ഇരവിപേരൂർ: ഇരവിപേരൂരിൽ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി. കമ്മ്യൂണിറ്റി കിച്ചണുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ ആരോപണ വിധേയനായ ഇരവിപേരൂർ ഏരിയാ കമ്മറ്റിയംഗം രാജീവിനെതിരെയാണ് പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനം എത്തിക്കുന്നതിന്റെ മറവിൽ പഞ്ചായത്ത് വക ജീപ്പിൽ വാറ്റ്ചാരായം നിർമിക്കാനുള്ള സാധനങ്ങൾ കടക്കുന്നതിനിടെ പോലീസ് പിടിയിലായ സംഭവത്തിലാണ് പാർട്ടിക്കുള്ളിൽ രാജീവിനെതിരെ നടപടിവേണമെന്ന് ആവശ്യം. നടപടി ആലോചിക്കാൻ കൂടിയ ഏരിയാ കമ്മറ്റി യോഗത്തിൽ സിപിഎം സംസ്ഥാന കമ്മറ്റിയംഗവും ഷോപ്പ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാനുമായ കെ.അനന്തഗോപനാണ് പങ്കെടുത്തത്. എന്നാൽ തന്റെ സഹോദര പുത്രനായ രാജീവിനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിലൂടെ ഉണ്ടായെതെന്നാണ് ആരോപണം.15 അംഗ കമ്മറ്റിയിൽ രാജീവിനെതിരെ ശക്തമായി നടപടി എടുക്കണമെന്ന നിലയിൽ പാർട്ടി ജില്ലാ കമ്മറ്റിയംഗമായ അജയകുമാറും പാർട്ടി ഏരിയാ കമ്മറ്റി അമരക്കാരനുമായ പി.സി.സുരേഷ് കുമാർ ഉൾപ്പെടെ ഉള്ളവർ ഉറച്ചു നിക്കുന്നു. അനന്തഗോപനോട് എല്ലാ തലത്തിലും കുറ് പുലർത്തിയിരുന്ന മുൻ ഏരിയാ സെക്രട്ടറി കൂടി ആയിരുന്ന അജയൻ, കുടുംബാധിപത്യം ഇനിയും പാർട്ടിക്കുള്ളിൽ തുടരാൻ ആവില്ല എന്ന് ശക്തമായ നിലപാടിലായിരുന്നു. അനന്തഗോപന്റെ മക്കളും മരുമക്കളും എല്ലാം ഈ സർക്കാരിന്റെ കാലത്ത് തന്നെ പാർട്ടി പ്രവർത്തകർക്കുപോലും ലഭിക്കാത്ത സർക്കാർ ജോലികൾ നേടിയെടുത്തത് ഉൾപ്പടെ ചർച്ചയിലിടം പിടിച്ചു. പഞ്ചായത്തിലും സഹകരണ മേഖലകളിലും ഭരണം ഈ നേതാവിന്റെ മക്കളാണന്ന ആക്ഷേപം നാട്ടിലും പാർട്ടിക്കുള്ളിലും നിലനിക്കുന്നുണ്ട്. സമസ്ത മേഖലകളിലും കുടുംബാധിപത്യം അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ഏരിയാ കമ്മറ്റിയിൽ പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. പഞ്ചായത്ത് ജീപ്പിൽ വാറ്റ് ചാരായം നിർമ്മിക്കാനുള്ള സാധനം കടത്തിയ സംഭവം വിവാദമായതോടെ സ്‌പെഷ്യൽ ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിലടക്കം എത്തി വിവര ശേഖരണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ പഞ്ചായത്ത് വക ജീപ്പ് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി ജീപ്പ് ഡ്രൈവറോട് രേഖാമൂലമുള്ള വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: