പാല്‍ഗഡ്: മൂന്നു മണിക്കൂറോളം പൊരുതി, പക്ഷെ നിമിഷം തോറും ആള്‍ക്കൂട്ടം വലുതായി വലുതായി വന്നതോടെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല… ജൂഡ അഖാഡയിലെ രണ്ട് സംന്യാസിമാരെയും ഡ്രൈവറെയും പേപ്പട്ടികളെപ്പോലെ തല്ലിക്കൊല്ലുന്നത് നിസഹായതയോടെ കാണേണ്ടിവന്ന ചിത്ര ചൗധരിയുടെ വാക്കുകളില്‍ ഭയവും വേദനയും നിറഞ്ഞു നിന്നു. മഹാരാഷ്ട്രയിലെ പാല്‍ഗഡിലെ ഗഡ്ചിഞ്ചിലി ഗ്രാമത്തിലെ സര്‍പാഞ്ചാണ്. ബിജെപിപ്രതിനിധിയാണ്.
സംന്യാനിസിമാരെ ആള്‍ക്കൂട്ടം തടഞ്ഞുവച്ചതറിഞ്ഞ് രാത്രിയില്‍ ഓടിയെത്തിയതാണ് ചിത്ര. ജനക്കൂട്ടത്തെ പറഞ്ഞു മനസിലാക്കി സംന്യാസിമാരെയും ഡ്രൈവറെയും അടുത്തുള്ള വനംവകുപ്പിന്റെ കെട്ടിടത്തിലേക്ക് മാറ്റിയത് ചിത്രയാണ്. ഇതിനിടെ പോലീസിനെ വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതും ചിത്രയാണ്.
പോലീസെത്തി അവരെ പുറത്തിറക്കിയതോടെ ചിലര്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുകയുകയും അവരെ പൈശാചികമായി തല്ലിക്കൊല്ലുകയുമായിരുന്നു. പേലീസിന് അക്രമികളുടെ പേര് പറഞ്ഞുകൊടുത്തതിന് ചിത്രയേയും ഭര്‍ത്താവിനെയും രണ്ടു മക്കളെയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് പ്രതികളുടെ ബന്ധുക്കള്‍. അന്ന് അവര്‍ എന്നെയും കൊല്ലുമായിരുന്നു… ചിത്ര ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. പോലീസാണ് തന്നെ രക്ഷിച്ചത്.
വിവരമറിഞ്ഞ് എത്തിയ താന്‍ മൂന്നു മണിക്കൂറാണ് സംന്യാനിമാരെ രക്ഷിക്കാന്‍ ജനക്കൂട്ടത്തോട് തര്‍ക്കിച്ചും പൊരുതിയും നിന്നത്. പക്ഷെ നിമിഷം തോറും ജനക്കൂട്ടം വലുതായി വന്നതോടെ പിന്നെ പിടിച്ചു നില്ക്കാനായില്ല. പോലീസ് ഒരു സംന്യാസിയേയും ഡ്രൈവറെയും അവരുടെ കാറില്‍ കയറ്റി. പക്ഷെ വൃദ്ധനായ സംന്യാസിയെ പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ അവര്‍ ആക്രമണം തുടങ്ങി.
അദ്ദേഹത്തിന്റെ തലയില്‍ നിന്ന് ചോരയൊഴുകുകയായിരുന്നു. ജനക്കൂട്ടം അദ്ദേഹത്തെ കല്ലെറിയാന്‍ തുടങ്ങി. ആ സമയത്ത് പോലീസ് എന്റെ രക്ഷയ്ക്ക് ശ്രമിച്ചില്ലായിരുന്നുവെങ്കില്‍ എന്നെയും അവര്‍ കൊല്ലുമായിരുന്നു. എനിക്കും ധാരാളം കല്ലേറേറ്റു. ഒന്ന് പിന്നിലാണ് കൊണ്ടത്. വീട്ടില്‍ വന്ന ശേഷവും എനിക്ക് സ്വസ്ഥതയില്ല. ആഹാരം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല. ധാരാളം ഭീഷണികളാണ് ഇപ്പോള്‍ ലഭിക്കുന്നത്, അവര്‍ പറഞ്ഞു. പോലീസ് അറസ്റ്റു ചെയ്തവരില്‍ നിരവധി നിരപരാധികളുമുണ്ട്. അവരെ വിട്ടയക്കണം. പക്ഷെ കുറ്റം ചെയ്തവരെ വെറുതേ വിടരുത്. അവിടെ കൂടിയത് ഒരു ഗ്രാമത്തിലെ ജനങ്ങളല്ല, നിരവധി ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ അവിടെയെത്തി.
ജനക്കൂട്ടം കാറിലെത്തിയ മൂന്നുപേരെ തടഞ്ഞുവെന്നറിഞ്ഞാണ് ഞാന്‍ എത്തിയത്. അവിടെ ചെന്നപ്പോഴാണ് അവര്‍ സംന്യാസിമാര്‍ ആണെന്ന് അറിഞ്ഞത്. അവര്‍ കാറിനുള്ളില്‍ അടച്ചിരിക്കുകയായിരുന്നു. ജനങ്ങള്‍ അവരെ ആക്രമിക്കില്ലെന്ന് ഞാന്‍ അവര്‍ക്ക് ഉറപ്പു നല്കി. ഞാന്‍ ഒറ്റയ്ക്ക് ജനക്കൂട്ടത്തെ അടക്കി നിര്‍ത്തി. അവരില്‍ ചിലരുടെ കൈവശം ആയുധങ്ങളുമുണ്ടായിരുന്നു. പക്ഷെ കൂടുതല്‍ കൂടുല്‍ ആള്ക്കാര് എത്തിയതോടെ അവരെ നിയന്ത്രിക്കാന്‍ പറ്റാതായി. കൂടുതല്‍ പോലീസിനെ എത്തിക്കണമെന്ന് ഞാന്‍ അവരോട് അഭ്യര്‍ഥിച്ചു.
ഈ സമയത്ത് പോലീസ് കാറും കാറിലുള്ളവരെയും വീഡിയോയില്‍ എടുക്കാന്‍ തുടങ്ങി. കൂടുതല്‍ പോലീസ് എത്തിയാണ് എന്നെ മാറ്റിയത്. ജനക്കൂട്ടത്തില്‍ ആരും എന്റെ രക്ഷയ്ക്ക് എത്തിയതുമില്ല, അവര്‍ പറഞ്ഞു. ഏപ്രില്‍ 16ന് രാത്രിയിലാണ് ജുന അഖാഡയിലെ മഹരാജ് കല്‍പ്പവൃക്ഷ ഗിരി (70), മഹരാജ് സുശീല്‍ ഗിരി (35) എന്നിവരെയും ഡ്രൈവറെയും മര്‍ദിച്ചുകൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: