റിയാദ് : പ്രായപൂർത്തിയാകാത്തവരുടെ വധശിക്ഷ സൗദി അറേബ്യ നിർത്തലാക്കി. വധശിക്ഷയ്ക്ക് പകരം പ്രായപൂർത്തിയാകാത്തവർക്ക് 10 വർഷത്തിൽ കുറയാത്ത ജുവനൈൽ തടവ് ശിക്ഷയാണ് വിധിക്കുക. രാജ്യത്തെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മേൽനോട്ടത്തിൽ നടന്നു വരുന്ന മനുഷ്യാവകാശ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ഇത്തരം തീരുമാനമെന്ന് അധികൃർ അറിയിച്ചു.
സൗദി രാജകുടുംബത്തിന്റെ പരിഷ്കരണത്തിലെ ഈ പുതിയ മാറ്റത്തെക്കുറിച്ച് ഞായറാഴ്ചയാണ് മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവന പുറപ്പെടുവിച്ചത്. ഈ ഉത്തരവിലൂടെ രാജ്യത്ത് ഇപ്പോൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചെറുപ്പക്കാരുടെ ജീവൻ രക്ഷിക്കാനാകുമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിശ്വാസം. കുറ്റകൃത്യങ്ങൾക്ക് നൽകിയിരുന്ന ചാട്ടവാറടി ശിക്ഷയും കഴിഞ്ഞ ദിവസം നിർത്താലാക്കിയിരുന്നു.
ചൈനയും ഇറാനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വധശിക്ഷ നടത്തിയിരുന്ന രാജ്യമായിരുന്നു സൗദി അറേബ്യ. 2019ൽ സൗദി അറേബ്യയിൽ 184 വധശിക്ഷകളാണ് നടന്നത്. തൂക്കിലേറ്റപ്പെട്ട 184 പേരിൽ ആറ് സ്ത്രീകളും 178 പുരുഷന്മാരും ഉൾപ്പെടുന്നു. ഒരു വർഷം നടന്ന വധശിക്ഷകളിൽ ഏറ്റവും കൂടിയ കണക്കാണിത്. 2018ൽ 149 പേരായിരുന്നു വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 800 പേരെയാണ് തൂക്കിലേറ്റിയത് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.സൗദി രാജാവ് സൽമാന്റെ ഭരണകാലത്താണ് തൂക്കിക്കൊലകളുടെ എണ്ണം ഇരട്ടിയായിരുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2015ലാണ് സൽമാൻ രാജകുമാരൻ അധികാരത്തിലേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: