപടിയായി അവര്‍ അടുത്ത ദിവസം തന്നെ പ്രൊഫസറുടെ ലാബ് അവര്‍ അടപ്പിച്ചു. സുപ്രധാന സമയത്ത് യുഎസ് അന്വേഷകരെ അവര്‍ കടത്തി വിട്ടതുപോലുമില്ലെന്നും കെയ്ലി കുറ്റപ്പെടുത്തി.
അതേസമയം കോവിഡ് -19 വൈറസ് മനുഷ്യനിര്‍മ്മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ല എന്ന നിഗമനത്തോട് യോജിക്കുന്നുവെന്ന് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ഓഫീസ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് എത്തുന്ന നിഗമനങ്ങള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നയം രൂപീകരിക്കുന്നവരാണ്. വിഷയത്തില്‍ ട്രംപ് ഉചിതമായ തീരുമാനമെടുക്കുമെന്നും കെയ്ലി അറിയിച്ചു.
ലോകാരോഗ്യ സംഘടനയ്ക്ക് പ്രതിവര്‍ഷം 40 കോടി ഡോളര്‍ മുതല്‍ 50 കോടി ഡോളര്‍ വരെ അമേരിക്ക നല്‍കുന്നുണ്ട്. ഈ സ്ഥാനത്ത് ചൈന വെറും 4 കോടി ഡോളറാണ് നല്‍കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയ്ക്ക് വളരെ വ്യക്തമായ ചൈന പക്ഷപാതമുണ്ടെന്ന് തോന്നുന്നു. ചൈനയ്ക്ക് അനുകൂലമായാണ് ഡബ്ല്യൂഎച്ച്ഒ സംസാരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: