തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് മടങ്ങിവരാന്‍ നോര്‍ക്കവഴി അപേക്ഷിച്ച പ്രവാസികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് നോര്‍ക്കയുടെ സൈറ്റുവഴി മടങ്ങാനുള്ള അപേക്ഷ നല്‍കിയേക്കും. ഇവരെ എപ്രകാരം ഉള്‍ക്കൊള്ളുമെന്നതാണ് സര്‍ക്കാരിന്റെ ആശങ്ക. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍. ഇവരെ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിക്കും.
വിമാനം പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാരുടെ വിവരങ്ങള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും വിദേശമന്ത്രാലയവും അതത് സംസ്ഥാനങ്ങള്‍ക്ക് കൈമാറും. ഇതിന് പുറമെ ഓരോ വിമാനത്താവളവും കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയുടെ മേല്‍നോട്ടമുണ്ടാകും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പോലീസ്, ആരോഗ്യ വിഭാഗം എന്നിവരുടെ പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടാവും. നോര്‍ക്ക ഓരോ വിമാനത്താവളത്തിലും പ്രവാസികളെ താമസിപ്പിക്കാന്‍ നിരീക്ഷണകേന്ദ്രങ്ങളും ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്. ഇവയുടെ മേല്‍നോട്ടങ്ങള്‍ക്കായി ഡിഐജിമാര്‍ക്ക് ചുമതലയും നല്കി. ഓരോ വിമാനത്താവളത്തിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്നവരുടെ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
രോഗലക്ഷണമില്ലാത്ത പ്രവാസികള്‍ക്ക് വീട്ടില്‍ പോകാം
വിദേശത്തുനിന്ന് എത്തുന്ന പ്രവാസികള്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ വീട്ടില്‍ പോകാം. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിന് സമീപം തന്നെ നിരീക്ഷണത്തിലാക്കും. മറ്റുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. വീടുകളില്‍ പോകുന്നവരെ വിമാനത്താവളം മുതല്‍ വീട് വരെ പോലീസ് നിരീക്ഷിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പറ്റാത്തവരെ സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലാക്കും. ലഗേജുകള്‍ കൃത്യമായി വീടുകളില്‍ എത്തിക്കുക സര്‍ക്കാരായിരിക്കും. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മേല്‍നോട്ട സമിതിയുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: