തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് മദ്യവില്പന ശാലകള്‍ തത്കാലം തുറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മദ്യവില്പന നിബന്ധനകള്‍ പാലിച്ചു നടത്താമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ബെവ്കോ തുറന്നാല്‍ സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കാന്‍ സാധിക്കില്ലെന്നും വന്‍തോതില്‍ ആള്‍ക്കൂട്ടം ഉണ്ടാകുമെന്നും ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. മേയ് 17 വരെ നീട്ടിയ ലോക്ക്ഡൗണ്‍ കഴിഞ്ഞ ശേഷം മദ്യവില്പന ശാലകള്‍ തുറന്നാല്‍ മതിയെന്നാണു മുഖ്യമന്ത്രി യോഗത്തെ അറിയിച്ചത്. അഞ്ചു പേരില്‍ കൂടുതല്‍ ഒരുസമയത്ത് പാടില്ലെന്ന് ശുചീകര സംവിധാനം ഒരുക്കി മദ്യവില്പന ശാല തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
നേരത്തേ, കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് വ്യക്തമാക്കിയിരുന്നു. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം നടപടികള്‍ കൈക്കൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ ബാറുകള്‍ അടഞ്ഞു തന്നെ കിടക്കുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിമാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി യോഗം ചേര്‍ന്ന ശേഷം മാത്രമേ ഇത് സംബന്ധിച്ച് തീരുമാനമെടുക്കൂ. നിലവില്‍ ബാറുകള്‍ അടച്ചുതന്നെ ഇടാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ബാറുകള്‍ അണുവിമുക്തമാക്കി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കാന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ മതിയെന്നും മദ്യശാലകള്‍ തുറക്കാന്‍ മറ്റു തടസങ്ങളില്ലെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.
അതേസമയം മദ്യം ഓണ്‍ലൈനില്‍ കൊടുക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും നിലവില്‍ എടുത്തിട്ടില്ല. ആ തീരുമാനം എടുക്കാതെ തന്നെ ചിലര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു എന്നുള്ള വാര്‍ത്ത കണ്ടിരുന്നു. അവ അങ്ങേയറ്റത്തെ തട്ടിപ്പാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: