വടശേരിക്കര: ലോക്ഡൗൺ മടുപ്പിൽ ഏറെപ്പേരും ആശ്വാസം കണ്ടെത്തുന്നത് സ്മാർട് ഫോണിലെ തള്ളിലും തേപ്പിലുമാണ്. കുറച്ച് പേർ കൃഷി പയറ്റി നോക്കിയെങ്കിലും, ചെളിയും, വെള്ളവും, വളവും ഒക്കെ അസ്വസ്ഥത പടർത്തി. മറ്റു ചിലർ ആദ്യമൊക്കെ അടുക്കളയിൽ കയറി നോക്കിയെങ്കിലും തുടരെയുള്ള പരീക്ഷണങ്ങളിൽ മനം മടുത്ത അമ്മമാർ ഓടിച്ചു.
അങ്ങനെ ലോക്ഡൗൺ പുരോഗമിക്കുന്നതിനനുസരിച്ച് പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ട് വീണ്ടും സ്മാർട്ട് ഫോണിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. കൊട്ടും, പാട്ടുമായി ലൈവ് പരിപാടികളാണ് ഇപ്പോൾ പൊടിപൊടിക്കുന്നത്.
എന്നാൽ റാന്നി പെരുനാട്, വാഴയിൽ സതീഷ് കുമാറിന്റെ വേറിട്ട പരീക്ഷണം ഒരു വമ്പൻ വിജയമായിരിക്കുന്നു. ആരെയും കൊതിപ്പിക്കുന്ന ശക്തിയുടെ പ്രതീകമായ ഒരു പ്ലാറ്റ്ഫോം ലോറി നിർമിച്ചു. 15ഇഞ്ച് നീളം. അഞ്ചരയിഞ്ചു വീതി. 20 ദിവസം നീണ്ടുനിന്ന കർമ്മസന്യാസ സപര്യ.ഒറ്റനോട്ടത്തിൽ കുളിപ്പിച്ച് വൃത്തിയാക്കി യാർഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു വലിയ ലോറി എന്നേ തോന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചതോടെ ധാരാളം പേർ ഫോണിൽ ആശംസ അറിയിച്ചു.
ഇതിനിടയിൽ കൗതുക വസ്തുക്കൾ വിൽക്കുന്നവർ സമീപിച്ച് നല്ല തുകയും ഓഫർ ചെയ്തു. പക്ഷെ തന്റെ ഈ സുന്ദര സൃഷ്ടി സതീഷ് വിൽക്കാനുദ്ദേശിക്കുന്നില്ലത്രേ! ചെറുപ്പത്തിൽ കാർഡ് ബോർഡ് ഉപയോഗിച്ച് ധാരാളം കൗതുക രൂപങ്ങൾ നിർമിച്ചിരുന്നെങ്കിലും അവയെല്ലാം നശിച്ചു പോയി. അതുകൊണ്ടു ഇത്തവണ തടിയിലാണ് നിർമിച്ചിരിക്കുന്നത്. നാല് വയസ്സുള്ള മകൾ കല്യാണിയാണ് ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: