മനോമയകോശവിവരണം തുടരുന്നു
ശ്ലോകം 174
തസ്മാന്മനഃ കാരണമസ്യ ജന്തോഃ
ബന്ധസ്യമോക്ഷസ്യ ച വാ വിധാനേ
ബന്ധസ്യ ഹേതുര് മലിനം രജോഗുണെഃ
മോക്ഷസ്യ ശുദ്ധം വിരജസ്തമസ്കം
അതിനാല്‍ ജീവന് ബന്ധമോ മോക്ഷമോ ഉണ്ടാവാന്‍ കാരണം മനസ്സാണ്. രജോഗുണത്താല്‍ മലിനമായ മനസ്സ് ബന്ധത്തിന് കാരണമാകും. രജസ്സും തമസ്സും അടങ്ങി ശുദ്ധമായ മനസ്സ് മോക്ഷത്തിന് കാരണമായിത്തീരും.
കഴിഞ്ഞ ശ്ലോകങ്ങളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് മനസ്സ് തന്നെയാണ് ബന്ധത്തിനും മോക്ഷത്തിനും കാരണമെന്ന് ഉറപ്പിക്കാം. ബന്ധനവും മുക്തിയുമൊക്കെ മനസ്സിന്റെ കല്പനയാണ്.
ആത്മാവ് ഒരിക്കലും ബദ്ധനാവുന്നില്ല. ബന്ധനമുള്ളതിനല്ലേ മോക്ഷത്തിന്റെ ആവശ്യമുള്ളത്. ആത്മാവ് നിത്യമുക്ത സ്വരൂപമാണ്. അത് തന്നെയാണ് ഞാന്‍.
മനസ്സിന്റെ ഗുണഭേദം കൊണ്ട് തോന്നുന്ന ഭാവങ്ങളാണ് ബന്ധവും മോക്ഷവും. മനസ്സ് വിക്ഷേപത്തില്‍ കലങ്ങിമറിഞ്ഞിരിക്കുകയാണെങ്കില് ജീവന് ബന്ധനത്തിലാണ്. മനസ്സില്‍ രജസ്സും തമസ്സും വര്‍ധിച്ചിരിക്കുന്ന കാലം വരെ ജീവന് ബദ്ധനായിരിക്കും. വിക്ഷേപം നീങ്ങി മനസ്സ് ശാന്തമായാല്‍ സത്വഗുണം കൂടും. അപ്പോള്‍ മുക്തനെന്ന അനുഭവം ഉണ്ടാകും. സത്വഗുണ പ്രധാനമായ മനസ്സിന് മാത്രമേ ആത്മോന്മുഖമാകാനാവൂ. രജസ്സും തമസ്സും നിറഞ്ഞതിനാലാണ് മനസ്സ് വിക്ഷേപത്താല്‍ മലിനമായി ബന്ധിതനാകുന്നത്.
ശ്ലോകം 175
വിവേകവൈരാഗ്യ ഗുണാതിരേകാത്
ശുദ്ധത്വമാസാദ്യ മനോ വിമുക്തൈ്യ
ഭവത്യതോ ബുദ്ധിമതോ മുമുക്ഷോഃ
താഭ്യാം ദൃഢാഭ്യാം ഭവിതവ്യമഗ്രേ
ദൃഢവിവേകം കൊണ്ടും തീവ്ര വൈരാഗ്യം കൊണ്ടും പരിശുദ്ധമായ മനസ്സ് മോക്ഷത്തിന് കാരണമാകുന്നു. അതിനാല്‍ വിവേക വൈരാഗ്യങ്ങളെ ദൃഢമാക്കുകയാണ് ബുദ്ധിമാനായ മുമുക്ഷു ആദ്യമായി ചെയ്യേണ്ടത്.
വിവേകവും വൈരാഗ്യവും നല്ലപോലെയുള്ളവര്ക്ക് മനശ്ശുദ്ധിയെ നേടാം. അങ്ങനെ ശുദ്ധമായ മനസ്സ് മോക്ഷത്തിലേക്ക് വഴിയൊരുക്കും.
നിത്യമായ ആത്മാവിനേയും അനിത്യമായ അനാത്മാവിനേയും തിരിച്ചറിയുന്നതാണ് വിവേകം. ആത്മാവ് ചൈതന്യവും അനാത്മ വസ്തുക്കള്‍ ജഡവുമാണ്. അനാത്മ വസ്തുക്കളെ വെടിയാനുള്ള കഴിവാണ് വൈരാഗ്യം. ഇവയിലോരോന്നിലും ഉണ്ടാകുന്ന വിരക്തിയാണത്.
വിവേകവും വൈരാഗ്യവും വേണ്ടതു പോലെ വളര്‍ത്തിയെടുക്കാന്‍ സാധകര്‍ യത്നിക്കണം. ശാസ്ത്ര പഠനം, ശ്രുതി വാക്യ മനനം, ധ്യാനം എന്നിവ വഴി വിവേകത്തിനൈ ഉറച്ച താക്കണം. വിവേകം വര്‍ധിക്കുമ്പോള്‍ വൈരാഗ്യവും കൂടും.എത്ര കണ്ട വൈരാഗ്യമുണ്ടോ അത്രയും വിവേകവും സമൃദ്ധമാകും. ഇവ പരസ്പര പൂരകങ്ങളാണ്. വിവേക വൈരാഗ്യങ്ങളുടെ ഉറയ്ക്കലോടെ മനസ്സ് ശുദ്ധമാകുന്നു. വിക്ഷേപങ്ങളെല്ലാമടങ്ങി മനസ്സ് മോക്ഷത്തിലേക്ക് നയിക്കും. ആത്മദര്ശനത്തിനുള്ള ഉപകരണമല്ല മനസ്സ്. പരിശുദ്ധമായ മനസ്സ് വഴി സാധകനിലെ വ്യക്തിത്വത്തെ പരമാത്മാവില്‍ വിലയം പ്രാപിപ്പിക്കാനാവും.അതിനാല്‍ ബുദ്ധിമാന്മാരായ മുമുക്ഷുക്കള്‍ വിവേക, വൈരാഗ്യങ്ങളെ നന്നായി ബലപ്പെടുത്താന്‍ യത്നിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: