വാഷിങ്ടണ്‍ : കോവിഡ് മഹാമാരിയില്‍ നിന്ന് മോചനം ലഭിക്കാതെ ലോകരാഷ്‌ട്രങ്ങള്‍. 32,17,842 പേര്‍ക്കാണ് ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രോഗം സ്ഥിരീകരിച്ചത്. 2.28 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ച് മരിച്ചു. ഇതിനെതിരെ ലോക രാഷ്‌ട്രങ്ങള്‍ ശക്തമായി പ്രതിരോധിക്കുന്നുണ്ടെങ്കിലും മരണ സംഖ്യ ഉയരുകയാണ്.
അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ യുഎസില്‍ മാത്രം 2352 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രാജ്യത്ത് പത്തര ലക്ഷമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബുധനാഴ്ച മാത്രം 20000ലെറെ പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. കൊവിഡിനെ ചികിത്സിക്കാന്‍ പുതിയ മരുന്ന് പരീക്ഷണത്തിനായി അമേരിക്ക അനുമതി നല്‍കും.
അതേസമയം ബ്രിട്ടണില്‍ 765 പേരും സ്‌പെയിനില്‍ 453 പേരും ഫ്രാന്‍സില്‍ 427 പേരും മരിച്ചു. ബ്രസീലില്‍ 403 ഉം ഇറ്റലിയില്‍ 323 ഉം ആണ് കഴിഞ്ഞദിവസം മരിച്ചത്. യുകെയില്‍ നഴ്‌സിങ് ഹോമുകളില്‍ മരിച്ച ആളുകളുടെ കണക്കുകള്‍ പുറത്തു വിട്ടതോടെ മരണനിരക്ക് വീണ്ടും ഉയര്‍ന്നു. 26000 ത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചത്. അതിനിടെ അബുദാബിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: