ആധുനിക കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിലെ സംഭവബഹുലമായൊരദ്ധ്യായമാണ് ആര്. ശങ്കര്‍ എന്ന മഹാപ്രതിഭയുടെ ജീവിതം. ഏതു പ്രതിസന്ധിയെയും കരളുറപ്പും അര്‍പ്പണബോധം കൊണ്ടും മറികടന്ന്, എതിരാളികളെ അസ്ത പ്രജ്ഞരാക്കുന്ന വിജയം നേടുന്നത് എങ്ങനെയെന്നറിയാന്‍ ഇന്നത്തെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ മറക്കാതെ പഠിക്കേണ്ട പാഠപുസ്തകമാണ് ആര്. ശങ്കറിന്റെ ജീവിതം.
സംസ്ഥാന രൂപീകരണത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തകര്‍ന്ന് തരിപ്പണമായ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനസംഘടിപ്പിച്ചതിലും രാഷ്ട്ര ചരിത്രത്തില്‍തന്നെ പുതിയൊരധ്യായമെഴുതിയ വിമോചന സമരത്തിലൂടെ ഇ.എം.എസ് സര്‍ക്കാരിനെ പുറത്താക്കിയതിലും ശ്രീനാരായണധര്‍മ പരിപാലന യോഗത്തെ ചലനാത്മകമായ പ്രസ്ഥാനമായി മാറ്റിയെടുത്തതിലും ഒക്കെ ആര്. ശങ്കര്‍ എന്നസോഷ്യല് എഞ്ചിനീയറുടെ കര്‍മ്മ കുശലത ആദരവോടെ മാത്രമേനോക്കിക്കാണാനാകൂ. എത്ര വലിയ സംഭാവന നല്കിയ പ്രതിഭയായാലും അധികാരക്കസേരയില്‍ പിന്നാക്കക്കാരന് വരുന്നത് തടയാന്‍ ഏതറ്റം വരെ പോകുമെന്ന തുടര്‍ നാടകത്തിന്റെതുടക്കവും കേരളത്തില്‍ നടന്നത് ആര്. ശങ്കറിനെതിരെയാണ്.
പിന്നാക്കക്കാരന് മഹാ പ്രതിഭയാണെങ്കിലും മരണശേഷം മാത്രമേ അതംഗീകരിക്കുകയുള്ളു എന്ന കാപട്യത്തിന്റെ ഇര കൂടിയായിരുന്നു ആര്. ശങ്കര്‍. 1909 ഏപ്രില്‍ 30ന് കൊട്ടാരക്കര താലൂക്കിലെ പുത്തൂര്‍ എന്ന കുഗ്രാമത്തില്‍ നെയ്ത്തുകാരായ രാമന്, കുഞ്ചാളി ദമ്പതികളുടെ എട്ടുമക്കളില്‍ അഞ്ചാമനായാണ് ശങ്കര്‍ ജനിച്ചത്. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയജീവിതം അരംഭിച്ച് കെപിസിസി പ്രസിഡന്റ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, ഉപമുഖമന്ത്രി, ധനകാര്യമന്ത്രി തുടങ്ങിയ പടവുകള്‍ താണ്ടിയാണ് ശങ്കര്‍ കേരളമുഖ്യമന്ത്രി പദത്തിലെത്തിയത്. അതിനിടെ മുപ്പത്തിയഞ്ചാം വയസ്സില്‍ ഒരുപതിറ്റാണ്ടിലേറെക്കാലം (1944-54, 1956-57) എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായും 1954-56 കാലത്ത് യോഗം പ്രസിഡന്റ്, 1952 മുതല്‍ എസ്എന്‍ ട്രസ്റ്റ് സ്ഥാപകന്‍ എന്നീ നിലകളില്‍ സമുദായത്തിനും നിസ്തുലമായസംഭാവനകള്‍ നല്കി.
കേരളത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ തോറ്റുതുന്നംപാടിയ കോണ്‍ഗ്രസില്‍ ചേരിപ്പോരും ഗ്രൂപ്പുവഴക്കും ശക്തമായ കാലത്താണ് ശങ്കര്‍ കെപിസിസി പ്രസിഡന്റ് ആകുന്നത്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കര്‍ഷകബന്ധബില്‍, വിദ്യാഭ്യാസബില്‍ തുടങ്ങിയ നയപരിപാടികളിലും പൊതുസമൂഹത്തില്‍ എതിര്‍പ്പുകള്‍ ശക്തമായപ്പോഴും നിലപാടില്ലാത്ത കോണ്‍ഗ്രസ് അമരക്കാരനില്ലാത്ത നൗകപോലെ ഓളപ്പരപ്പില്‍ ആടിയുലഞ്ഞ കാലത്തായിരുന്നു ശങ്കറിന്റെ വരവ്. കമ്യൂണിസ്റ്റ് വിരോധികളായ പ്രതിപക്ഷകക്ഷികളെയും മതമേലദ്ധ്യക്ഷന്മാരെയും അണിനിരത്തി സര്‍ക്കാരിനെതിരെ ശങ്കര്‍ പ്രതിരോധനിര കെട്ടിപ്പൊക്കി. ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കുന്നതിനുവേണ്ടിയുള്ള വിമോചനസമരത്തിലേക്ക് നയിച്ച രാഷ്ട്രീയമുന്നേറ്റമായിരുന്നു അത്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് പരോക്ഷമായ എതിര്‍പ്പുകള്‍ വിമോചന സമര നീക്കത്തിനോട് ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ വരാനാകുമെന്ന് ഇന്ദിരാ ഗാന്ധി മുഖേന ബോധ്യപ്പെടുത്തിയാണ് കെപിപിസിസി പ്രസിഡന്റ് എന്ന നിലയില്‍ ആര്. ശങ്കര്‍ വിമോചനസമരത്തിന് നേതൃത്വം നല്‍കിയത്.
തുടര്‍ന്ന് നിയമസഭ കക്ഷിനേതാവായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആര്. ശങ്കറിന് മുഖ്യമന്ത്രിയാകാനായില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി അരങ്ങേറിയ ഒരുപുറാട്ടുനാടകത്തിലൂടെ അധകൃത സമുദായക്കാരനായ ശങ്കറിനെ മുഖ്യമന്ത്രിപദത്തില്നിന്ന് അകറ്റിനിര്‍ത്തി. പകരം പിഎസ്പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. കാലത്തിന്റെ നിയോഗം പോലെ 1962 സെപ്തംബര്‍ 26ന് ആര്. ശങ്കര്‍ കേരളമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു.
പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായിരിക്കെ മൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് കേരളത്തില്‍ വ്യവസായ വത്കരണത്തിനും വിദ്യുച്ഛക്തിയില്‍ സ്വയം പര്യാപ്തതക്കും ഭക്ഷണ കമ്മിലഘൂകരിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് അടിസ്ഥാനമിട്ടു. ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്പ്പറേഷന്, ചെറുകിട വ്യവസായ കോര്പ്പറേഷന്, വിധവ പെന്ഷന് എന്നിവ രൂപീകരിച്ചതുമൊക്കെ ആര്. ശങ്കറാണ്. പട്ടണങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഗ്രാമീണ തലത്തിലേക്ക് വ്യാപിപ്പിച്ചതും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതും അദ്ദേഹമാണ്. രാഷ്ട്രീയത്തിലും ഭരണരംഗത്തും ഒട്ടേറ നവീനാശയങ്ങളുടെ വിജയശില്പിയായി വിരാജിക്കുന്നതിനിടയിലും ആത്മമിത്രങ്ങളായും സന്തതസഹചാരികളായുമൊക്കെ പ്രവര്‍ത്തിച്ചിരുന്ന പലരും ശങ്കറിനെ വീഴ്ത്താന്‍ വാരിക്കുഴികള്‍ തീര്‍ക്കുന്ന യത്നം തുടര്‍ന്നുകൊണ്ടേയിരുന്നു.
കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ പരിപൂര്‍ണ പിന്തുണയും വിശ്വാസവും ആര്ജിച്ചിരുന്നതുകൊണ്ടുമാത്രമാണ് കിംവദന്തികളില്‍ നിന്ന് അദ്ദേഹം രക്ഷപെട്ടത്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് 15 കോണ്‍ഗ്രസ് എംഎല്‍എമാരും വോട്ടുചെയ്തതോടെ 1964 സെപ്തംബര്‍ 8ന് ശങ്കര്‍ മന്ത്രിസഭ വീണു.
19-ാമത്തെ വയസില്‍ ശിവഗിരി മാതൃകാവിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകനായി നിയമിതനായതോടെയാണ് ആര്. ശങ്കര്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി നേരിട്ട് അടുപ്പം സ്ഥാപിക്കുന്നത്. യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അവരോധിതനായപ്പോള്‍ വിദ്യാഭ്യാസം, സംഘടന, വ്യവസായം തുടങ്ങി ശ്രീനാരായണ ധര്‍മ പരിപാലനയോഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ സാക്ഷാത്കാരമായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയോട് തുടക്കത്തില്‍ എതിര്‍ത്തിരുന്നവര്‍ പോലും അനുകൂലിക്കുന്ന സ്ഥിതിയുണ്ടായി. ശ്രീനാരായണ വനിതാകോളേജ്, ശ്രീനാരായണ പോളിടെക്നിക്, ശ്രീനാരായണ ട്രെയിനിങ് കോളേജ് എന്നിവ യാഥാര്‍ത്ഥ്യമാക്കി. ഉന്നതവിദ്യാഭ്യാസ രംഗം കാര്യക്ഷമമായി മുന്നോട്ടുപോകാന്‍ 1952 ആഗസ്റ്റ് 18ന് എസ്എന്‍ ട്രസ്റ്റും രൂപീകരിച്ചു.
എസ്എന്‍ഡിപി യോഗത്തില്‍ ഐക്യം നിലനിര്‍ത്തണമെന്ന ശങ്കറിന്റെ ആഹ്വാനം എതിരാളികള്‍ ചെവിക്കൊണ്ടിരുന്നില്ല. ഓരോ കാര്യങ്ങളള്‍ കുത്തിപ്പൊക്കി അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനും യോഗത്തിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനുമാണ് എതിരാളികള്‍ ശ്രമിച്ചത്. ശങ്കറിന്റെ കാലത്ത് 291 പുതിയ ശാഖകളും ഒരുലക്ഷം പുതിയ അംഗങ്ങളും യോഗത്തിനുണ്ടായി. വിദ്യാഭ്യാസ രംഗത്ത് 13 യുപി സ്കൂളുകളും, 12 ഹൈസ്കൂളുകളുമുണ്ടായി. അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ എസ്എന്‍ഡിപി യോഗത്തിന് സ്വന്തമെന്ന് അവകാശപ്പെടാന്‍ ഉണ്ടായിരുന്നത് 5 യുപി സ്കൂളുകള്‍ മാത്രമായിരുന്നു.
ശിവഗിരി മഹാസമാധി മന്ദിരത്തിന്റെ പൂര്‍ത്തീകരണത്തിനും പ്രതിഷ്ഠാ ചടങ്ങുകള്‍ക്കുമെല്ലാം നെടുനായകത്വം വഹിച്ചതും ശങ്കറാണ്. 1972 നവംബര്‍ 6ന് അവസാനിച്ച 63 വര്‍ഷത്തെ ജീവിതത്തിനിടെ കാലത്തിന്റെ ചുവരെഴുത്തുകള്‍ക്കൊന്നും മായ്ച്ചുകളയാനാവാത്ത ഒട്ടനവധി സുവര്‍ണ മുദ്രകള്‍ പതിപ്പിച്ച ആര്. ശങ്കര്‍ എന്നും മലയാളിമനസുകളില്‍ നിറഞ്ഞുനില്ക്കും.
വെള്ളാപ്പള്ളി നടേശന്
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: