കൊച്ചി: ആരോഗ്യ സര്‍വേയ്‌ക്ക് സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലെ ഹൈക്കോടതി ഇടക്കാല ഉത്തരവിനെ മുഖ്യമന്ത്രി വ്യാഖ്യാനിച്ചത് തെറ്റായി. വാസ്തവത്തില്‍ സര്‍ക്കാരിനെ കോടതി ‘ക്വാറന്റൈനില്‍’ ആക്കുകയായിരുന്നു. മുഖ്യമന്ത്രി കോടതി ഉത്തരവിനെ ലഘുവായി കാണുന്നതില്‍ നിയമ വകുപ്പിന് കടുത്ത വിയോജിപ്പുണ്ട്. സത്യവാങ്മൂലം തയാറാക്കുംമുമ്പ് മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്യണമെന്ന് സിപിഐ ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്.
ഹര്‍ജിയിലെ വിധി മുഖ്യമന്ത്രി വ്യാഖ്യാനിച്ചത്, ഒന്ന്: കരാര്‍ റദ്ദാക്കിയിട്ടില്ല, രണ്ട്: സ്‌റ്റേ ചെയ്തിട്ടില്ല എന്നിങ്ങനെ വാദിച്ചായിരുന്നു. എന്നാല്‍, കോടതി വിധിയെ മുഖ്യമന്ത്രി ലാഘവത്തോടെ കാണുകയാണോ അങ്ങനെ ഭാവിക്കുകയാണോ എന്ന് നിയമവിദഗ്ധര്‍ അത്ഭുതം പ്രകടിപ്പിക്കുന്നു.
ഡിവിഷന്‍ ബെഞ്ച് ‘വിധി’ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കരാര്‍ റദ്ദാക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന കാര്യം പരിഗണനയില്‍ വരുന്നില്ല. ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കുന്ന വിഷയമാണ്‌കോടതി പരിഗണിച്ചത്.
കേസ് മൂന്നാഴ്ചയ്‌ക്കു ശേഷം വിശദമായി പരിഗണിക്കാന്‍ നിശ്ചയിച്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഇടക്കാല ഉത്തരവാണ് കോടതി നല്‍കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെയും ജസ്റ്റിസ് ടി.ആര്‍. രവിയുടെയും ബെഞ്ച് മെയ് 18 ന് കേസ് കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിനകം ഇടക്കാല ഉത്തരവില്‍ കോടതി ഉയര്‍ത്തിയ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കോടതി സമയം അനുവദിച്ചിരിക്കുകയുമാണ്.
കരാര്‍ സ്‌റ്റേ ചെയ്യാത്തതിന് കോടതി വ്യക്തമായ കാരണം പറയുന്നുണ്ട്. സ്പ്രിങ്ക്‌ളറിന്റെ സേവനം ഇല്ലാതെ സംസ്ഥാന സര്‍ക്കാരിന് കൊറോണാ വൈറസ് പ്രതിരോധത്തിന് കഴിയില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ്, ‘സാഹചര്യം മറ്റൊന്നായിരുന്നെങ്കില്‍ ഇടപെട്ടേനെ,’ എന്ന് കോടതി വ്യക്തമാക്കിയത്.
അതായത്, കൊറോണാ പരിശോധനയിലെന്നപോലെ, സര്‍ക്കാരിനെ ഈ കരാറിന്റെ പരിശോധനയില്‍ ‘ലക്ഷണങ്ങള്‍’ പ്രതികൂലമായതിനെ തുടര്‍ന്ന് ‘ക്വാറന്റൈനില്‍’ ആക്കിയിരിക്കുകയാണ്. വിശദ പരിശോധന നടത്താനിരിക്കുന്നതേയുള്ളു.
കോടതിയുടെ ഇടക്കാല ഉത്തരവ് പഠിച്ചാല്‍, ഇതുവരെ ഈ വിഷയത്തില്‍ പലരും ഉയര്‍ത്തിയിരുന്ന സംശയങ്ങളും ആശങ്കകളും കോടതിക്കും തോന്നിയിരിക്കുന്നുവെന്നാണ് വ്യക്തമാകുന്നതെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കൊടുക്കുന്ന സത്യവാങ്മൂലത്തെ ആശ്രയിച്ചിരിക്കും വിധി.
അതിനിടെ, നിയമവകുപ്പുദ്യോഗസ്ഥര്‍, അവരുടെ അറിവും സമ്മതവുമില്ലാതെ ഉണ്ടാക്കിയ കരാറിനെ ന്യായീകരിക്കേണ്ടിവരുന്നതിലും കോടതിയില്‍ നിയമവിദഗ്‌ദ്ധരെ ഇറക്കുമതി ചെയ്യുന്നതിലും അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗത്തില്‍, അല്ലെങ്കില്‍ മുതിര്‍ന്ന മന്ത്രിമാര്‍തമ്മില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും മുമ്പ് ചര്‍ച്ച ചെയ്യണമെന്ന സിപിഐയുടെ ആവശ്യവും മുഖ്യമന്ത്രിക്ക് പുതിയ പ്രശ്‌നങ്ങളായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: