ഗുരുവായൂര്‍: ലോക്ഡൗണും മേടച്ചൂടിന്റെ കാഠിന്യമൊന്നും ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ഗജകേസരികളെ ബാധിക്കുന്നില്ല. പൂരങ്ങളുടെ ആരവമുയരുന്ന കാലമായിരുന്നു ഇത്. പൂരാഘോഷങ്ങള്‍ തുടങ്ങിയാല്‍ പിന്നെ, ഗുരുവായൂര്‍ ദേവസ്വത്തിലെ ഒട്ടുമിക്ക കൊമ്പന്മാര്‍ക്കും വിശ്രമമില്ലാത്ത രാപകലുകളായിരുന്നു. എന്നാല്‍ എല്ലാറ്റിനും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍. കൊമ്പന്മാരെല്ലാം വിശ്രമത്തില്‍. ഒപ്പം വെറുതേ നില്‍പ്പിന്റെ ആലസ്യവും ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ നല്ല വ്യായാമവുമുണ്ട്.
ശ്രീഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ നാല്‍പ്പത്തേഴു പേരും (40 കൊമ്പന്മാരും, അഞ്ചു പിടിയാനകളും രണ്ടു മോഴയും) സംതൃപ്തിയിലാണ്, ഈ ലോക്ഡൗണിലും. രണ്ടാനയൊഴിച്ച് ബാക്കിയുള്ളവ കോട്ടയ്‌ക്കകത്ത് ഒതുങ്ങുന്നു. ക്ഷേത്രത്തിലെ നിത്യനിദാന ചടങ്ങുകളായ ശീവേലിക്കും വിളക്കിനുമായി കരുതലുള്‍പ്പടെ രണ്ടാനകള്‍ ദിവസവും ക്ഷേത്രത്തിലേയ്‌ക്കെത്തും. നാലു ദിവസം കൂടുമ്പോഴാണ് ഈ രണ്ടാനകളുടെ മാറ്റം. നൂറോളം പാപ്പാന്മാര്‍ കോട്ടയ്‌ക്ക് പുറത്തുപോകാതെ അവിടെ സ്ഥിരതാമസമുണ്ട്. എല്ലാ ആനകള്‍ക്കും തികഞ്ഞ ശ്രദ്ധയോടേയുള്ള പരിചണമാണ് പാപ്പാന്മാരില്‍നിന്നും ലഭിയ്‌ക്കുന്നത്.
അഴിക്കാനാകാതെ കെട്ടുംതറിയില്‍ നില്‍ക്കുന്ന ആനകളൊഴിച്ച് മറ്റെല്ലാ ആനകളും രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന വ്യായാമം, മുറതെറ്റാതെ നടത്താന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിറിന്റെയും, ജീവധനം ഡെപ്യുട്ടി അഡ്മിനിസ്‌റ്റ്രേറ്റര്‍ എസ്. ശശിധരന്റേയും പ്രത്യേക മേല്‍നോട്ടവുമുണ്ട്.
രാവിലെ ഒമ്പതിന് കോട്ടയ്‌ക്ക് ചുറ്റും മൂന്ന് റൗണ്ട് നടത്തം. കൂടാതെ കെട്ടുംതറിയില്‍നിന്നും അഴിക്കാനാകാതെ നില്‍ക്കുന്ന കൊമ്പന്മാര്‍ക്ക് പട്ടയെത്തിച്ച് കൊടുക്കുന്നതും മറ്റ് ആനകളുടെ വ്യായാമത്തിന്റെ ഭാഗമാണ്. നടത്തം കഴിഞ്ഞാല്‍ കുറച്ചുനേരത്തെ വിശ്രമത്തിനുശേഷം, വിസ്തരിച്ച് തേച്ചുകുളി. തുടര്‍ന്ന് സുഭിക്ഷമായ ഭക്ഷണം. കുളിയൊഴിച്ച് നടത്തം ഉള്‍പ്പടെയുള്ള വ്യായാമം വൈകിട്ടും ആവര്‍ത്തിക്കും. പൂ
രങ്ങളുടെ കാലമായ ഈ സമയത്ത് ഗുരുവായൂര്‍ ദേവസ്വത്തിലെ മുപ്പതോളം കൊമ്പന്മാരാണ് കേരളത്തിലെ അങ്ങോളമിങ്ങോളം ഉത്സവാഘോഷങ്ങളെ വിസ്മയത്തിന്റെ കൊടുമുടിയിലെത്തിച്ചിരുന്നത്. ഇപ്പോള്‍ അവര്‍ ആളും, ആരവവുമില്ലാത്ത ആനകോട്ടയില്‍ ഒതുങ്ങികഴിയുകയാണ്, യാതൊരു അല്ലലും, അലട്ടുമില്ലാതെ. പനംപട്ട, പച്ചപുല്ല്, വാഴപ്പിണ്ടി, ഭക്ഷണക്കൂട്ടിനുള്ള പലവ്യജ്ഞനങ്ങള്‍, ശുദ്ധജലം തുടങ്ങി ആനകളുടെ നിത്യനിധാന ഭക്ഷണങ്ങള്‍ കോട്ടയില്‍ സുലഭമാണ് ഇപ്പോഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: