ന്യൂദല്‍ഹി: കോവിഡ് 19 ന്റെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് വെബിനാര്‍ വഴി രാജ്യത്തെ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങളെക്കുറിച്ച് തന്റെ മന്ത്രാലയം ആശങ്കാകുലമാണെന്നും അതിനാലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ രാജ്യത്തെ 33 കോടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിവിധപദ്ധതികള്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇ പാഠശാല, നാഷണല്‍ റെപ്പോസിറ്റോറി ഓഫ് ഓപ്പണ്‍ എഡ്യൂക്കേഷണല്‍ റിസോഴ്സസ് , സ്വയം, ഡിടിഎച്ച് ചാനല്‍ സ്വയം പ്രഭ തുടങ്ങിയവ വഴി എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസ തുടര്‍ച്ചയ്ക്ക് മന്ത്രാലയം ശ്രമം നടത്തുന്നുണ്ടെന്ന് പൊഖ്രിയാല്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസനയം ശക്തിപ്പെടുത്തുന്നതിനായി ഭാരത് പടെ ഓണ്‍ലൈന്‍ ക്യാമ്പയിന് ആരംഭിച്ചതായും അതില്‍ രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ തേടിയതായും പോഖ്രിയാല്‍ പറഞ്ഞു. പതിനായിരത്തിലധികം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. അക്കാര്യത്തില്‍ മന്ത്രാലയം ഉടന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.
വിദ്യാദാന്‍ 2.0 നെക്കുറിച്ച് രക്ഷിതാക്കളോട് കേന്ദ്രമന്ത്രി സൂചിപ്പിച്ചു. സിലബസ് പ്രകാരം വിവിധ ഇ ലേണിംഗ് പ്ലാറ്റ്ഫോമുകളിലൂടെ വിവിധവിഷയങ്ങള്ക്കുള്ള ഉള്ളടക്കം കൂടുതല്‍ പരിപോഷിപ്പിക്കാനുള്ള സംഭാവനകള്‍ നല്കാന് രാജ്യത്തെ വിദ്യാഭ്യാസ വിചക്ഷണരോടും സംഘടനകളോടും മന്ത്രാലയം അഭ്യര്‍ത്ഥിച്ചതായി മന്ത്രി അറിയിച്ചു.
ആശയവിനിമയത്തിനിടയില്‍ രക്ഷിതാക്കള്‍ അവരുടെ പ്രാദേശിക മേഖലകള്‍ അഭിമുഖീകരിക്കുന്ന ചില പ്രധാന വിഷയങ്ങളില്‍ ഉന്നയിച്ചു. എന്‍സിഇആര്‍ടി എല്ലാ സംസ്ഥാനങ്ങളിലേക്കും പുസ്തകങ്ങള്‍ അയച്ചിട്ടുണ്ടെന്നും താമസിയാതെ അവ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുമെന്നും എന്‍സിഇആര്‍ടി പുസ്തകങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
സിബിഎസ്ഇ 10, 12 ക്ലാസുകളില്‍ ശേഷിക്കുന്ന പരീക്ഷകള്‍ എന്നാണ് നടത്തുക എന്ന ചോദ്യത്തിന് മറുപടിയായി 29 പ്രധാന വിഷയങ്ങളില്‍ പരീക്ഷകള്‍ സാധ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ നടത്തുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ലോക്ക്ഡൗണില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ അധ്യയന നഷ്ടം എങ്ങനെ കുറയ്ക്കാം എന്ന ചോദ്യത്തിന് മറുപടിയായി, 80,000 കോഴ്സുകള്‍ മന്ത്രാലയത്തിന്റെ ദീക്ഷ പ്ലാറ്റ്ഫോമിലൂടെ മാത്രം ലഭ്യമാകുന്നതായി അദ്ദേഹം അറിയിച്ചു.
ലോക്ക്ഡൗണില്‍ വിദ്യാഭ്യാസം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ എന്‍സിഇആര്‍ടി ഒരു ബദല്‍ കലണ്ടര്‍ സൃഷ്ടിച്ചുവെന്ന് ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു. സിബിഎസ്ഇയോട് പുതിയ അക്കാദമിക് കലണ്ടര്‍ പുറത്തുവിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാരുമായും വിദ്യാഭ്യാസ സെക്രട്ടറിമാരുമായും മന്ത്രാലയം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: