വിനാശകരമായ ചില ഗ്രഹയോഗങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കുജനും ശനിയും വ്യാഴവും ഒരു രാശിയില്‍ വന്നാല്‍ അതല്ലെങ്കില്‍ ഏതെങ്കിലും രണ്ടുഗ്രഹങ്ങള്‍ ഒരു രാശിയിലും മറ്റേ ഗ്രഹം ഏഴാം രാശിയിലും, അതായത് സമസപ്തമത്തില് വന്നാല്‍ ഹിമാലയം മുതല്‍ ലങ്കവരെയുള്ള സ്ഥലത്ത് ഒട്ടനവധി ജീവജാലങ്ങള്‍ നശിക്കും. ഈ യോഗത്തിന് വസുന്ധരായോഗം എന്നു പറയുന്നു. ഇപ്പോള്‍ വ്യാഴവും, കുജനും, ശനിയും മകരം രാശിയിലാണ് നില്‍ക്കുന്നത്. മെയ് 4ന് കുജന് കുംഭം രാശിയില്‍ വരുന്നതോടെ വസുന്ധരായോഗം അവസാനിക്കും.
ഒരു വര്‍ഷം വ്യാഴം മൂന്നു രാശി സ്പര്‍ശിച്ചാല്‍ ലോകമെമ്പാടും വന്‍തോതില്‍ ജീവജാലങ്ങള്‍ നശിക്കുമെന്ന് ഗര്‍ഗ്ഗാചാര്യന്‍ പറയുന്നു. 1194 മേടം 1ന് വ്യാഴം ധനുരാശിയിലായിരുന്നു. ധനു 9ന് വക്രത്തില്‍ വൃശ്ചികം രാശിയില്‍ പ്രവേശിച്ചു. 1195 തുലാം 18ന് വ്യാഴം വീണ്ടും ധനുരാശിയില്‍ വന്നു. മീനം 16ന് ഗുരു മകരം രാശിയില്‍ പ്രവേശിച്ചു. 1194 മേടത്തിനും 1195 മേടത്തിനും ഇടയ്ക്ക് വ്യാഴം ഒരു വര്‍ഷത്തിനുള്ളില്‍ വൃശ്ചികം, ധനു, മകരം എന്നീ രാശികളില് സ്പര്‍ശിക്കുന്നു. വ്യാഴത്തിന്റെ അതിചാരകാലം ദോഷകാലമാണ്.
രാഹുവിന്റെയും കേതുവിന്റെയും ഒരു ഭാഗത്ത് മറ്റെല്ലാഗ്രഹങ്ങളും വന്നാല്‍ കാളസര്‍പ്പയോഗം എന്നു പറയുന്നു. 2020 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 4 വരെ കാളസര്‍പ്പയോഗം ആയിരുന്നു.
കുജന് ആഗ്നേയഗ്രഹവും ശനി മാരുതഗ്രഹവുമാകുന്നു. കുജനും ശനിയും ഒരു രാശിയില്‍ വരുമ്പോള്‍ അഗ്നിമാരുത യോഗം എന്നു പറയുന്നു. കുജനും ശനിയും ഇപ്പോള്‍ മകരം രാശിയിലാണ്. ഈ നാലു യോഗങ്ങളും ഒരുമിച്ചുവന്നത് പ്രശ്നം രൂക്ഷമാക്കി. എല്ലാവരും പ്രാര്‍ത്ഥിക്കുന്നതാണ് ഇതിന് പരിഹാരം.
അടുത്തകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വമായ ഈ ഗ്രഹയോഗങ്ങളില്‍ നിന്നും മുക്തിനേടണമെങ്കില്‍ വീടുകളില്‍ നാമജപവും ക്ഷേത്രദര്‍ശനവും അനിവാര്യമാണ്.
മനുഷ്യന് ഉള്‍പ്പടെ ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങളും നവഗ്രഹങ്ങള്‍ക്ക് അധീനമാണ്. ദിവസം, ആഴ്ച, മാസം, വര്‍ഷം, യുഗം, കല്പം എന്നീ കാലഗണന സൂര്യന്റെ ഭൂമിക്ക് ആപേക്ഷികമായ സഞ്ചാരം കൊണ്ടുണ്ടാകുന്നതാണ്. ജന്മാന്തരങ്ങളില്‍ ചെയ്ത ശുഭാശുഭ കര്‍മ്മഫലങ്ങള്‍ ഓരോരുത്തര്‍ക്കും സമയാസമയങ്ങളില്‍ പ്രദാനം ചെയ്യുന്നതും ഗ്രഹങ്ങളാണ്.
ഈ പ്രപഞ്ചത്തിലെ ചരാചരങ്ങളില്‍ സൂര്യന്റെ പ്രഭാവം വളരെ വലുതാണ്. സൂര്യനില്‍ നിന്നാണ് ജീവജാലങ്ങള്‍ ഉണ്ടാകുന്നതും, സൂര്യനാണ് അവയെ പരിപാലിക്കുന്നതും. സൂര്യനിലേക്കാണ് അവ ലയിക്കുന്നതും. അതിനാല്‍ സൂര്യന് ഭഗവാന് തന്നെയാണ്.
ആര് ഉദിക്കുമ്പോഴാണ് ഈ പ്രപഞ്ചം മുഴുവന്‍ ഉണരുന്നത്, മദ്ധ്യത്തില്‍ എത്തുമ്പോള്‍ ജീവജാലങ്ങള്‍ പ്രവര്‍ത്തന നിരതമാകുന്നത്, അസ്തമിക്കുമ്പോള്‍ ശ്വാസോച്ഛ്വാസം മാത്രം ചെയ്ത് നിദ്രയെ പ്രാപിക്കുന്നത് അത് സൂര്യനാണ്. സൂര്യന്റെ പ്രപ ഞ്ചത്തിലുള്ള പ്രഭാവം പ്രകടമാണ്.
സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ നടത്തുന്നത് സൂര്യനാണെന്ന് നമുക്ക് ദൃഷ്ടിഗോചരമാണ്. അതിനാല്‍ സൂര്യനെ പ്രത്യക്ഷദേവതയായി അംഗീകരിക്കാം. സൂര്യനാണ് ഈ പ്രപഞ്ചം മുഴുവന്‍ പ്രകാശപൂരിതമാക്കുന്നത്. അതിനാല്‍ സൂര്യനല്ലാതെ മറ്റൊരു ദേവതയില്ല.
ഭൂമിയുടെ ഏറ്റവും അടുത്തുകൂടി സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്. ചന്ദ്രന്റെ സഞ്ചാരപഥം ദീര്‍ഘവൃത്താകൃതിയിലാണ്. ഭൂമിയും ചന്ദ്രനും തമ്മില്‍ ഗുരുത്വാകര്‍ഷണം ഉണ്ടാകുന്നു. അപ്പോള്‍ ആകര്‍ഷിക്കപ്പെടുന്നത് ജലമാണ്. ചന്ദ്രന് നില്ക്കുന്ന ഭാഗത്തും അതിന് 180 ഡിഗ്രി അകലെയുള്ള മറുഭാഗത്തും ഭൂമിയില്‍ ജലനിരപ്പ് ഉയരും. ചന്ദ്രനില്‍ നിന്നും 90 ഡിഗ്രി അകലെയുള്ള രണ്ടു സ്ഥലത്തും ജലനിരപ്പ് താഴും. ജലനിരപ്പ് കൂടുന്നിടത്ത് വേലിയേറ്റവും, ജലനിരപ്പ് താഴുന്നിടത്ത് വേലിയിറക്കവുമാകുന്നു. ഒരു ദിവസം രണ്ടുപ്രാവശ്യം വേലിയേറ്റവും, വേലിയിറക്കവും ഉണ്ടാകും. ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോള്‍ വേലിയേറ്റത്തിന്റെ ശക്തി കൂടിയിരിക്കും.
ഡോ. കെ.ബാലകൃഷ്ണ വാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: