കോഴഞ്ചേരി: കീഴുകരയിൽ പിച്ചനാട്ട് കോളനി നിവാസികൾ മലിന ജലംമൂലം സാംക്രമിക രോഗ ഭീഷണിയിൽ. കോളനിയെ ചുറ്റി ഒഴുകുന്ന പൊങ്ങണം തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നാണ് കിണറുകൾ മലിനമായി ദുർഗന്ധം വമിക്കുന്ന നിലയിലായത്. പഞ്ചായത്തിലെ കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡായ കോളനിയിലേക്കുള്ള കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി നീക്കിയ മണ്ണടിഞ്ഞാണ് തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെടുന്നത്.
ഇതോടെ മലിന ജലം കെട്ടി നിന്ന് ദുർഗന്ധം വമിക്കുകയാണ്. കടുത്ത ദുർഗന്ധം മൂലം ചില വീടുകളിൽ ആഹാരം പോലും കഴിക്കാനാവാത്ത സ്ഥിതിയുമുണ്ട്. കാറ്റടിക്കുമ്പോഴാണ് കടുത്ത ദുർഗ്ഗന്ധം ചുറ്റുപാടിലേക്ക് പടരുന്നത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇപ്പോൾ പണി നിർത്തി വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും നിർമ്മാണം ഇതുവരെ പുനരാരംഭിച്ചില്ല. ജില്ലാ കലക്ടർ ഇക്കാര്യത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഉടൻ തന്നെ നിർമ്മാണം തുടങ്ങുമെന്നും അവർ പറയുന്നു. എന്നാൽ ഇനിയും നിർമ്മിക്കാനുള്ള ഭാഗവുമായി ബന്ധമില്ലാത്ത സംഭവമാണ് തോട്ടിൽ കുഴിച്ചെടുത്ത മണ്ണ് മാറ്റാതിരിക്കുന്നത്.
മണ്ണും കല്ലും കൂനകൂട്ടി തോട്ടിൽത്തന്നെയിട്ടിരിക്കുകയാണ്. അടിയന്തരമായി മണ്ണ് നീക്കം ചെയ്തശേഷം വേണം നിർമ്മാണം പുനരാരംഭിക്കാനെന്ന് പ്രദേശവാസിയായ മനോജ് പറഞ്ഞു. പട്ടണത്തിലെ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള മാലിന്യമാണ് തോട്ടിലൂടെ എത്തുന്നതെന്ന് പരാതിയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ മാറിമാറിവരുന്ന ഭരണ സമിതികൾ ഒരു നടപടിയും സ്വീകരിച്ചില്ല.
മാലിന്യം ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്കെതിരെ ഗ്രാമപഞ്ചായത്ത് അംഗങ്ങളും മറ്റ് പ്രാദേശിക നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. മൂന്ന് ആശുപത്രികളാണ് കോഴഞ്ചേരിയിൽ പൊങ്ങണം തോടിന്റെ വൃഷ്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: