സമീപകാലത്ത് ഉറക്കെപ്പറഞ്ഞ് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്ന ഒരു കാര്യമുണ്ട്. 700 വര്‍ഷക്കാലം ഭാരതത്തില്‍ മുസ്ലിം ഭരണം നടന്നിട്ടും എന്തുകൊണ്ട് ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കിയില്ല? അത് ആ മതത്തിന്റെ സഹിഷ്ണുതയുടെയും സമാധാന പ്രിയതയുടെയും തെളിവാണ് എന്നാണ് വാദം. ചരിത്രം മറച്ചുവയ്‌ക്കുന്നതിന്റെ ആദ്യപടിയാണ് അത്. ഭാരതം ഇസ്ലാമിക വല്‍ക്കരിക്കപ്പെട്ടില്ലെങ്കില്‍ ലക്ഷക്കണക്കിന് മനുഷ്യ ജീവന്റെയും ആയിരക്കണക്കിനു സംന്യാസിമാരുടെയും ത്യാഗത്തിന്റെ വിലയാണത്. രജപുത്ര വീരന്മാരും മറാത്തയിലെ കര്‍ഷകരും വനവാസികളും ദക്ഷിണ ഭാരതത്തിലെ വിജയനഗര സാമ്രാജ്യവും ഇവരെയെല്ലാം നയിച്ച സര്‍വ്വസംഗപരിത്യാഗികളായ സംന്യാസിമാരും ഗുരുക്കന്മാരും ഒക്കെ ചേര്‍ന്ന് അവരുടെ ജീവരക്തം കൊണ്ട് പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ത്തതുകൊണ്ട് ഭാരതം ഇന്നും നിലനില്‍ക്കുന്നു. ഭാരതത്തിലെ സംന്യാസി വേട്ടയുടെ ചരിത്രം ആരംഭിക്കുന്നത് മുസ്ലിം ആക്രമണത്തോടെയാണ്.
സംന്യാസി വേട്ടയുടെ ആരംഭം
ഭാരതത്തിലേക്ക് ആദ്യമായി ആക്രമിച്ചു വന്ന പ്രധാന അക്രമി മുഹമ്മദ് ബിന്‍ കാസിമായിരുന്നു. വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ദാഹിറിനെ അക്രമിച്ചു കൊണ്ടായിരുന്നു ആദ്യ അറബി ആക്രമണം. വൈഷ്ണവരോടുള്ള ശത്രുതകൊണ്ട് ബുദ്ധമത വിശ്വാസികള്‍ അക്രമികളുടെ കൂടെക്കൂടി. പക്ഷെ രണ്ടു കൊല്ലത്തിനുളളില്‍ അതിന്റെ കൂലി കിട്ടുകയും ചെയ്തു. ഭാരതത്തില്‍ ബുദ്ധമതത്തെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയ്‌ക്ക് അങ്ങനെ തുടക്കം കുറിച്ചു. സാധാരണ ബൗദ്ധരെ മാത്രമല്ല, ആ മതത്തെ നിലനിര്‍ത്തുന്ന സംന്യാസിമാരെയും കൂടിയാണ് അക്രമികള്‍ കൊന്നൊടുക്കിയത്. ഭാരത ചരിത്രത്തിലെ സംന്യാസി വേട്ടയുടെ ആരംഭം.
എങ്ങനെയാണ് ബുദ്ധമതത്തെ ഇസ്ലാമിക ആക്രമണകാരികള്‍ ഇല്ലാതാക്കിയതെന്ന് ഡോ. അംബേദ്ക്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അവര്‍ കോടാലി പ്രയോഗിച്ചത് വേരില്‍ത്തന്നെയായിരുന്നു. എന്തുകൊണ്ടെന്നാല്‍ ബുദ്ധ പുരോഹിതന്മാരെ (സംന്യാസിമാരെ) വധിച്ചതിലൂടെ അവര്‍ ബുദ്ധമതത്തെ വധിച്ചു. ബുദ്ധന്റെ മതത്തിന് ഇന്ത്യയില്‍ സംഭവിച്ച ഏറ്റവും വലിയ അത്യാഹിതം ഇതായിരുന്നു.
ഇസ്ലാമിന്റെ ഖഡ്ഗം ഭയങ്കരമാംവിധം പുരോഹിതവര്‍ഗത്തിന്മേല്‍ പതിച്ചു. പുരോഹിതന്മാര്‍ ഒന്നുകില്‍ നശിക്കുകയോ അല്ലെങ്കില്‍ ജീവരക്ഷാര്‍ത്ഥം ഇന്ത്യയ്‌ക്കു വെളിയിലേക്ക് ഒളിച്ചോടുകയോ ചെയ്തു. ബുദ്ധമതത്തിന്റെ ജ്വാല തെളിച്ചുകൊണ്ടിരിക്കാന്‍ ആരും അവശേഷിച്ചില്ല.’ (ഡോ. അംബേദ്ക്കര്‍ സമ്പൂര്‍ണ കൃതികള്‍, വോള്യം 7, അദ്ധ്യായം 5 ബുദ്ധമതത്തിന്റെ അപചയവും അധ:പതനവും) ബുദ്ധ പുരോഹിതന്‍ എന്നു പറയുന്നത് ബുദ്ധമത സംന്യാസി തന്നെയാണ്. അങ്ങനെയുള്ള ആയിരക്കണക്കിനു ബുദ്ധ സംന്യാസിമാരുടെ ചോര വീഴ്‌ത്തിക്കൊണ്ടായിരുന്നു ഇസ്ലാമിന്റെ കടന്നുകയറ്റം.
ആക്രമണ പരമ്പര
മുഹമ്മദ് ഗസ്‌നിയുടെയും ഘോറിയുടെയും കാലത്ത് ഇത് ആവര്‍ത്തിച്ചു. പിന്നീട് പ്രബലമായ മുസ്ലിം ആക്രമണം മുഗളന്മാരില്‍ നിന്നായിരുന്നു. 1526ല്‍ ബാബര്‍ തുടക്കമിട്ടു. ഇന്നത്തെ നമ്മുടെ നാട്ടിലെ ഒരു വിഭാഗം മുസ്ലീങ്ങളുടെ ആരാധ്യപുരുഷന്‍. പീഡനത്തില്‍നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ ഉയര്‍ന്നു വന്നയാളാണ് നാനക ദേവന്‍. അദ്ദേഹം സിഖ് മതം സ്ഥാപിച്ചു. മതസമന്വയം പ്രഖ്യാപിച്ചു. ഇസ്ലാമിക ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഗാനങ്ങളാണ് ഗുരുഗ്രന്ഥസാഹിബില്‍ നാനക ദേവന്റേതായി ഉള്ള വരികള്‍. പിന്നീടു വന്ന മൂന്നു ഗുരുക്കന്മാരും സിഖുമതത്തെ വ്യാപിപ്പിക്കാനും സംഘടിതമാക്കാനുമുള്ള പ്രവര്‍ത്തനം നടത്തി. എന്നാല്‍ മുഗളിന്റെ മത പീഡനത്തിന് കുറവു വന്നില്ല.
അഞ്ചാമത്തെ ഗുരു അര്‍ജ്ജന്‍ ദേവ് കൂടുതല്‍ കരുത്തുറ്റതാക്കി സിഖ് സമൂഹത്തെ. ഇതിന്റെ അപകടം മനസ്സിലാക്കിയ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ സിഖ് മതത്തിലുള്ള ഇസ്ലാമിക ആശയങ്ങളെല്ലാം ഒഴിവാക്കാന്‍ ആജ്ഞാപിച്ചു. ഗുരു അതിന് തയ്യാറായില്ല. അതില്‍ കുപിതനായ ജഹാംഗീര്‍ അതിനിന്ദ്യമായി പീഡിപ്പിച്ചു. ചുട്ടുപഴുത്ത ലോഹത്തകിടില്‍ ഇരുത്തി. ചൂടാക്കിയ മണല്‍ തലയില്‍ ചൊരിഞ്ഞു. അഞ്ചു ദിവസം ഇതാവര്‍ത്തിച്ചു. ഒടുവില്‍ നദിയില്‍ മുക്കിത്താഴ്‌ത്തി കൊന്നു. മുഗളകാലത്തെ ഇസ്ലാമിന്റെ സംന്യാസി വേട്ടയുടെ പ്രധാന ഇര അങ്ങനെ ഗുരു അര്‍ജ്ജന്‍ദേവായി.
ഇസ്ലാമിക ഭരണാധികാരിയുടെ മത പീഡനം അസഹ്യമായപ്പോള്‍ ആറാമത്തെ ഗുരു ഹര്‍ ഗോവിന്ദ് ആയുധമെടുത്തു. ലക്ഷക്കണക്കിനു സൈനികരുണ്ടായിരുന്ന ജഹാംഗീര്‍, ഹര്‍ ഗോവിന്ദിനെ തടവിലാക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞ് ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായപ്പോള്‍ പുറത്തുവിട്ടു. തുടര്‍ന്നു ചക്രവര്‍ത്തിയായി വന്ന ഷാജഹാന്‍, ഹര്‍ ഗോവിന്ദിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. മരണംവരെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഹര്‍ ഗോവിന്ദ് യുദ്ധം ചെയ്തു. ഇതിനിടയില്‍ അച്ഛന്‍ ഷാജഹാനെ ജയിലിലടച്ചു കൊണ്ട് ഔറംഗസീബ് ചക്രവര്‍ത്തിയായി. ഏഴാമത്തെ ഗുരു ഹര്‍ റായിയെ ഔറംഗസീബിന്റെ ജ്യേഷ്ഠന്‍ ദാരയെ സഹായിച്ചതിന്റെ പേരില്‍ തടവിലാക്കാന്‍ ശ്രമിച്ചു. അപകടം മണത്ത ഗുരു അഞ്ചു വയസ് മാത്രമുള്ള കുട്ടിയെ എട്ടാമത്തെ ഗുരുവായി പ്രഖ്യാപിച്ചു. പക്ഷെ താമസിക്കാതെ ഹര്‍ കിഷന്‍ എന്ന ആ ബാല ഗുരു അസുഖം വന്നു മരിച്ചു. അപ്പോള്‍ ഒമ്പതാമത്തെ ഗുരുവായി തേജ് ബഹദൂറിനെ നിശ്ചയിച്ചു.
തേജ് ബഹദൂറിന്റെ വിയോഗം
ഔറംഗസീബിന്റെ ഹിന്ദു പീഡനത്തില്‍ ജനങ്ങള്‍ വീര്‍പ്പുമുട്ടി. തേജ് ബഹദൂര്‍ എല്ലാവരെയും ആശ്വസിപ്പിച്ചു കൊണ്ട് ഭാരതം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. ബ്രാഹ്മണരെ മതം മാറ്റാനായിരുന്നു ഔറംഗസീബിന് ഉത്സാഹം. ഹിന്ദുസ്ഥാനെ വേഗം കീഴടക്കാന്‍ അതാണെളുപ്പവഴിയെന്ന് ഉപദേശകര്‍ പറഞ്ഞു. ബുദ്ധമതത്തെ ഇല്ലാതാക്കിയ പോലെ പു
രോഹിതവര്‍ഗത്തെ ഉന്മൂലനം ചെയ്യുക. അതിലൂടെ മതം ശിഥിലീകരിക്കപ്പെടും. ശിഥിലമായ ഹൈന്ദവ സമൂഹത്തെ മതം മാറ്റാന്‍ എളുപ്പമാണ്. ഇതായിരുന്നു രീതി. ഗുരു തേജ് ബഹദൂറിനോട് ബ്രാഹ്മണരടക്കം എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികള്‍ സങ്കടം പറഞ്ഞു. സഹായാഭ്യര്‍ത്ഥന നടത്തി. അവരോട് ഗുരു ഇങ്ങനെ പറഞ്ഞു: ‘തേജ് ബഹദൂര്‍ ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കില്‍ ഞങ്ങളും മതം മാറാം എന്നു പറയുക.’ വിവരമറിഞ്ഞ ഔറംഗസീബ് തേജ് ബഹദൂറിനെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടു. മകന്‍ ഗോവിന്ദ റായിയെ പത്താമത്തെ ഗുരുവായി പ്രഖ്യാപിച്ച് മഹാഗുരു മൂന്നു ശിഷ്യരുമായി ദല്‍ഹിക്ക് പുറപ്പെട്ടു. ഇടയ്‌ക്കു വച്ച് താനയിലെ ഗവര്‍ണര്‍ ഗുരുവിനെ അറസ്റ്റ് ചെയ്ത് ചക്രവര്‍ത്തിയുടെ മുമ്പില്‍ ഹാജരാക്കി.
മതം മാറിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഗുരുവിനെ ചക്രവര്‍ത്തി ഭീഷണിപ്പെടുത്തി. എല്ലാ കാലവും ആരും ജീവിച്ചിരിക്കില്ലെന്ന് ഗുരു മറുപടി പറഞ്ഞു. എന്നാല്‍ ചില അത്ഭുതങ്ങള്‍ കാണിച്ചാല്‍ വെറുതെ വിടാമെന്ന പരിഹാസം. അത്ഭുതങ്ങള്‍ കാണിക്കാന്‍ ഈശ്വരനെ കഴിയൂ എന്ന് ബഹദൂര്‍ ശാന്തനായി പറഞ്ഞു. ഒന്നിനും വഴങ്ങാത്ത ഗുരുവിന്റെ മുമ്പില്‍ വച്ച് 1675 നവംബര്‍ 1 ന് കോത്വാളി ചത്വരത്തില്‍ കൂടെ വന്ന മൂന്നു സംന്യാസിമാരെയും ക്രൂരമായി കൊന്നു. ഭായ് മതിദാസിനെ കൈകാലുകള്‍ കെട്ടി കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു കൊന്നു. ഭായ് സതിദാസിനെ ദേഹമാസകലം തുണി ചുറ്റി കത്തിച്ചു കൊന്നു. ഭായ് ദയാല്‍ദാസിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു. ഇതു കണ്ടിട്ട് എന്തു തോന്നുന്നു എന്ന് മുസ്ലിം ചക്രവര്‍ത്തി ചോദിച്ചു. ദൈവത്തിന്റെ ഇച്ഛ അതാണെങ്കില്‍ ഞാനത് സ്വീകരിക്കുന്നു എന്ന മറുപടിയാണുണ്ടായത്. ഇത്രയൊക്കെയായിട്ടും മതം മാറാന്‍ തയ്യാറല്ലാത്ത ആ വൃദ്ധ ഗുരുവിനെ അന്നു രാത്രിതന്നെ വൈകിട്ട് ഗളഛേദം നടത്താന്‍ കുപിതനായ ചക്രവര്‍ത്തി ഉത്തരവിട്ടു. നൂറു കണക്കിന് ആള്‍ക്കാരുടെ മുമ്പില്‍ വച്ച് ഹൈന്ദവ സമൂഹത്തിന്റെ ആചാര്യനെ തലയറുത്തു കൊന്നു. (ഗുരു തേജ് ബഹാദൂര്‍-രാം സാത്തേ, പുറം 13)
അറ്റു വീണതല ആരോഏറ്റുപിടിച്ച് ഇരുട്ടില്‍ അപ്രത്യക്ഷമായി. സൈന്യം പിന്നാലെ പാഞ്ഞ തക്കത്തില്‍ ഉടലും മറ്റു ചിലര്‍ കടത്തിക്കൊണ്ടുപോയി. ശരീരം ഒരു വീട്ടിലെത്തിച്ച്, ആ വീടോടുകൂടി കത്തിച്ചു. അതാണ് ഇന്നത്തെ രകാബ് ഗഞ്ച് ഗുരുദ്വാര. ശിരസ് അനന്തപുരില്‍ കൊണ്ടുവന്ന് ദഹിപ്പിച്ചു. തുടര്‍ന്ന് ഗുരു സ്ഥാനമേറ്റ ഗോവിന്ദ റായ് എന്ന ഗുരു ഗോവിന്ദ സിംഹനാണ് ഭാരത രക്ഷയ്‌ക്കായി ഖത്സാ പന്ത് എന്ന പുതിയ പദ്ധതിയാരംഭിച്ചത്. സിഖ് സമൂഹത്തെ സൈനികവല്‍ക്കരിച്ചു. നാം ഇന്നു കാണുന്ന പ്രത്യേക വേഷവും പ്രതിജ്ഞയുമൊക്കെ മുഗളന്മാരോടു പോരാടാനും ഭാരതത്തെ സ്വതന്ത്രമാക്കാനുമായിരുന്നു. നിരന്തര പോരാട്ടത്തിനിടയില്‍ മൂത്ത മകന്‍ അജിത് സിങ് മരിച്ചു. അഞ്ചും ഏഴും വയസ്സുള്ള ഇളയ കുട്ടികളെ തടവിലാക്കി ഔറംഗസീബ് അവരോട് മതം മാറാന്‍ ആവശ്യപ്പെട്ടു. സാധ്യമല്ലെന്നു പറഞ്ഞ കുഞ്ഞുങ്ങളെ കല്ലറ കെട്ടി ശ്വാസം മുട്ടിച്ച് കൊന്നു. വിവരമറിഞ്ഞ ഗുരുവിന്റെ അമ്മ ബോധംകെട്ടു വീണു മരിച്ചു. ഖത്സയുടെ പരമാധികാര നിശ്ചയമനുസരിച്ച് മുറിവേറ്റ ഗോവിന്ദ സിംഹന് മറാത്തയിലേയ്‌ക്ക് മാറിത്താമസിക്കേണ്ടി വന്നു. നന്ദേടില്‍ വച്ച് മുഗള ചാരന്‍ ഗുല്‍ ഖാന്‍ ഗുരു ഗോവിന്ദ സിംഹനെ ചതിച്ചു കൊന്നു.
ഭാരതത്തിലെ ഏറ്റവും ശക്തമായ ഇസ്ലാമിക ഭരണത്തിന്‍ കീഴിലാണ് സമാധാനത്തിന്റെ മതം കാരുണ്യപൂര്‍വ്വം ഈ മഹാഗുരുക്കന്മാരെയും മറ്റു മൂന്നു ശിഷ്യന്മാരെയും കൊന്നത്. അവര്‍ ചെയ്ത തെറ്റ് ഭാരതീയരില്‍ ആത്മവിശ്വാസം വളര്‍ത്തിയതും ചെറുത്തു നില്‍ക്കാന്‍ പഠിപ്പിച്ചതുമായിരുന്നു. അവരുടെ ത്യാഗത്തിന്റെ ഫലമായാണ് ഭാരതം ഇന്നും ഹിന്ദുസ്ഥാനായി നിലകൊള്ളുന്നത്.
മുഗള ഭരണത്തകര്‍ച്ചയെത്തുടര്‍ന്നാണ് ഭാരതത്തില്‍ ബ്രിട്ടീഷ് ഭരണമാരംഭിച്ചത്. അതിനെതിരെ ആദ്യമായി യുദ്ധം പ്രഖ്യാപിച്ചത് ബംഗാളിലെ സന്താനങ്ങള്‍ എന്നറിയപ്പെടുന്ന സംന്യാസിസംഘമാണ്. ഒരു വ്യാഴവട്ടക്കാലം നീണ്ടു നിന്ന ആ യുദ്ധത്തില്‍ ആയിരക്കണക്കിനു സംന്യാസിമാര്‍ ജീവന്‍ ബലിയര്‍പ്പിച്ചു. പിന്നീട് സംന്യാസിമാരുടെ നേരെ തിരിഞ്ഞത് ഖിലാഫത്ത് കാലത്ത് വീണ്ടും മുസ്ലീങ്ങളാണ്. ഖിലാഫത്ത് സമര നായകനായിരുന്നു സ്വാമി ശ്രദ്ധാനന്ദന്‍. ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന അദ്ദേഹം വൈക്കം സത്യാഗ്രഹത്തില്‍ വന്നിട്ടുണ്ട്. മാപ്പിള ലഹളക്കാലത്ത് ബലമായി മതം മാറ്റപ്പെട്ടവരെ വീണ്ടും ഹിന്ദുവായി പരാവര്‍ത്തനം ചെയ്തതിന്റെ പേരിലാണ് ശ്രദ്ധാനന്ദ സ്വാമിയെ മുസ്ലീങ്ങള്‍ വെടിവച്ചു കൊന്നത്.
സ്വാതന്ത്ര്യാനന്തരം സംന്യാസിമാര്‍ക്കു നേരെ ആക്രമണം നടത്തിയത് ഭാരതത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് ക്രൈസ്തവ സഭയും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്നാണ്. ഒറീസ്സയില്‍ വനവാസികളുടെ ഇടയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലക്ഷ്മണാനന്ദ സരസ്വതിയെ സുവിശേഷപ്പടയും കമ്മ്യൂണിസ്റ്റ് തീവ്രവാദികളും ചേര്‍ന്ന് വധിക്കുകയായിരുന്നു. 2008ല്‍ എണ്‍പത്തിനാലുകാരനായ സ്വാമിജിയെയും നാലു ശിഷ്യരെയും വെടിവച്ചു കൊന്നു. അദ്ദേഹം ചെയ്ത തെറ്റ് വനവാസികള്‍ക്കു വിദ്യാഭ്യാസം നല്‍കുകയും സാംസ്‌ക്കാരികമായി ഉയര്‍ത്തുകയും മതബോധം സൃഷ്ടിക്കുകയും ചെയ്തു എന്നുള്ളതായിരുന്നു.
സംന്യാസിവേട്ടയുടെ പാരമ്പര്യം കേരളത്തില്‍ തുടര്‍ന്നു പോന്നത് കമ്മ്യൂണിസ്റ്റുകളായിരുന്നു. കണ്ണൂരില്‍ ഡിവൈഎഫ്‌ഐക്കാരനായിരുന്ന ഒരു ചെറുപ്പക്കാരന്‍ വേദാന്തം പഠിച്ചപ്പോള്‍ കമ്മ്യൂണിസം ഉപേക്ഷിച്ചു. ക്രമേണ ഒരു അവധൂതനായി മാറി. തന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്ക് അറിവും സംസ്‌ക്കാരവും പകര്‍ന്നു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതില്‍ കലിപൂണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിനു സ്വാമി എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ആശ്രമം പല തവണ ആക്രമിക്കുകയും പതിനായിരത്തിലധികം ഗ്രന്ഥങ്ങള്‍ കത്തിച്ചുകളയുകയും ചെയ്തു. പട്ടണ നടുവില്‍ വച്ച് മര്‍ദ്ദിച്ചു. അദ്ദേഹത്തിന്റെ താടിയും മുടിയും ബലമായി മുറിച്ചു.
കേരളത്തിലെ പല സ്ഥലങ്ങളിലുമുള്ള മാതാ അമൃതാനന്ദമയി ആശ്രമങ്ങളില്‍ ആക്രമണം നടത്തി കമ്മ്യൂണിസ്റ്റുകള്‍. പലയിടങ്ങളിലുമുള്ള സംന്യാസാശ്രമങ്ങള്‍ എറിഞ്ഞുതകര്‍ത്തു. അമ്മയ്‌ക്കെതിരെയും അമ്മയുടെ ആശുപത്രിക്കെതിരെയും നിരന്തരം ദുഷ്പ്രചാരണങ്ങള്‍ നടത്തി. ഇടുക്കിയില്‍ വനവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രാമാനന്ദ സ്വാമിയെ പെരുവഴിയില്‍ പിടിച്ചു നിര്‍ത്തി ആക്രമിച്ചു. വനവാസികളില്‍ ശുചിത്വബോധവും അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നല്‍കി എന്നതായിരുന്നു രാമാനന്ദ സ്വാമി ചെയ്ത തെറ്റ്.
ഇത്തരം സംന്യാസി വേട്ടയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയില്‍ നാം കണ്ടത്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ശിവസേനയും ചേര്‍ന്നാണ് സംസ്ഥാനം ഭരിക്കുന്നത്. അതില്‍ത്തന്നെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് സ്വാധീനമുള്ള ഒരേയൊരു സ്ഥലത്തു വച്ചാണ് ഈ നീചമായ കൊലപാതകങ്ങള്‍ നടന്നത്. സുശീല്‍ ഗിരി മഹാരാജ്, കല്പവൃക്ഷ ഗിരി മഹാരാജ് എന്നും പേരായ രണ്ടു സംന്യാസിമാരെയാണ് ഒരു കൂട്ടം വിപ്ലവകാരികള്‍ ഇഞ്ചിഞ്ചായി അടിച്ചു കൊന്നത്. അതിലൊരു സംന്യാസി വളരെ വൃദ്ധനാണ്. എന്നിട്ടും പോലീസിന്റെ സഹായത്തോടെ ഈ ക്രൂരത ചെയ്യാന്‍ അവര്‍ക്കു മടിയുണ്ടായില്ല. കാരണം ഇവര്‍ സംന്യാസിമാരാണ് എന്നതു തന്നെ കാരണം.
എന്തിനാണ് ഭാരതത്തില്‍ ഈ സംന്യാസി വേട്ട? ആരൊക്കെയാണ് സംന്യാസിമാരുടെ ശത്രുക്കള്‍? സംന്യാസിമാര്‍ക്ക് ആരും ശത്രുവല്ല. പിന്നെന്തിന് അവരെ ആക്രമിക്കുന്നു. കൊല്ലുന്നു? കൊന്നവര്‍ ആരൊക്കെയാണെന്നു മനസ്സിലായാല്‍ എന്തിനു കൊല്ലുന്നു എന്നു തിരിച്ചറിയാനാവും. ഭാരതത്തെ മതപരമായോ പ്രത്യയശാസ്ത്ര പരമായോ കീഴടക്കാന്‍ ആഗ്രഹിക്കുന്നവരാണ് സംന്യാസി വേട്ട നടത്തിയിട്ടുള്ളത്. അവരുടെ ലക്ഷ്യത്തിനു തടസ്സം സംന്യാസിമാരും ഗുരുക്കന്മാരുമാണ്.
ഭാരതത്തില്‍ സമൂഹത്തിന്റെ ധാര്‍മ്മിക നേതൃത്വം ഭരണാധികാരികള്‍ക്കോ നേതാക്കള്‍ക്കോ അല്ല. സര്‍വ്വസംഗപരിത്യാഗികളായ സംന്യാസിമാരാണ് എക്കാലവും നേതൃത്വത്തില്‍. അവര്‍ക്ക് സ്വാര്‍ത്ഥതയോ സ്വജനപക്ഷപാതമോ ഇല്ല, ആവശ്യവുമില്ല. ത്യാഗവും സേവനവും അവരെ മഹത്വമുള്ളവരാക്കുന്നു. സമാജത്തിന്റെ കാവല്‍ക്കാര്‍ അവരാണ്. അവരെ ഇല്ലാതാക്കുകയോ അവരോടുള്ള ആദരവു നഷ്ടപ്പെടുത്തുകയോ വേണം. എങ്കില്‍ മാത്രമെ ഹിന്ദുസ്ഥാനെ കീഴടക്കാന്‍ പറ്റൂ. കഴിഞ്ഞ ആയിരത്തി മുന്നൂറു വര്‍ഷമായി നടത്തുന്ന സംന്യാസിയാക്രമണത്തിന് ഈ ഒരു ഉദ്ദേശ്യമാണുള്ളത്. നൂറ്റാണ്ടുകള്‍ പണിയെടുത്തിട്ടും അതു വിജയിച്ചില്ല. കാരണം ഭാരതം ധര്‍മ്മഭൂമിയാണ്. ഭോഗികളോ ചക്രവര്‍ത്തിമാരോ അല്ല ഇവിടുത്തെ ആരാധനാപാത്രങ്ങള്‍. ത്യാഗികളായ സംന്യാസിമാരും ഋഷിമാരുമാണ്. ഒരാള്‍ വീണാല്‍ ആയിരം പേര്‍ എഴുന്നേല്‍ക്കും. ഒന്നിനെ വെട്ടിയോ വെടിവച്ചോ വീഴ്‌ത്തിയാല്‍ ഒരായിരം യുവയോഗികള്‍ കിളിര്‍ത്തു വരും. അത് ഈ മണ്ണിന്റെ സവിശേഷതയാണ്. അതുകൊണ്ടാണ് ലോകത്തിലെ ഇതര സംസ്‌ക്കാരങ്ങളും ജനതകളും മത-വിപ്ലവ വേലിയേറ്റങ്ങളില്‍ തകര്‍ന്നടിഞ്ഞിട്ടും ഭാരതത്തെ മാത്രം വീഴ്‌ത്താന്‍ കഴിയാത്തത്. സംന്യാസിമാരില്ലാതായാല്‍ ഒരുപക്ഷെ അതു സാധിച്ചേക്കാം എന്ന വ്യാമോഹമാണ് ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍. ഈ ശാസ്ത്രയുഗത്തിലും കൂടുതല്‍ സംന്യാസിമാരുണ്ടാകുന്നതിന്റെ രസതന്ത്രം മനസ്സിലാക്കാത്ത വിഢികള്‍ ഇനിയുമിത് ആവര്‍ത്തിക്കും. എങ്കിലും ആര്‍ഷഭൂവില്‍ കാഷായക്കാര്‍ വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: