ന്യൂദല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. കോവിഡ് മൂലം രാജ്യത്ത് നിലവിലുണ്ടായ പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കവേയാണ് രഘുറാം രാജന്‍ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമാണ്. നിലവിലെ അവസ്ഥയില്‍ പാവപ്പെട്ട ജനങ്ങളുടെ ഭക്ഷണത്തിനായി 65,000 കോടി രൂപ മാറ്റിവെയ്‌ക്കേണ്ടതായി ഉണ്ട്. ജിഡിപി 200 ലക്ഷം കോടിയായതിനാല്‍ ഇന്ത്യ ഇപ്പോള്‍ സ്വയം പര്യാപ്തത നേടിയ അവസ്ഥയിലാണ്. അതിനാല്‍ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗണ്‍ നീക്കുന്നതില്‍ ഇനി ബുദ്ധിപരമായ സമീപനങ്ങളിലേക്ക് ഇന്ത്യ നീങ്ങണം. അതിന് ആളുകളെ പുറത്തുവിടും മുന്നേ സമഗ്രമായ വൈറസ് ബാധ പരിശോധന എല്ലായിടത്തും ഉടന്‍ ആരംഭിക്കണം. തന്ത്രപ്രധാന മേഖലകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. സാധാരണക്കാരനേയും അധികം കാലം വീട്ടിലിരുത്തി ഭക്ഷണം നല്‍കാനുമാവില്ല. എങ്ങനെ ആളുകളിലേക്ക് വൈറസ് പടരാതിരിക്കാന്‍ നോക്കാം എന്ന കാര്യത്തില്‍ കണിശത പാലിക്കണമെന്നും രഘുറാം രാജന്‍ നിര്‍ദ്ദേശിച്ചു.
അമേരിക്കയില്‍ ഒരു ദിവസം രണ്ടുലക്ഷം പേരെ പരിശോധിച്ചു എന്നതിലേക്ക് എത്താന്‍ ഇന്ത്യക്ക് എളുപ്പം സാധിക്കും. നിലവില്‍ 30,000 മുകളില്‍ ആളുകളെ സാധാരണ നിലയില്‍ തന്നെ പ്രതിദിനം ഇന്ത്യയില്‍ 30000 സാംപിളുകള്‍ പരിശോധിക്കുന്നുണ്ട്. അപ്പോള്‍ ഇന്ത്യയ്‌ക്ക് ഒരു ദിവസം രണ്ടു ലക്ഷം പേരെ പരിശോധിക്കുന്നത് അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കും.
അതേസമയം ലോക്ഡൗണ്‍ അവസ്ഥയില്‍ നിന്നും പുറത്തുവന്നാലുടന്‍ ഇന്ത്യ ആഗോള സാമ്പത്തിക കാര്യത്തില്‍ ശ്രദ്ധയൂന്നണം. നിലവിലെ അവസ്ഥയില്‍ ആഗോള വിപണിയിലെ ചില മേഖലകള്‍ ഇന്ത്യക്ക് എളുപ്പം നിയന്ത്രിക്കാനാകും. ഇന്ത്യയ്‌ക്ക് അനുകൂല സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: