ത്യാഗരാജസ്വാമികളുടെ ശിഷ്യരില്‍ പ്രമുഖനായിരുന്നു സംഗീതജ്ഞനും, വൈദികനും, ഗാനരചയിതാവുമായ വീണ കുപ്പയ്യര്‍ (798- 1860). ഗായകനും വൈദികനുമായിരുന്ന പിതാവ് വീണാ സാമ്പയ്യരില് നിന്നും ചിട്ടയായ പരിശീലനം നേടിയ ശേഷമാണ് അദ്ദേഹം ത്യാഗരാജസ്വാമികളുടെ ശിഷ്യനായത്.
ത്യാഗരാജസ്വാമികളുടെ ശിഷ്യത്വം നേടാന്‍ വീണ കുപ്പയ്യര്‍ പോയ കഥ കൗതുകകരമാണ്. കുപ്പയ്യരുടെ ഗാനാ ലാപനത്തില്‍ സ്വാമികള്‍ വളരെ തൃപ്തനായിരുന്നു. വീണ വാദനത്തിലും പ്രഗല്ഭനായിരുന്നു കുപ്പയ്യര്‍. സ്വാമികളെ കാണാന്‍ പുറപ്പെടുമ്പോള്‍ അദ്ദേഹം തന്റെ വീണ എടുത്തിരുന്നില്ല. ഒരിക്കല്‍ സ്വാമികള്‍ ശിഷ്യരുമൊത്ത് പുറത്തുപോയ വേളയില്‍ കുപ്പയ്യര്‍ ത്യാഗരാജ സ്വാമികളുടെ വീണമീട്ടി, അതില്‍ ലയിച്ചിരുന്നു. അത് കേട്ടുകൊണ്ടാണ് ത്യാഗരാജസ്വാമികള്‍ തിരിച്ചെത്തിയത്. വീട്ടില്‍ പ്രഗല്ഭനായ ഏതോ വീണാ വാദകന്‍ എത്തിച്ചേര്‍ന്നുവെന്ന് സ്വാമികള്‍ ധരിച്ചു. വീണ വായിച്ചുകൊണ്ടിരിക്കുന്ന കുപ്പുസ്വാമിയെ കണ്ട ത്യാഗരാജസ്വാമികള്‍ അത്ഭുതപരതന്ത്രനായി. കുപ്പയ്യര്‍ വീണവായന അവസാനിപ്പിച്ച് യഥാസ്ഥാനത്ത് വീണ ആദരവോടെ വച്ചു. ഗുരുവിനെ കണ്ട് പകച്ചു നിന്ന അദ്ദേഹം സര്‍വാപരാധവും പൊറുക്കണേ എന്ന് പറഞ്ഞ് ഗുരുവിന്റെ കാല്ക്കല്വീണു. ത്യാഗരാജസ്വാമികള്‍ അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ച് ആശ്വസിപ്പിച്ചു.
ഒരു വേണുഗോപാല ഭക്തന് കൂടിയായിരുന്നു വീണ കുപ്പയ്യര്‍. വേണുഗോപാലദാസ, ഗോപാലദാസ, വേണുഗോപാല തുടങ്ങിയ മുദ്രകള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നു. ഗുരുവായ ത്യാഗരാജ സ്വാമികളെപ്പോലെ കുപ്പയ്യരും ധാരാളം കൃതി സമുച്ചയങ്ങള്‍ രചിച്ചിട്ടുണ്ട്. കാളഹസ്തീശ പഞ്ചരത്നം, വെങ്കിടേശപഞ്ചരത്നം തുടങ്ങിയവ ഉദാഹരണം. സാളകഭൈരവി രാഗത്തിലുള്ള ‘സാമഗാനലോല’, കാംബോജി രാഗത്തിലുള്ള ‘കൊനിയാഡിന നാപൈ’, ഹംസധ്വനി രാഗത്തിലുള്ള ‘ബിരാന നന്നു ബ്രോവ ‘തുടങ്ങിയ അഞ്ചു കൃതികള്‍ അടങ്ങിയതാണ് കാളഹസ്തീശ പഞ്ചരത്നം. മുഖാരി രാഗത്തിലുള്ള ‘നന്നു ബ്രോവ’, ശങ്കരാഭരണം രാഗത്തിലുള്ള ‘ബാഗുമീറഗനു’, ദര്‍ബാര്‍ രാഗത്തില്‍ ഉള്ള ‘നിവേദിക്കനി’ തുടങ്ങിയ അഞ്ചു കൃതികളാണ് വെങ്കിടേശപഞ്ചരത്നത്തിലുള്ളത്.
ചാമുണ്ഡേശ്വരി ദേവിയെ സ്തുതിച്ചും അദ്ദേഹം ധാരാളം കൃതികള്‍ രചിച്ചിട്ടുണ്ട്. ബേഗഡ രാഗത്തിലുള്ള ‘ഇന്ത പരാകേലനമ്മ’ പ്രശസ്തവും ചിട്ടസ്വരവുമുള്ള കൃതിയാണ്. ധാരാളം വര്‍ണ്ണങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. സംഗീത കച്ചേരികളില്‍ കുപ്പയ്യരുടെ വര്‍ണ്ണങ്ങള്‍ കൂടുതലായി ആലപിച്ചു വരുന്നു. ശങ്കരാഭരണം രാഗത്തില്‍ ‘സാമി നിന്നെ കോരി’, ബേഗഡ രാഗത്തില്‍ ‘ഇന്തചലമു’, ആനന്ദഭൈരവി രാഗത്തില്‍ ‘സാമി നീ പൈ’, രീതി ഗൗള രാഗത്തില്‍ ‘വനജാക്ഷ നിന്നെ കോരി’, മോഹനരാഗത്തില്‍ ‘സരസിജാക്ഷി നിന്നെ കോരി’തുടങ്ങിയവ പ്രസിദ്ധങ്ങളാണ്. പാശ്ചാത്യ സംഗീത സമ്പ്രദായത്തിലും വയലിന് വാദനത്തിലും കുപ്പയ്യര്‍ക്ക് ഗ്രാഹ്യമുണ്ടായിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: