തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ സ്ഥിരീകരിച്ച പത്ത് കൊവിഡ് കേസുകളില്‍ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വിശദീകരിക്കുമ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്.
കൊവിഡ് ബാധ എവിടെ നിന്നെന്ന് വ്യക്തമാകാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് രോഗവ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നതിന്റെ സൂചനയായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 10 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ സുരക്ഷാ ഉപകരണങ്ങളുടെ ഗുണമേന്മയെക്കുറിച്ചും സംശയമുയരുകയാണ്. ആകെ 25ഓളം പേര്‍ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നെന്ന് കണ്ടെത്താനായിട്ടില്ല.
കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവര്‍, തിരുവനന്തപുരം ആര്‍സിസിയിലേയും എസ്.കെ. ആശുപത്രിയിലേയും നഴ്സുമാര്‍, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ ബിരുദ വിദ്യാര്‍ഥിനി, കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളി, ഇടുക്കി വണ്ടന്‍ മേട്ടിലെയും പാലക്കാട് വിളയുരിലേയും വിദ്യാര്‍ഥികള്‍, കോഴിക്കോട്ടെ വ്യക്തി, കൊല്ലത്തെ ആരോഗ്യ പ്രവര്‍ത്തക എന്നിവര്‍ക്ക് വൈറസ് ബാധിച്ചതെങ്ങനെയെന്ന് ഇനിയും വ്യക്തമല്ല. മലപ്പുറം സ്വദേശികളുടെ മരണപ്പെട്ട നാല് മാസം പ്രായമുള്ള കുട്ടി, കണ്ണൂരില്‍ ചികിത്സ തേടിയ മാഹി സ്വദേശി, പോത്തങ്കോട്ടെ പോലീസുകാരന് എന്നിവരുള്‍പെടെ 25ഓളം പേരുടെ രോഗകാരണവും വ്യക്തമല്ല. തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഗ്രൂപ്പുകളില്‍ കുറച്ചാളുകളില്‍ മാത്രം നടത്തിയ റാന്‍ഡം പരിശോധനയില്‍ കൊല്ലത്തും കോട്ടയത്തും ഓരോരുത്തര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഗൗരവതരമാണ്.
മുന്‍പ് എറണാകുളത്ത് രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോട്ടയത്തെ നഴ്സിനും രോഗം ബാധിച്ചിരുന്നു. ഏലപ്പാറയിലെ രോഗിയില്‍ നിന്ന് വനിതാ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് നൂറുകണക്കിനു രോഗികളെത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഗൗരവതരമായ വ്യക്തി സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണ് ഏറ്റവും അനിവാര്യമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: