തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും വ്യാപക റെയിഡുമായി ദേശീയ അന്വേഷണ ഏജന്‍സി. ഭീകരവാദബന്ധമുള്ളവരെ പിടികൂടുന്നതിനായി ഇന്നു രാവിലെ ആറിനാണ് പോലീസിന്റെ സഹായത്തോടെ എന്‍ഐഎ റെയിഡ് ആരംഭിച്ചത്. പരിശോധനക്കൊടുവില്‍ മാധ്യമപ്രവര്ത്തകന് ഉള്‍പ്പെടെ മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു. വയനാട് സ്വദേശികളും അധ്യാപകന്മാരുമായ ദ്വിജിത്ത്, എല്‍ദോ വില്‍സണ്‍, കോഴിക്കോട് സ്വദേശിയായ ഓണ്‍ലൈന്‍ മാധ്യമ പ്രവര്ത്തകന് അഭിലാഷ് പടച്ചേരി എന്നിവരെയാണ് കൊച്ചി എന്‍.ഐ.എ യൂണിറ്റ് ഡി.വൈ.എസ്.പി വിജിന്റെ നേതൃത്വത്തില്‍ വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍,പെന്‍ഡ്രൈവ് ചില നിരോധിക്കപ്പെ സംഘടനയുടെ പുസ്തകങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയായിരുന്നു എന്‍.ഐ.എ രണ്ട് സംഘങ്ങളായി ഇവര്‍ താമസിക്കുന്ന സ്ഥലത്ത് റെയ്ഡ് നടത്തിയത്. ദ്വിജിത്തും എല്‍ദോയും താമസിക്കുന്ന കോഴിക്കോട് ചെറുകുളത്തൂരിലെ പരിയങ്ങാട് ഭാഗത്തും അഭിലാഷ് താമസിക്കുന്ന മെഡിക്കല്‍ കോളേജിനടുത്തുള്ള ഇരിങ്ങാടന്‍ പള്ളിയിലെ വാടക വീട്ടിലുമായിരുന്നു പരിശോധന. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ അലന്, താഹ എന്നിവരുമായി ബന്ധപ്പെട്ടാണ് മൂന്ന് പേരേയും പിടികൂടിയിരിക്കുന്നത്.
പോലീസ് വെടിയേറ്റ് മരിച്ച മലപ്പുറം പാണ്ടിക്കാട്ടെ സി.പി ജലീലിന്റെ വീട്ടിലും തറവാട്ട് വീട്ടിലും പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ നിന്നും ചില രേഖകളും മൊബൈല്‍ ഫോണുകളും, പോസ്റ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം പാണ്ടിക്കാട് സി.ഐ, വണ്ടൂര്‍ സി.ഐ. അടക്കം മുപ്പതോളം പോലീസ്- എന്‍ ഐ എ ഉദ്യോഗസ്ഥരാണ് റെയിഡുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിജിത്ത് വിജയന്, എല്‍ദോസ് വിത്സന് എന്നിവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും എന്‍ഐഎ സഘം വ്യക്തമാക്കി.
ഇവരുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട് യൂണിവേഴ്സിറ്റി എന്‍ജിനീയറിങ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ ഇവര്‍ വീടിനോടു ചേര്‍ന്ന് ബി- ടെക് ട്യൂഷന് സെന്റര്‍ നടത്തുകയാണ്. അഭിലാഷ് പടച്ചേരി എസ്ഡിപിഐയുടെ ഓണ്‍ലൈനായ തേജസിലെ പ്രവര്‍ത്തകനാണ്. ഇയാളുടെ കൈയില്‍ നിന്നും ഡിജിറ്റല്‍ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അര്‍ബന്‍ മാവോയിസ്റ്റുകളെ പിടികൂടാന്‍ വരും ദിവസങ്ങളിലും റെയിഡുകള്‍ തുടരുമെന്ന് എന്‍ഐഎ ഉദ്യേഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: