മലപ്പുറം: ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പുതിയ സമരനാടകവുമായി മുസ്ലിം ലീഗ്. പ്രവാസികളെ ഉടന്‍ നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നടത്തിയ സമരം സമൂഹമാധ്യമങ്ങളിലടക്കം ചിരി പടര്‍ത്തുകയാണ്. റംസാന്‍ നോമ്പുകാലത്ത് നടത്തിയത് ഉപവാസ സമരമാണെന്നതാണ് ഏറ്റവും രസകരമായ കാര്യം. സമരത്തില്‍ 13 എംഎല്‍എമാരും മൂന്ന് എംപിമാരും പങ്കെടുത്തിരുന്നു. ഇവരെല്ലാവരും നോമ്പെടുക്കുന്നവരുമാണ്.
വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെത്തിക്കും. ഇവരെ നിരീക്ഷിക്കാന്‍ എല്ലാ സംസ്ഥാനത്തും പ്രത്യേക കേന്ദ്രങ്ങളും തയ്യാറായി കഴിഞ്ഞു. ഈ വസ്തുതകള്‍ നിലനില്‍ക്കുമ്പോഴാണ് പ്രവാസികള്‍ക്ക് വേണ്ടിയെന്ന വ്യാജേന നോമ്പെടുക്കുന്ന ലീഗ് ജനപ്രതിനിധികള്‍ ഉപവാസം ഇരുന്നത്. സമരത്തിന്റെ ദൈര്‍ഘ്യമാണ് മറ്റൊരു തമാശ, ഒരു മണിക്കൂറായിരുന്നു ഉപവാസം. ഇത്തരം പ്രഹസനങ്ങള്‍ എന്തിന് വേണ്ടിയാണെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്.
നോമ്പുകാലമാണെന്ന കാര്യം പാണക്കാട് തങ്ങളെങ്കിലും ഓര്‍ക്കണമായിരുന്നു, പ്രവാസികള്‍ക്ക് വേണ്ടി ഒരു മണിക്കൂര്‍ വിശപ്പ് സഹിച്ച നേതാക്കള്‍ക്ക് ഹരിതാഭിവാദ്യങ്ങള്‍, ശരിക്കും ഉപവാസം എന്ന സമരമുറ എന്താണെന്ന് അറിയാമോ? അങ്ങനെ
പോകുന്നു സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍. കരിപ്പൂരില്‍ നടന്ന സമരം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, എംഎല്‍എമാരായ എം.കെ. മുനീര്‍, കെ.എം. ഷാജി, പി. ഉബൈദുള്ള, എം. ഉമ്മര്‍, കെ.എന്‍.എ. ഖാദര്‍, എന്‍. ഷംസുദ്ദീന്‍, സി.മമ്മൂട്ടി, പാറക്കല്‍ അബ്ദുള്ള, ടി.വി. ഇബ്രാഹിം, മഞ്ഞളാംകുഴി അലി, പി. അബ്ദുല്‍ ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ. ബഷീര്‍ തുടങ്ങിയവര്‍ ഉപവാസത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: