തിരുവനന്തപുരം: നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് നടത്താനില്ലെന്ന നിലപാടില്‍ ഉറച്ച് സ്വകാര്യ ബസ് ഉടമകള്‍. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ചാര്‍ജ് കൂട്ടണമെന്ന് ബസുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഗതാഗതവകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് നിയന്ത്രണങ്ങളുമായി ബസോടിക്കാനില്ലെന്ന് നിലപാടിലേക്ക് ബസുടമകള്‍ എത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങളോടെ സര്‍വീസുകള്‍ നടത്തിയാല്‍ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം. ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ തീര്‍ന്നാലും കുറച്ച് കാലത്തേക്ക് യാത്രക്കാര്‍ ബസുകളില്‍ കയറാന്‍ വിമുമഖത കാണിക്കും എന്നാണ് കരുതുന്നത്. ഇക്കാര്യങ്ങളെല്ലാം മുന്‍കൂട്ടിക്കണ്ട് ഒരുവര്‍ഷത്തേക്ക് സര്‍വീസുകള്‍ അവസാനിപ്പിക്കാനുള്ള ജിഫോം അപേക്ഷ 70 ശതമാനം സ്വകാര്യ ബസുടമകളും നല്‍കിയിട്ടുണ്ട്.
12,000- ത്തോളം സ്വകാര്യ ബസുകളാണ് ലോക്ക്ഡൗണിനുമുമ്പ് സംസ്ഥാനത്ത് സര്‍വീസ് നടത്തിയിരുന്നത്. നിരക്ക് കൂട്ടാതെ മറ്റ് ഇളവുകളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് വ്യക്തമാക്കിയിരുന്നു. ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയലുള്ള സര്‍വീസ് വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും. ഈ സാഹചര്യത്തില്‍ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്സിഡി അനുവദിക്കുക, വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് സ്വകാര്യബസുടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: