കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ വൈകിയതിനെതുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി. കുന്നത്തുപാലം മുണ്ടശ്ശേരി തറയില്‍ മഹേഷ് കുമാര്‍ (44) ആണ് മരിച്ചത്. ഹൃദ്രോഗിയും ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് നടത്തുകയും ചെയ്യുന്ന മഹേഷ് കുമാറിന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്ന് ഭാര്യയും കുടുംബാംഗങ്ങളും ആരോപിക്കുന്നു.
കോവിഡ് സംശയിച്ച് ഒരു ദിവസം മുഴുവന്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കിടത്തിയ അദ്ദേഹത്തിന് കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമായതെന്ന് ഭാര്യ ടി. പ്രബിത ജില്ലാ കളക്ടര്‍ക്കും ഡിഎംഒയ്ക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും അയച്ച പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മറ്റൊരാള്‍ക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകരുതെന്നും പരാതിയിലുണ്ട്.
ഏപ്രില്‍ 26ന് രാവിലെ വിറയല്‍ ഉണ്ടായപ്പോഴാണ് മഹേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തുംമുമ്പ് പനി ആരംഭിക്കുകയും വിറയല്‍ നില്‍ക്കുകയും ചെയ്തു. കാഷ്വാലിറ്റിയില്‍ എത്തിയപ്പോള്‍ പനിയുണ്ടെന്ന് പറഞ്ഞതോടെ പനി ക്ലിനിക്കില്‍ കാണിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് പ്രബിത നല്കിയ പരാതിയില്‍ പറയുന്നു.
ഇടയ്ക്കിടെ പനി ഉണ്ടാകാറുണ്ടെന്നും മറ്റ് പനിയല്ലെന്നും അറിയിച്ചു. രണ്ടാഴ്ച മുമ്പ് ഇതുപോലെ പനിവന്ന കാര്യവും ചികിത്സിച്ചതും പറഞ്ഞു. മരുന്നുചീട്ടും കാണിച്ചു. കഴുത്തിലെ ട്യൂബിന് ഇന്ഫക്ഷന് ഉള്ളതുകൊണ്ടാണ് ഇങ്ങനെ വരാറുള്ളതെന്നും പറഞ്ഞു. എന്നാല്‍ പനി ക്ലിനിക്കിലേക്ക് തന്നെ പറഞ്ഞുവിട്ടു. അവിടെ പരിശോധിച്ച ഡോക്ടറോടും കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ കയ്യിലുണ്ടായിരുന്ന മെഡിക്കല്‍ രേഖകള്‍ പരിശോധിക്കാനോ രോഗിയുടെ പ്രശ്നം മനസ്സിലാക്കാനോ ശ്രമിക്കാതെ കോവിഡ് ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടാഴ്ച വാന്കോ ഇഞ്ചക്ഷന് വെച്ചതാണെന്നും പനി വന്നാല്‍ കഴുത്തിലെ ട്യൂബ് മാറ്റേണ്ടിവരുമെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞതായും നെഫ്രോളജി വിഭാഗത്തിലെ ഏതെങ്കിലും ഡോക്ടര്‍മാരെ വിളിച്ച് ചോദിക്കാനും പറഞ്ഞെങ്കിലും അവര്‍ അതു കേട്ടില്ല. ഐസിയുവിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞ് കൂടെയുണ്ടാ യിരുന്നവരെ മടക്കി അയച്ചു. ഒറ്റയ്ക്ക് നിന്നാല്‍ പ്രശ്നമാണെന്നും ടെന്‍ഷന്‍ കൂടുമെന്നുമെല്ലാം പറഞ്ഞെങ്കിലും സമ്മതിച്ചില്ല. വീട്ടിലെത്തി ഫോണ്‍ വിളിച്ചപ്പോള്‍ ഉച്ചയ്ക്ക് ഭക്ഷണം നല്‍കിയെന്നും ഒറ്റമുറിയിലാണ് ഇട്ടതെന്നും ഐസിയുവിലല്ലെന്നും ഡോക്ടര്‍ വന്നിട്ടില്ലെന്നും പറഞ്ഞു. 3.30ന് ഡോക്ടര്‍ വിളിച്ച് രേഖകള്‍ അയച്ചുകൊടുക്കാന്‍ പറഞ്ഞു. ഡോക്ടര്‍ പരിശോധിച്ചെന്നും ഇഞ്ചക്ഷനും ഗുളികയും നല്‍കിയതായും വൈകിട്ട് വിളിച്ചപ്പോള്‍ പറഞ്ഞു.
തുടര്‍ന്ന് വിളിച്ചപ്പോള്‍ പനി കുറവുണ്ടെന്നും ശ്വാസം മുട്ടലുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് നഴ്സിനെ വിളിച്ച് കാര്യം പറഞ്ഞു. ഐസിയുവിലാണെന്നും ഡോക്ടറും നഴ്സും എപ്പോഴും അവിടെ ഉണ്ടെന്നുമായിരുന്നു നഴ്സിന്റെ മറുപടി. രാത്രിയില്‍ ശ്വാസം മുട്ടലുണ്ടാവാറുണ്ടെന്നും ശ്രദ്ധിക്കണമെന്നും നഴ്സിനെ വിളിച്ച് അറിയിച്ചു. രാത്രി 11 മണിക്ക് മഹേഷിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് വിളിച്ചപ്പോഴും കിട്ടിയില്ല. 27ന് രാവിലെ 6.45ന് നഴ്സിനെ വിളിച്ച് കാര്യം പറഞ്ഞു.
തിരിച്ചു വിളിക്കാം എന്നു പറഞ്ഞെങ്കിലും നഴ്സ് തിരിച്ചു വിളിച്ചില്ല. ഇതിനിടയ്ക്ക് ആറുമണിക്ക് ആശുപത്രിയില്‍ നിന്ന് ബന്ധുവിനെ വിളിച്ച് രോഗി ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചു. അദ്ദേഹം ഉടന്‍ തന്നെ അവിടെ എത്തി. അന്വേ ഷിച്ചപ്പോള്‍ വെന്റിലേറ്ററലിലാണെന്നാണ് അറിയിച്ചത്. തൊട്ടുപിന്നാലെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തതായും പ്രബിത നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: