ലണ്ടന്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കപ്പെട്ട ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ജൂണ്‍ എട്ടിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.
കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്തുക. ജൂലൈ അവസാനത്തോടെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച ക്ലബ്ബുകള്‍ യോഗം ചേരും. ജൂണില്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന്് ഇംഗ്ലണ്ട് സ്‌പോര്‍ട്‌സ് സെക്രട്ടറി ഒലിവര്‍ ഡൗഡന്‍ പറഞ്ഞു.
ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രീമയര്‍ ലീഗ് അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ഡൗഡന്‍ പാര്‍ലമന്റെിലെ ചോദ്യോത്തരവേളിയില്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചേ മത്സരങ്ങള്‍ നടത്തു. ജൂണില്‍ മത്സരങ്ങള്‍ നടത്തുന്നതിന് മെയ് 18നെങ്കിലും ടീമുകള്‍ പരിശീലനം ആരംഭിക്കണം.
ആഴ്‌സണല്‍, എവര്‍ട്ടന്‍, വെസ്റ്റ് ഹാം ടീമുകള്‍ ഇന്നലെ പരിശീലനം ആരംഭിച്ചു. ടോട്ടനവും ഉടനെ പരിശീലനം ആരംഭിക്കും. സാമൂഹിക അകലം പാലിച്ചാണ് ടീമുകളുടെ പരിശീലനം.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഫിഫ താല്‍ക്കാലികമായി സബ്‌സ്റ്റിറ്റിയൂഷന്‍ നിയമത്തില്‍ മാറ്റം വരുത്തും. ഒരു മത്സരത്തില്‍ അഞ്ചു കളിക്കാരെ പകരക്കാരായി ഇറക്കാന്‍ അനുവദിക്കും. ഇതുവരെ ഒരു കളിയില്‍ മൂന്ന് പേരെ മാത്രമേ പകരക്കാരായി ഇറക്കാന്‍ കഴിയുമായിരുന്നുള്ളൂ.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച പകുതിയോടെയാണ് പ്രീമിയര്‍ ലീഗ് നിര്‍ത്തിവച്ചത്. പോയിന്റ് നിലയില്‍ ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: