തിരുവനന്തപുരം: അടച്ചിടൽ മൂലം നാട്ടില്‍ പോകാനാകാതെ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ ഝാര്‍ഖണ്ഡ് സ്വദേശികളായ കുടിയേറ്റ തൊഴിലാളികളുമായുള്ള ട്രെയിന്‍ ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും. നെടുമങ്ങാട്, പോത്തന്‍കോട് ഭാഗങ്ങളില്‍ പ്രത്യേക സ്ക്രീനിംഗ് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയവരെയാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റാഞ്ചിയിലേക്ക് പുറപ്പെടുന്ന നോണ്‍ സ്റ്റോപ്പ് ട്രെയിനില്‍ യാത്രക്കുള്ള തൊഴിലാളികളെ സ്റ്റേഷനിലെത്തിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങി. ഇതിനായി സാമൂഹ്യ അകലം പാലിച്ച് രണ്ട് കേന്ദ്രങ്ങളിലായി തെര്‍മ്മല്‍ സ്ക്രീനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ആരംഭിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും തിരിച്ചറിയില്‍ രേഖകളുടെയും അടിസ്ഥാനത്തില്‍ ഇവരെ പ്രത്യേകം തയ്യാറാക്കിയ കെ.എസ്.ആര്.ടി സി ബസുകളില്‍ കയറ്റി തമ്പാനൂരിലെത്തിക്കും.
ഒരു ബസില്‍ മുപ്പത് പേരെയാണ് പ്രവേശിപ്പിക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് ട്രെയിന്‍ പുറപ്പെടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും തെര്‍മ്മല്‍ സ്ക്രീനിംഗിനും പരിശോധനകള്‍ക്കും വിധേയരാക്കിയശേഷം സാമൂഹ്യ അകലം ഉറപ്പാക്കി ഒരു കമ്പാര്‍ട്ട്മെന്റില്‍ 60 പേരെ വീതമാണ് യാത്രചെയ്യാന്‍ അനുവദിക്കുക. 832 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. യാത്രയില്‍ ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും ട്രെയിന്‍ കയറും മുമ്പ് തന്നെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യും.
റാഞ്ചിയിലെത്തിയാല്‍ ഇവരെ വീണ്ടും അവിടെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കാനും നാടുകളിലെത്തിക്കാനും ഝാര്‍ഖണ്ഡ് സര്‍ക്കാരും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്നലെ ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്കാണ് 1200 അതിഥിതൊഴിലാളികളുമായുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടത്. അതിനുശേഷം ഇന്ന് തിരുവനന്തപുരത്ത് നിന്നും എറണാകുളം, ആലുവ എന്നിവിടങ്ങളില്‍ നിന്നും രണ്ട് ട്രെയിനുകള്‍ കൂടി പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് നിന്ന് മറ്റൊരു ട്രെയിനും കുടിയേറ്റ തൊഴിലാളികള്‍ക്കായി യാത്രയ്ക്ക് തയ്യാറെടുക്കുന്നതായി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ട്രെയിനിനുളളില്‍ സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ കാര്യങ്ങള്‍ക്കായി ഓരോ കോച്ചിലും രണ്ട് സി.ആര്.പി.എഫുകാരെ വീതം നിയോഗിച്ചിട്ടുണ്ട്. മൂന്നരലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തുള്ളതായാണ് ലേബര്‍ വകുപ്പ് പുറത്തിറക്കിയ കണക്കുകളില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: