ന്യൂദല്‍ഹി: കോവിഡ് 19 നായി നിലവില്‍ അംഗീകൃത ചികിത്സകള്‍ ഒന്നുമില്ലെന്ന് ഐ സി എം ആര് ഇതിനകം വ്യക്തമാക്കിയിട്ടുള്ളതിനാല്‍ പ്ലാസ്മ ചികിത്സ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. പരീക്ഷിച്ചു കൊണ്ടിരിക്കുന്ന നിരവധി ചികിത്സകളില്‍ ഒന്നാണ് പ്ലാസ്മ ചികിത്സ. കോവിഡ് ചികിത്സയായി ഇതു കണക്കാക്കുന്നതിന് നിലവില്‍ തെളിവുകള്‍ ലഭ്യമല്ല. പ്ലാസ്മ ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി ഐ സി എം ആര് ദേശീയ തലത്തില്‍ പഠനവും ആരംഭിച്ചു. പഠനം പൂര്‍ത്തിയാകും വരെയും ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാകുകയും വരെയും ഗവേഷണ, പരീക്ഷണ ആവശ്യങ്ങള്‍ക്കല്ലാതെ ഇത് ഉപയോഗിക്കാന്‍ പാടില്ല. പ്ലാസ്മ ചികിത്സ നടത്തുന്നത് ജീവന് വരെ അപകടപ്പെടുത്താമെന്ന വസ്തുത കണക്കിലെടുത്താണ് ഇത്. പഠന ആവശ്യങ്ങള്‍ക്കല്ലാതെ പ്ലാസ്മ ചികിത്സയുടെ ഉപയോഗത്തിന് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ബയോ ടെക്നോളജി വകുപ്പും അതിനു കീഴിലുള്ള 18 സ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നടത്തിയ കോവിഡ് 19 അനുബന്ധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്ധന് അവലോകനം ചെയ്തു.ഡയറക്ടര്‍മാരുമായും വകുപ്പു തലവന്മാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തത്. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കു കീഴില്‍ ആന്റിബോഡി പരിശോധനാ കിറ്റുകള്‍, പിസിആര്‍ അടിസ്ഥാനമാക്കിയുള്ള റിയല്‍ടൈം പരിശോധനാ കിറ്റുകള്‍, കോവിഡ് 19 നുള്ള വാക്സിനുകള്‍ എന്നിവ വികസിപ്പിക്കാനുള്ള പ്രക്രിയ വേഗത്തിലാക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇന്നത്തെ കണക്കനുസരിച്ച്, കഴിഞ്ഞ 28 ദിവസമായി രാജ്യത്തെ 17 ജില്ലകളില്‍ പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ ജില്ലകളുടെ എണ്ണത്തില്‍ ഒന്നിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്. (രണ്ട് പുതിയ ജില്ലകള്‍ ചേര്‍ക്കുകയും നേരത്തെ ഉണ്ടായിരുന്ന ഒരു ജില്ല ഒഴിവാക്കുകയും ചെയ്തു.) കേരളത്തിലെ വയനാട്, പശ്ചിമ ബംഗാളിലെ കാലിംപോങ് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലകള്‍. ഈ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത് ബിഹാറിലെ ലഖിസാരായി ജില്ലയാണ്.
നിലവില്‍ രാജ്യത്ത് 6868 പേരാണ് രോഗമുക്തരായത്. 23.3 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത് ആകെ 29,435 പേര്‍ക്കാണ്.
രോഗലക്ഷണങ്ങള്‍ വളരെ കുറഞ്ഞതോതിലുള്ള രോഗികളെ വീട്ടില്‍ ഐസൊലേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്വയം ക്വാറന്റൈന് ചെയ്യുന്നതിന് അവരവരുടെ വസതിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമായ രോഗികള്‍ക്ക് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ പാര്‍ക്കാനുള്ള അവസരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: