കോഴിക്കോട്: ലോക് ഡൗണിനിടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ കയറിയ മനോഹരന് മോറായി ലോക്ഡൗണ്‍ ലംഘിച്ചുവെന്ന് പറഞ്ഞാണ് പോലീസ് മര്‍ദ്ദിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. എന്നാല്‍, അപമാനമാകുമെന്ന് കണ്ട് സംഭവം മൂടി വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് പത്രപ്രവര്‍ത്തക യൂണിയന് നേതാക്കള്‍ സംഭവത്തില്‍ ഇടപെട്ടതോടെയാണ് വിവാദമായത്.
മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞ് അക്രഡിറ്റേഷന് കാര്‍ഡ് കാണിച്ചിട്ടും പോലീസ് മനോഹരനെ മര്‍ദ്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് കൈയാളുന്ന ആഭ്യന്തരവകുപ്പില്‍ നിന്നും സിപിഎമ്മിന്റെ പാര്‍ട്ടി പത്രത്തിന്റെ എഡിറ്ററെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ വ്യാപക അമര്‍ഷം ഉണ്ട്. എന്നാല്‍, പിണറായിയെ പേടിച്ച് ഇത് എല്ലാവരും ഉള്ളിലൊതുക്കി. നാളെ പ്രതിഷേധ ദിനം സംഘടിപ്പിക്കാമെന്ന് പത്രപ്രവര്‍ത്തക യൂണിയന് ചിലര്‍ അറിയിച്ചെങ്കിലും നടപടി പേടിച്ച് ദേശാഭിമാനിയിലെ ജീവനക്കാര്‍ എതിര്‍ക്കുകയായിരുന്നു. പ്രതിഷേധം സംഘടിപ്പിക്കുന്നതിനെതിരെ സിപിഎം ഫ്രാക്ഷന് പത്രപ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തെത്തി. ഇതോടെയാണ് ഒരു മാധ്യമങ്ങിലും ഇത് വാര്‍ത്തയാകാതിരുന്നത്. കേരള പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മനോഹരന് മോറായി.
സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വിവാദമാക്കിയതോടെ സര്‍ക്കാരിനെ സുഖിപ്പിക്കല്‍ പ്രസ്താവന പുറത്തിറക്കി കേരള പത്രപ്രവര്‍ത്തക യൂണിയന് കൈയൊഴിയുകയായിരുന്നു. സംസ്ഥാന കമ്മറ്റിക്ക് പകരം ജില്ലാ കമ്മറ്റിയാണ് പ്രസ്താവന ഇറക്കിയതെന്നുള്ളതും ശ്രദ്ധേയമാണ്.
”കേരള പത്രപ്രവര്‍ത്തക യൂണിയന് മുന്‍ ജനറല്‍ സെക്രട്ടറിയും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ മനോഹരന് മോറായിയെ മര്‍ദിച്ച പൊലിസുകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യൂണിയന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിരിക്കെയാണ് ജില്ലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ പൊലീസ് ക്രൂരമായി മര്‍ദിച്ചത്. കോവിഡ് ഭീതിക്കിടെ ജീവന് പണയം വെച്ച് വാര്‍ത്താ ശേഖരണത്തിന് ഇറങ്ങുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന് യൂണിയന് ജില്ലാ പ്രസിഡന്റ് എ.കെ. ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് ‘ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു”.
ഇതിനിടെ പോലീസിന്റെ കൈയ്യില്‍ നിന്ന് തല്ല് കിട്ടിയ മനോഹരന് മോറായി പുതിയ വിശദീകരണവുമായി രംഗത്ത് എത്തി. പോലീസില്‍ നിന്ന് ക്രൂര മര്‍ദ്ദനം, തല്ലിച്ചതയ്ക്കല്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ചെറിയ മര്‍ദ്ദനം മാത്രമാണ് ലഭിച്ചതെന്നും അദേഹം ന്യായീകരിച്ചിട്ടുണ്ട്.
മനോഹരന് ഫേസ്ബുക്കില്‍ ഇട്ട വിശദീകരണക്കുറിപ്പ്:
എനിക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായ ദുരനുഭവം അതിശയോക്തിയോടെയാണ് ചിലര്‍ കാണുന്നത്. അവര്‍ പറയന്ന പോലെ ക്രൂര മര്‍ദ്ദനം, തല്ലിച്ചതയ്ക്കല്‍ തുടങ്ങിയ അതിശയോക്തി ഒഴിവാക്കിയാല്‍ പോലും ഈ പൊലീസ് ഉദ്യോഗസ്ഥന്റെ കാടത്തം ജനാധിപത്യ വ്യവസ്ഥയില്‍ അനുവദിക്കാവുന്നതല്ല. കടയില്‍ ഉണ്ടായിരുന്ന പലര്‍ക്കും ഈ ഉദ്യോഗസ്ഥനില്‍ നിന്ന് സാരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. കുട്ടത്തില്‍ എനിക്കും. ഈ ഘട്ടത്തില്‍ ഇതൊരു പൊതുപ്രശ്നമാക്കി ഉയര്‍ത്താതിരുന്നത് കേരളാ പൊലീസിന്റെ സല്‍പേരിന് കളങ്കമുണ്ടാകരുതെന്ന സദുദ്ദേശത്തോടെയാണ്.അതു കൊണ്ടാണ് പൊലീസ് അതിക്രമം എന്ന സാമാന്യവല്‍ക്കരണത്തിനും കേസിനും മുതിരാതിരുന്നത്.
ഈ ദുരന്ത ഘട്ടത്തില്‍ സര്‍ക്കാറിന്റെ നയത്തിന് വിരുദ്ധമായി ജനങ്ങളെ തല്ലുന്ന പൊലീസ് ഉദ്യോഗന്ഥനെതിരെ ഉചിതമായ നടപടി ആവശ്യപ്പെട്ടാണ് ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല ,ഒരു പൗരനും മര്‍ദ്ദനമേറ്റു കൂട എന്നതാണ് എന്റെ പരാതിയുടെ അടിസ്ഥാനം. ഇക്കാര്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രതികരിക്കാന്‍ വൈകി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.
ഇക്കാര്യം ഞാന്‍ യൂണിയന് നേതൃത്വത്തെ അറിയിക്കാതിരുന്നത് എന്റെ വീഴ്ചയാണ്. യൂണിയന്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പരാതി അയച്ചതിനു പുറമേ എന്റെ പാര്‍ടിയുടേയും സ്ഥാപനത്തിന്റെയും ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നു. നാടിന്റെ ദുരന്ത കാലത്ത് മറ്റ് വിഷയങ്ങള്‍ അപ്രധാനം എന്നതാണ് ഇക്കാര്യത്തില്‍ എന്റെ നിലപാട്. ജന വിരുദ്ധനായ ഒരു ഉദ്യോഗസ്ഥനെ അധികാര കേന്ദ്രത്തിന് മുന്നില്‍ തുറന്നു കാട്ടേണ്ടത് എന്റെ കടമയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: