തിരുവനന്തപുരം: ലോക്ഡൗണ്‍ കാലപരിധി അവസാനിക്കാറായതോടെ മദ്യശാലകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ബീവറേജസ് കോര്പ്പറേഷന്. ഇതുമായി ബന്ധപ്പെട്ട് ബീവറേജസ് എംഡി പത്തിന നിര്‍ദ്ദേശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ലോക്ഡൗണ്‍ നീക്കി സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തിറങ്ങുന്ന മുറയ്ക്ക് ഔട്ലെറ്റുകള് തുറക്കാന്‍ സജ്ജരായി ഇരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മേയ് മൂന്നിന് ലോക്ഡൗണ്‍ അവസാനിച്ചശേഷം മദ്യശാലകള്‍ തുറക്കുമോയെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് ബീവറേജസ് എംഡി തന്നെ ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ മദ്യശാലകള്‍ തുറന്ന് വൃത്തിയാക്കണം. ഇതിനായി ജിവനക്കാര്‍ സജ്ജരായിരിക്കണം. ജീവനക്കാരെല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും എംഡി പറയുന്നു.
ബീവറേജസ് കോര്പറേഷന് മാനേജര്‍മാര്‍ക്കാണ് വിശദമായ മര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നോട്ടീസ് നല്‍കിയിട്ടുള്ളത്. മദ്യശാലകള്‍ വൃത്തിയായി സൂക്ഷിക്കണം മാസ്കുകള്‍ ധരിക്കണം ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നത് കേന്ദ്ര നിര്‍ദ്ദേശം കൂടി പരിഗണിച്ചാകും. മാത്രമല്ല ഹോട്സ്പോട്ടുകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ലെന്നതടക്കം കര്‍ശന വ്യവസ്ഥകളും ഉണ്ടായേക്കും. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന മുറക്ക് സാധ്യമായിടത്തെല്ലാം മദ്യശാലകള്‍ തുറക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. അതനുസരിച്ചുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്ശ്ശനമാക്കിയപ്പോഴും സര്‍ക്കാര്‍ ബീവറേജസുകളുടെ പ്രവര്‍ത്തനത്തിന് ഇളവുകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെയൈണ് ഔട്ലെറ്റുകള് പൂട്ടിയത്. പിന്നീട് ഡോക്ടറുടെ കുറിപ്പടിയുമായി വരുന്നവര്‍ക്കും മദ്യം നല്‍കുന്നതിനായി തീരുമാനിച്ചെങ്കിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ അതും സംസ്ഥാനം ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: