കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹവും നാഡീ സംബന്ധവുമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
1962ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് സ്വര്‍ണമെഡല്‍ സമ്മാനിച്ച ക്യാപ്റ്റനാണ്. 1964 ലെ ഏഷ്യന്‍ കപ്പില്‍ ഗോസ്വാമിയുടെ നായകത്വത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനക്കാരായി. ആറു മാസങ്ങള്‍ക്ക് ശേഷം നടന്ന മര്ദേക്ക ഫുട്ബോളില്‍ ഗോസ്വാമിയുടെ ഇന്ത്യന്‍ ടീം നേരിയ വ്യത്യാസത്തിന് ബര്‍മയോട് തോറ്റു. കൊല്‍ക്കത്തയിലെ കരുത്തരായ മോഹന്‍ ബഗാന് താരമായിരുന്നു. ബംഗാളിനായി രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും കളിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചുനി ഗോസ്വാമി ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് അഞ്ചിന് മരിച്ചതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. ഭാര്യ: ബസന്തി. മകന് സുദീപ്
തോ. 1956 മുതല്‍ 1964 വരെയുള്ള കാലയളവില്‍ ഇന്ത്യക്കായി അമ്പത് ഫുട്ബോള്‍ മത്സരങ്ങള്‍ കളിച്ചു. 1962 മുതല്‍ 1973 വരെ 46 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളില്‍ ബംഗാളിനെ പ്രതിനിധാനം ചെയ്തു. 1971-72 സീസണില്‍ ചുനി ഗോസ്വാമി നയിച്ച ബംഗാള്‍ ക്രിക്കറ്റ് ടീം രഞ്ജി ട്രോഫി ഫൈനലില്‍ കടന്നു. ഫൈനലില്‍ പക്ഷെ ബോംബെയോട് തോറ്റു. ചുനി ഗോസ്വാമി എന്ന വിളിപ്പേരുള്ള സുബിമയ് ഗോസ്വാമി 1956ലാണ് രാജ്യാന്തര ഫുട്ബോളില്‍ അരങ്ങേറിയത്.
ചുരുങ്ങിയകാലം കൊണ്ട് ഇതിഹാസമായി മാറിയ ഗോസ്വാമി 1964-ല്‍ ഇരുപത്തിയേഴാം വയസില്‍ ഫുട്ബോളിനോട് വിടപറഞ്ഞു. ബംഗ്ലാദേശിലെ കിഷോര്‍ഗഞ്ചില്‍ 1938 ജനുവരി പതിനഞ്ചിനാണ് സുബിമയ് ഗോസ്വാമി ജനിച്ചത്. 1946മുതല്‍ 1954 വരെ മോഹന്‍ ബഗാന് ജൂനിയര്‍ ടീമില്‍ കളിച്ചു. 54 മുതല്‍ 68 വരെ മോഹന്‍ ബഗാന് സീനിയര്‍ ടീമില്‍ കളിച്ചു.
കളിക്കളത്തിലെ മികവിന് അര്‍ജുന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പദ്മ്രശീ പുരസ്കാരവും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: