തിരുവനന്തപുരം: അശ്വാരൂഢ സേനയിലെ കുതിരകള്‍ക്ക് തീറ്റ വാങ്ങിയതിലെ വന്‍ ക്രമക്കേടുകള്‍ പുറത്ത്. സര്‍ക്കാര്‍ അനുമതി കൂടാതെ കമ്മീഷണര്‍ ഓഫീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരന്റെ ബന്ദുവിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നുമാണ് 56.88 ലക്ഷം രൂപയ്ക്ക്തീറ്റ വാങ്ങിയത്. അനുമതി കൂടാതെ സിറ്റി പോലീസ് കമ്മീഷണര്‍ നല്കിയ കരാര്‍ സാധൂകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരത്തെ പ്ലാമൂട്ടുകടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് നിബന്ധനകള്‍ പാലിക്കാതെ കരാര്‍ നല്‍കിയതാണ് വിവാദമായിരിക്കുന്നത്. ഈ നടപടിയെ ന്യായീകരിച്ചുകൊണ്ട് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തയച്ചിരുന്നു. എന്നാല്‍ കടുത്ത മറുപടിയാണ് ആഭ്യന്തരവകുപ്പ് നല്‍കിയത്. ഇനി മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് കമ്മീഷണര്‍ക്കും ഡിജിപിയ്ക്കും താക്കീതു നല്‍കുകയും ചെയ്തു.
നിലവില്‍ 25 കുതിരകളാണ് അശ്വാരൂഢ സേനയ്യുടെ ഭാഗമായുളളത്. ഇവയ്ക്കുളള തീറ്റവാങ്ങുന്നതില് കാലകാലമായി വന്‍ ക്രമക്കേടുകള്‍ നടക്കുന്നതായി സേനിലെ ജീവനക്കാര്‍ തന്നെ ആരോപിക്കുന്നു.കുതിരകള്‍ക്ക് തീറ്റ വാങ്ങനായി 40 ലക്ഷം രൂപയ്ക്ക് താഴെ മാത്രമേ ഒരു വര്‍ഷം ചിലവാകുന്നുള്ളു. എന്നാല്‍ ആരെയും അറിയിക്കാതെ ടെന്റര്‍ നടത്തി വന്‍തുകയ്ക്ക് ഉദ്യോഗസ്ഥരുടെ സ്വന്തക്കാര്‍ക്ക് കരാര്‍ പിടിച്ചു കൊടുക്കുന്നത് പതിവാണെന്നും ഇതുവഴി ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥര്‍ കീശയിലാക്കുന്നുവെന്നും ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: