രാജ്യത്ത് ധര്‍മ്മം സംരക്ഷിക്കുകയാണ് ഒരു രാജാവിന്റെ അല്ലെങ്കില്‍ ഒരു ഭരണാധികാരിയുടെ കര്‍ത്തവ്യം. ഒരു രാഷ്ട്രത്തിന്റെ ക്രമസമാധാനവും,ആര്‍ജ്ജവവും,ഐക്യവും സമ്പത്സമൃദ്ധിയും പൊതുവായ ക്ഷേമൈശ്വര്യവും പടുത്തുയര്‍ത്തുന്നത് ധര്‍മ്മാചരണമാണ്. രാജാവിനോട് ഭക്തി കാട്ടേണ്ടത് പ്രജകളുടെ ധര്‍മ്മമാണ്. അവര്‍ രാജ്യത്തോടും ഭക്തിയുള്ളവരാകണം. പരസ്പരം സ്നേഹിക്കപ്പെടണം. രാജ്യസേവനത്തിന് അന്യോന്യം സ്നേഹബദ്ധരാകണം. വേണ്ടിവന്നാല്‍ മാതൃരാജ്യത്തിന്റെ സംരക്ഷണത്തിന് ജീവന് പോലും വെടിയണം.
രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാനും,ആഭ്യന്തരസമാധാനം സംരക്ഷിക്കാനും ആയുധങ്ങളും സായുധസേനയുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥമായ സംരക്ഷണശക്തി വളരെ സൂക്ഷ്മമായ ഒന്നാണ്,അത് ധര്‍മ്മം തന്നെ. എവിടെ ധര്‍മ്മം ആചരിക്കപ്പെടുന്നുവോ അവിടെ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും അദൃശ്യശക്തികള് രക്ഷക്കു വന്നുചേരും. ഈ ശക്തികള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും രാഷ്ട്രത്തിനും രക്ഷാദുര്‍ഗ്ഗം തീര്‍ക്കും. ലോകത്തിലെ ഒരു ശക്തിക്കും ഒരു ധര്മ്മോപാസകനെ പരാജയപ്പെടുത്തുവാന്‍ പറ്റുകയില്ല. അത്രമാത്രം ശക്തിമത്താണ് ധര്‍മ്മം.
നന്മയേയും തിന്മയേയും തിരിച്ചറിഞ്ഞ്എല്ലാ പരിതസ്ഥിതികളിലും ധര്‍മ്മത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഒരു മനുഷ്യന്റെ മുഖ്യകര്‍ത്തവ്യം. നന്മയും സാന്മാര്ഗ്ഗികബോധവും വിവേചനാശക്തിയുമാണ് മനുഷ്യനെ മഹത്ത്വമുള്ളവനാക്കുന്നത്. മാതൃകാപരമായ മനുഷ്യത്വം ധാര്മ്മികതേജസ്സാര്ന്നതാണ്.
(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: